Advertisement

ലോക കേരളസഭ ആരംഭിച്ചു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

January 12, 2018
Google News 0 minutes Read

പ്രഥമ ലോക കേരളസഭ സമ്മേളനം നിയമസഭ മന്ദിരത്തില്‍ ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 351 പ്രതിനിധികള്‍ പങ്കെടുക്കുന്ന സഭയുടെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും പ്രവാസികളുടെ പങ്ക് ഉറപ്പാക്കുക എന്നതാണ് ലോക കേരളസഭയുടെ ലക്ഷ്യം. രാവിലെ 9.30ന് സമ്മേളന നടപടികള്‍ ആരംഭിച്ചു.ചീഫ് സെക്രട്ടറി പോള്‍ ആന്റണി സഭാരൂപീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തി. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭയുടെ പ്രാധാന്യം വിശദീകരിച്ച് സംസാരിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. സംസ്ഥാന നിയമസഭയിലെ 141 അംഗങ്ങളും 20 ലോക്സഭാംഗങ്ങളും 10 രാജ്യസഭാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 174 പേര്‍ അംഗങ്ങളാകും. കേരളീയ പ്രവാസികളെ പ്രതിനിധീകരിച്ച് 177 പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 42 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും 99 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ആറുപേര്‍ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയവരുമാണ്. വിവിധ മേഖലകളിലെ 30 പ്രമുഖ വ്യക്തികളെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍  പൗരത്വമില്ലാത്ത കേരളീയരുള്‍പ്പെടെയുള്ള ഏതാനും ആളുകളെയും ക്ഷണിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിന് നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പരിഗണിച്ചാണ് അംഗങ്ങളെ നിശ്ചയിച്ചത്. ലോക കേരളസഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയനും ഉപനേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ്.

Pinarayi vijayan CPMലോക കേരളസഭ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ വാക്കുകള്‍: 

“കേരളത്തിന്റെ വികസനത്തിന് നിർണായക പങ്ക് ലോക കേരള സഭക്ക് വഹിക്കാനാവും. ഇത് ചരിത്ര സംഭവമാണ്. ലോകമെങ്ങുമുള്ള പ്രവാസികളെ നാടുമായി ബന്ധിപ്പിക്കാനും വികസനത്തിൽ ഭാഗമാക്കാനും ഇത് വഴിത്തിരിവാകും.
സഭകൾ ജനവികാരത്തിന്റെ വേദികളാണ്. ലോകമെമ്പാടുമുള്ള പ്രവാസികളുടെ ആശയാഭിലാഷങ്ങൾ അലയടിക്കുന്നതാവണം ലോക കേരളസഭ. ഇത് അവരുടെ പൊതുവേദിയാണ്. പ്രവാസികളുടെ പ്രാവണ്യവും പ്രാഗത്ഭ്യവും കേരളത്തിനായി കൂടുതൽ ഉപയോഗപ്പെടുത്തും. ലോക കേരളസഭയുടെ മുഖ്യലക്ഷ്യം അതാണ്.
കേരളത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ വലിയ സംഭവമായി ലോക കേരള സഭ മാറും. പ്രവാസികളുടെ വലിയ ജനാധിപത്യ വേദിയാകുമിത്. ശാസ്ത്ര സാങ്കേതികവിദ്യയിലെ നേട്ടങ്ങളും പ്രയോജനപ്പെടുത്തും. ഇവയുടെയെല്ലാം
സാധ്യതാന്വേഷണ സമ്പർക്ക വേദിയാണിത്.
ലോക മലയാളിക്ക് ഒരു ജാലകം തുറന്നു നൽകുകയാണ്. പ്രവാസികൾക്ക് അർഹമായ കരുതൽ കൂടിയാണിത്. ഇവിടെ ഉയരുന്ന വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ  എം.പിമാർ തയ്യാറാകണം. വിശ്വാസ്യതയുള്ള റിക്രൂട്ട്മെൻറ് ഏജൻസികൾ ഉണ്ടാകണം. മടങ്ങി എത്തുന്നവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തണം. പ്രവാസ സമൂഹത്തിന് വ്യവസായ ബിസിനസ് രംഗത്തേക്ക് കടന്നു വരുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ക്ഷേമ പുനരധിവാസ പധതി ദേശീയ തലത്തിൽ തന്നെയുണ്ടാവണം. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിഷനുകൾക്ക് പ്രവാസി സഹകരണം ഉറപ്പാക്കും.”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here