Advertisement

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനി സൗത്താഫ്രിക്കന്‍ പോര്

January 4, 2018
0 minutes Read
Freedom Series cricket

ടീം ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിന് നാളെ തുടക്കം. മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന രണ്ട് മാസത്തെ നീണ്ട പര്യടനത്തിലെ ആദ്യ ടെസ്റ്റ് നാളെ സൗത്ത് ആഫ്രിക്കയിലെ ന്യൂലാന്‍ഡ് ക്യാപ് ടൗണ്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ടീം ഇന്ത്യ തുടര്‍ച്ചയായ ഒന്‍പത് പരമ്പര നേട്ടങ്ങളുടെ മികവിലും കരുത്തിലുമാണ് സൗത്താഫ്രിക്കയെ നേരിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ആ വിജയങ്ങളൊന്നും സൗത്താഫ്രിക്കയെ പോലൊരു വമ്പന്‍ ടീമിനെ നേരിടാന്‍ സഹായിക്കുന്നതല്ല എന്ന് ടീം ഇന്ത്യക്ക് തന്നെ അറിയാം. സ്വന്തം നാട്ടില്‍ നേടിയ വിജയങ്ങളിലെ ചേരുവകള്‍ പോര സൗത്താഫ്രിക്കയെ തളക്കാന്‍. പ്രത്യേകിച്ച് മത്സരം അവരുടെ നാട്ടില്‍ കൂടിയാകുമ്പോള്‍. സ്പിന്നിനെ കൂടുതല്‍ തുണക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ നിന്ന് ഏറെ വെത്യസ്തമാണ് സൗത്താഫ്രിക്കയിലെ വേഗമേറിയ പിച്ചുകള്‍. പേസിനെ തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. അതിനാല്‍ തന്നെ ഈ മത്സരം ഇന്ത്യന്‍ ടീമിന് അഗ്നിപരീക്ഷ തന്നെയാണ്. ഫിലാന്‍ഡര്‍,സ്റ്റെയ്ന്‍,റബാഡ,മോര്‍ക്കല്‍ തുടങ്ങിയ ബൗളേഴ്‌സിന് മുന്‍പില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എത്തരത്തിലായിരിക്കും ചെറുത്തുനില്‍ക്കുക എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ടീമിന് ഈ പരമ്പര വെല്ലുവിളി ഉയര്‍ത്തുന്നത് പോലെ തന്നെയാണ് ക്യാപ്റ്റന്‍ കോലിക്കും. ബാറ്റിംങ് പിച്ചുകളില്‍ മികച്ച സ്‌കോര്‍ കണ്ടെത്താറുള്ള കോലി പലപ്പോഴും വിദേശ പിച്ചുകളില്‍ നിറം മങ്ങാറുണ്ട്. അതിനാല്‍ തന്നെ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും കോലിക്ക് ബാധ്യതകള്‍ ഏറെയാണ്. കഴിവുറ്റ ബാറ്റിംങ് നിര തന്നെയാണ് ഇന്ത്യക്കും ഉള്ളത്. മികച്ച ഫോമിലുള്ള രോഹിത് ശര്‍മ്മ,ചേതേശ്വര്‍ പൂജാര,മുരളി വിജയ് തുടങ്ങിയവര്‍ ഹോം പിച്ചുകളില്‍ പുലര്‍ത്തിയ ഫോം സൗത്താഫ്രിക്കയിലും കാഴ്ച വെച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യ വിചാരിക്കുന്നത് പോലെ നടക്കും. കുറച്ച് നാളുകളായി ഫോം കണ്ടെത്താനാകാതെ വലയുന്ന അജിങ്ക്യ രാഹാനെ മാത്രമാണ് ബാറ്റിംങ് ലൈനപ്പില്‍ ഇന്ത്യയെ വലക്കുന്നത്. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനാകാനുള്ള കഴിവ് രാഹാനെയെ വേറിട്ട് നിര്‍ത്തുന്നു.


അതേ സമയം ഇന്ത്യയുടെ ബൗളിംങ് നിരയും കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ട്. ബാറ്റ്‌സ്മാന്‍മാരെ തുണക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ കാര്യമായ പങ്ക് വഹിക്കേണ്ട ആവശ്യം ഇല്ലാതിരുന്ന ബൗളേഴ്‌സിന് സൗത്താഫ്രിക്കയില്‍ ബാറ്റ്‌സ്മാന്‍മാരെക്കാള്‍ കൂടുതല്‍ കടമകളുണ്ട്. പേസിനെ തുണക്കുന്ന പിച്ചില്‍ വേഗതയാര്‍ന്ന പന്തുകള്‍ കൊണ്ട് മികച്ച നിലവാരം പുലര്‍ത്തുന്ന സൗത്താഫ്രിക്കന്‍ ബാറ്റിംങ് നിരയെ പിടിച്ചു കെട്ടുക എന്നത് ഇന്ത്യന്‍ ബൗളേഴ്‌സിന്റെ കടമയാണ്. പേസിനെ തുണക്കുന്ന വേഗമുള്ള പിച്ച് ആയതിനാല്‍ സ്പിന്‍ ബൗളേഴ്‌സിനെ കൂടുതല്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ഇഷാന്ത് ശര്‍മ്മ, ജസ്പ്രിത് ബുംറ, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരടങ്ങിയ പേസ് ബൗളിംങ് നിരക്ക് ഈ പരമ്പരയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഭുവനേശ്വര്‍ കുമാര്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍ കോലിയുടെ തുറുപ്പ് ചീട്ട്. അതേ സമയം പരിചയ സമ്പത്തുള്ള അശ്വിന്‍, ജഡേജ തുടങ്ങിയ സ്പിന്നേഴ്‌സിനെ കോലി ആശ്രയിക്കാതിരിക്കാനും സാധ്യതയില്ല. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ആരോഗ്യനില മോശമായ ജഡേജ കളിച്ചേക്കില്ല.

വിദേശത്ത് പരിചയ സമ്പത്തുള്ളവരാണ് ഇന്ത്യന്‍ ബൗളേഴ്‌സ്. പക്ഷേ,ഡുപ്ലസിസ്, അംല, ഡികോക്ക്, ഡിവില്ലിയേഴ്‌സ് തുടങ്ങിയവരടങ്ങുന്ന സൗത്താഫ്രിക്കയുടെ ബാറ്റിംങ് നിര ശക്തമാണ്. ബാറ്റിംങിലും ബോളിങിലും ഒരു പോലെ കഴിവുള്ള കളിക്കാര്‍ ഇരു ടീമിലും അണിനിരക്കുമ്പോള്‍ പരമ്പര കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കും. ഐസിസി റാങ്കിംഗില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയും രണ്ടാം സ്ഥാനത്തുള്ള സൗത്താഫ്രിക്കയും നാളെ കൊമ്പുകോര്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് കാഴ്ചയുടെ ഉത്സവമാകും. ഏകദിന റാങ്കിംഗില്‍ സൗത്താഫ്രിക്ക ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാം സ്ഥാനത്തുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top