Advertisement

ഇവരെ കരയിപ്പിച്ചാല്‍, മാപ്പില്ല

January 30, 2018
Google News 1 minute Read
Endosulfan24 image size

സെപ്റ്റംബര്‍ 22, 2016

പിണറായി വിജയന്റെ അത്യപാരമായ ആത്മവിശ്വാസത്തില്‍ നിന്നായിരുന്നു ആ ഉറപ്പ്. കേരളത്തിന്റെ വടക്കേയറ്റത്ത് നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാഥ ആരംഭിച്ചപ്പോള്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ചപ്പോള്‍ പിണറായി പ്രഖ്യാപിച്ചു.
‘ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും.പ്രാദേശികമായി തന്നെ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കും. വായ്പ്പാ തിരിച്ചടവിന് വഴി ഉറപ്പാക്കും.
endosulfan
ദുരന്തഭാരം പേറിയവര്‍ക്ക് എത്ര ആശ്വാസകരമായിരുന്നു ആ പ്രഖ്യാപനം. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിന്റെ മൂന്നാം
ഗഡു വിതരണം നടക്കവേ  അടുത്ത പ്രഖ്യാപനവും എത്തി

മാര്‍ച്ച് 30, 2017
‘സര്‍ക്കാര്‍ എപ്പോഴും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കൊപ്പമാണ്.സര്‍ക്കാരും സമൂഹവും കൂടെയുണ്ട്.

 pinarayi-vijayan-endosulfan-survivor.jpg_1336562398
ജനുവരി 30, 2018കാസര്‍ഗോഡ് നിന്ന് ഇന്നലെ  ഒരു തീവണ്ടി , നിറയെ വേദനകളുമായി തിരുവനന്തപുരത്തേക്ക് തിരിച്ചു.
ദുരിതബാധിതരും അവരുടെ കുടുംബാംഗങ്ങളും  പുലര്‍ച്ചെ തലസ്ഥാനത്ത് എത്തി.രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുചേര്‍ന്നു. അവര്‍ക്കൊപ്പം ദയാബായി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും ചേര്‍ന്നു . ‘കേരളം ഭരിക്കുന്നത് മനുഷ്യരാണോ ?’ എന്ന് ദയാബായി ചോദിക്കുമ്പോള്‍, തൊട്ടടുത്ത് ദുരിത ബാധിതയായ ഒരു പെണ്‍കുട്ടി ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശുന്നുണ്ടായിരുന്നു. അന്യന്റെ വേദനകള്‍ സ്വന്തം  വേദനയായി കരുതുന്ന കമ്യൂണിസ്റ്റുകാര്‍ കേരളം ഭരിക്കുമ്പോള്‍ ഇത് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. നിങ്ങള്‍ മനുഷ്യരാണോ എന്ന് ഭരണകൂടത്തോട് ആരും ചോദിക്കാന്‍ അവസരം ഉണ്ടാക്കിക്കൂടാ. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ഒപ്പമാണ് എന്ന് അവര്‍ക്ക് കൂടി തോന്നേണ്ടതുണ്ട്. തലസ്ഥാനത്ത് കാഴ്ചവസ്തുവായി ഇവര്‍ മാറിയാല്‍ ഓര്‍ക്കുക, അതിന്റെ പാപഭാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രീ അങ്ങേയ്ക്ക് കൂടിയാണ്.
EndoSulfan_760x400ദുരന്തം വന്ന വഴി

1976-2000 കാലഘട്ടത്തില്‍ ആണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കശുവണ്ടി തോട്ടങ്ങളില്‍ വ്യാപകമായി എന്‍ഡോസള്‍ഫാന്‍ പ്രയോഗം നടന്നത്.തലയ്ക്ക് മീതെ പറന്ന ഹെലികോപ്ടറുകള്‍ ചീറ്റിയ വിഷം ഒരു തലമുറയെ മുഴുവന്‍ മൃതപ്രായരാക്കി.2001-ലാണ് ദുരന്തതീവ്രത ലോകമറിയുന്നത്.മനുഷ്യാവകാശ കമ്മീഷനും,സംഘടനകളും ദുരന്തമുഖത്ത് എത്തി.പഠനങ്ങള്‍ നടന്നു. 2001-ല്‍ എന്‍ഡോസള്‍ഫാന്‍ രാജ്യത്ത് നിരോധിക്കുകയും ചെയ്തു.പക്ഷേ, സര്‍ക്കാര്‍ കോര്‍പ്പറേഷന്‍ വിതച്ച വിഷബീജങ്ങള്‍  ഒരു നാടിന്റെ മുഴുവന്‍ വേദനയായി ഇപ്പോഴും തുടരുന്നു.
എന്തുകൊണ്ട് സമരം ?

