ഹാരി പോട്ടർ തീമിൽ ഒരു പടുകൂറ്റൻ കപ്പൽ; ഇവിടെ അന്തിയുറങ്ങാൻ നിങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും !
ഹാരി പോട്ടർ എന്ന നോവലോ അതിലെ കഥാപാത്രങ്ങളോ അറിയാത്തവരായി ചുരുക്കംപേരെ കാണു. കഥ വായിച്ചില്ലെങ്കിലും സിനിമയെങ്കിലും കണ്ടിരിക്കും നമ്മിൽ ഭൂരിഭാഗവും. ഹാരി പോട്ടർ ഒരിക്കൽ കണ്ടവർക്കാർക്കും തന്നെ അതൊരു കഥ മാത്രമാണെന്ന സത്യം ഉൾക്കൊള്ളാൻ കഴിയില്ല…ഹോഗ്വാർട്‌സും, പ്രിവറ്റ് ഡ്രൈവും, ഡയഗൺ ആലിയിലെ നീളൻ വസ്ത്രങ്ങളും കൂർമ്പൻ തൊപ്പികളും മന്ത്രവടിയുമെല്ലാം വിൽക്കുന്ന കടകളുമെല്ലാം ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉണ്ടാകുമെന്ന് വിശ്വസിക്കാൻ താൽപര്യപ്പെടുന്നവരാണ് ഹാരി പോട്ടർ ആരാധകർ. അതുകൊണ്ട് തന്നെയാണ് ജൂലൈ മാസമാകുമ്പോൾ ഹാരിക്ക് ലഭിച്ചത് പോലെയുള്ള കത്ത് നമുക്കും എന്നെങ്കിലും ലഭിക്കുമെന്ന് വെറുതെയെങ്കിലും നാം കിനാവ് കാണുന്നത്…ഹാരിയുടെ മാന്ത്രിക ലോകത്ത് പോകാൻ സാധിക്കാത്തതിലുള്ള വിഷമം എന്നാൽ ഇനി മറക്കാം…കാരണം ഹാരി പോട്ടർ തീമിൽ നമുക്കായി ഒരു കപ്പൽ ഒരുങ്ങി കഴിഞ്ഞു.
ഒരു അമേരിക്കൻ കമ്പനിയാണ് ഹാരി പോട്ടർ തീമിലുള്ള കപ്പലുമായി രംഗത്തെത്തിയിരിക്കുന്നത്. തേംസ് നദിയിലൂടെ സഞ്ചരിക്കുന്ന ഈ കപ്പലിൽ നമുക്ക് താമസിക്കാം.
വിർജീനിയ വാട്ടർ, പിക്കറ്റ് പോസ്റ്റ് ക്ലോസ്, ഓക്‌സ്‌ഫോർഡ്‌സ് ക്രൈസ്റ്റ് ചർച്ച് കോളേജ്, വാർണർ ബ്രോസ് സ്റ്റുഡിയെ എന്നിങ്ങനെ ഹാരി പോട്ടർ സീരീസിലെ എട്ട് ചിത്രങ്ങളും ചിത്രീകരിച്ച ലൊക്കേഷനുകളും കാണാൻ അധികൃതർ അവസരമൊരുക്കുന്നുണ്ട്.
എന്നാൽ ഈ കപ്പലിൽ സഞ്ചരിക്കാൻ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. 4190 യുഎസ് ഡോളറാണ് കപ്പലിൽ യാത്ര ചെയ്യാൻ ചിലവാക്കേണ്ട തുക. ഏകദേശം 2,66,044 രൂപ !
എന്നിരുന്നാൽ നിരവധി പേരാണ് കപ്പലിൽ യാത്ര ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇത്ര ഭീമൻ തുക താങ്ങാൻ കഴിയാത്ത ഹാരി പോട്ടർ ആരാധകർക്ക് കപ്പൽ അകലെ നിന്നെങ്കിലും കാണണമെന്നാണ് ആഗ്രഹം.
Harry Potter Themed Cruise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here