Advertisement

പൂരത്തിന്റെ നാട്ടില്‍ കൗമാര കലോത്സവത്തിന് ഇന്ന് കൊടിയേറ്റം ‍

January 5, 2018
0 minutes Read
youth festival

കൗമാര കലോത്സവത്തിന് ഇന്ന് തൃശ്ശൂരില്‍ കൊടിയേറ്റം. നാളെ രാവിലെ ഒമ്പത് മണിയ്ക്കാണ് ഉദ്ഘാടന ചടങ്ങ്. 58ാംമത് കലോത്സവത്തിനാണ് തൃശ്ശൂര്‍ ആതിഥ്യമരുളുന്നത്. 231 ഇനങ്ങളിലായി പതിനായിരത്തോളം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഇന്ന് രജിസ്ട്രേഷന്‍ അടക്കമുള്ളവ നടക്കും.രാവിലെ പത്ത് മണിയോടെ, ഓരോ ജില്ലകളിൽ നിന്നും മത്സരാർത്ഥികൾ കലോത്സവ നഗരിയിലേക്ക് എത്തും. കഴിഞ്ഞ തവണത്തെ കിരീട ജേതാക്കളായ കോഴിക്കോട് ടീമാണ്‌ ആദ്യം എത്തുക. തുടർന്ന് കലോത്സവത്തിന്റെ പാചകപ്പുരയിൽ പാലുകാച്ചലും കലവറ നിറയ്ക്കലും നടക്കും.

വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനം നല്‍കുന്ന സമ്പ്രദായം അവസാനിപ്പിച്ച ശേഷം നടക്കുന്ന ആദ്യത്തെ കലോത്സവമാണിത്. പകരം 80 ശതമാനം മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് എ ഗ്രേഡ് നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും ട്രോഫി നല്‍കും. കലോത്സവം അഞ്ച് ദിവസമായി ചുരുക്കിയതിനാല്‍ വേദികളുടെ എണ്ണം 24 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഓരോ വേദിക്കും കേരളത്തിലെ വിവിധ പൂക്കളുടെയും വൃക്ഷങ്ങളുടെയും ചെടികളുടെയും പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് നാളെ ചടങ്ങ് ഉദ്ഘാടനം ചെയ്യുക. കേരളീയ തനത് കലകളുടെ ദൃശ്യവിസ്മയത്തോടെയാണ് മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.

തേക്കിന്‍കാട് മൈതാനിയില്‍ മൂന്ന് വേദികളിലാണ് മുഖ്യമത്സരങ്ങള്‍.ജില്ലയിലെ 58 സംഗീതാധ്യാപകര്‍ ഒരുക്കുന്ന സ്വാഗതഗാനവും കലാമണ്ഡലത്തിന്റെ ദൃശ്യാവിഷ്കാരവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറും. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കൊപ്പം സാംസ്കാരിക രംഗത്തെ പ്രമുഖരായ കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍മാരാര്‍, കെപിഎസി ലളിത, മഞ്ജുവാര്യര്‍, പി ജയചന്ദ്രന്‍, വൈശാഖന്‍, കമല്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 10ന് മേള സമാപിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top