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ പലരും അതിന് പുറത്തായി. ഇരകളെ കൈകളില്‍ എടുത്ത് ബന്ധുക്കള്‍ ചോദിക്കുന്നു, എന്തിനാണ് തെളിവ് വേണ്ടതെന്ന്. കൊടുക്കാമെന്ന് പറഞ്ഞ നഷ്ടപരിഹാരം മുഴുവനായി ഇതുവരെ ലഭ്യമായിട്ടില്ല. പ്രാദേശികമായ മെഡിക്കല്‍ സൗകര്യം എന്ന വാഗ്ദാനവും പൂര്‍ണ്ണമായി നടപ്പിലായില്ല.ഏറെ കാത്തിരുന്നു, സര്‍ക്കാര്‍ കണ്ണ് തുറക്കുമെന്ന് പ്രതീക്ഷിച്ച്. ഒന്നുമുണ്ടായില്ല. സമരമല്ലാതെ മറ്റുവഴിയില്ല. അതിനി മരിക്കുംവരെ എങ്കില്‍, അങ്ങനെ.
സര്‍ക്കാര്‍ പറയുന്നത്
രിതബാധിതര്‍ക്ക് ഒപ്പം തന്നെ. ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് വരെ സഹായം നല്‍കി.127 പേര്‍ക്ക് ഇത്തരത്തില്‍ 1 ലക്ഷം രൂപ വീതം നല്‍കി. ഓണത്തിന് എല്ലാ ദുരിത ബാധിതര്‍ക്കും ആയിരം രൂപാ വീതം നല്‍കി. 450 കോടിയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് മറുപടിയില്ല. 110 പേര്‍ക്കായി 1 കോടി 32 ലക്ഷം രൂപ വിതരണം ചെയ്തു. ഇത്തരത്തില്‍, 56 കോടി 76 ലക്ഷം രൂപ 3,550 പേര്‍ക്കായി വിതരണം ചെയ്തു.
EndoSulfan_760x400

500 കോടി നല്‍കണമെന്ന് സുപ്രീംകോടതി
5000 ദുരിതബാധിതര്‍ക്കായി 500 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു(2017 ജനുവരി 10). മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കാനായിരുന്നു നിര്‍ദ്ദേശം. ദുരിത ബാധിതര്‍ക്കായി മെഡി. സൗകര്യം ഏര്‍പ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
സര്‍ക്കാര്‍ ചെയ്യേണ്ടത്നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണം.എവിടെയാണ് പാളിച്ചയെന്ന് കണ്ടെത്തി അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ചര്‍ച്ചയല്ല,നടപടിയാണ് വേണ്ടതെന്ന ഇവരുടെ വാക്കുകളെ മുഖവിലയ്‌ക്കെടുക്കണം. ദുരിത ബാധിതര്‍ക്കായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇവര്‍ പോലും പറയുന്നില്ല. പക്ഷേ,ഇവരുടെ കണ്ണീരിന് അറുതി വരുത്തണം. കാരണം,കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്….

പിന്‍കുറിപ്പ്
എന്തിനും ഏതിനും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പറയുന്നവര്‍ക്ക് ഒപ്പമല്ല ലേഖകന്‍.മുഖ്യമന്ത്രിയെ വ്യക്തിപരമായി ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നവരോട് യോജിക്കുന്നുമില്ല. മുഖ്യമന്ത്രിയോട് ശക്തമായി വിയോജിക്കുന്നതും വാക്കുകള്‍ ഉദ്ധരിച്ചതും  അദ്ദേഹമൊരു കമ്യൂണിസ്റ്റുകാരനായത് കൊണ്ടാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here