Advertisement

നമ്മള്‍ക്കിടയില്‍ എത്ര രഞ്ജിനിമാരുണ്ട്??

January 30, 2018
0 minutes Read

നഗരമധ്യത്തില്‍ ചോരയൊലിപ്പിച്ച് മൃതപ്രായനായി കിടന്ന മനുഷ്യജീവന് പട്ടിയുടെ വില പോലും കല്‍പ്പിച്ച് കൊടുക്കാത്ത മരവിച്ച ജനക്കൂട്ടത്തിന് മുന്നിലേക്ക് മനുഷ്യത്വത്തിന്റെ നേരിയ തുടിപ്പുമായാണ് രഞ്ജിനി രാമാനന്ദ് ഇന്നലെ കടന്ന് വന്നത്. സോഷ്യല്‍ മീഡിയയിലും, വാര്‍ത്താ ചാനലിലും ഇന്നലെ ഒരു ദിവസം കൊണ്ട് മിന്നുന്നതാരമായി മാറി രഞ്ജിനി. രഞ്ജിനിയുടെ ഇടപെടലിനെ ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രശംസിക്കുകയും ചെയ്തു. ഹൈക്കോടതിയിലെ അഭിഭാഷകയാണ് രഞ്ജിനി. മകളേയും കൊണ്ട് നഗരത്തിലെത്തിയപ്പോഴാണ് സംഭവം. കൊച്ചി പത്മാ തീയറ്ററിന് സമീപം കെട്ടിടത്തില്‍ നിന്ന് വീണയാളിനെ രക്ഷിക്കാനായി രഞ്ജിനി മുന്നോട്ട് വരുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് അവനവന്റെ വീട്ടില്‍ വച്ച് അവനവന്റെ കാര്യം മാത്രം നോക്കുന്ന മലയാളി കണ്‍കുളിര്‍ക്കെ കണ്ടത്.

ഒരാള്‍ മരണവുമായി മല്ലിടുമ്പോള്‍ അത് കാഴ്ചക്കാരായി നോക്കി നിന്ന ആ ചെറിയ ജനക്കൂട്ടം പ്രതിനിധാനം ചെയ്യുന്നത് നമ്മളെ ഓരോരുത്തരേയുമാണ്, കേരള ജനതയെ മുഴുവനായാണ്. അവനവന്റെ കാര്യം മാത്രം നോക്കി ജീവിതം സുരക്ഷിതമാക്കുന്ന, കപടതയുടെ മുഖം മൂടിയണിഞ്ഞ ഓരോ മലയാളിയുമാണ് ഇന്നലെ മരണം കാത്ത് കഴുകന്‍ കണ്ണുമായി കൊച്ചിയില്‍ പരിക്കേറ്റയാളിന് ചുറ്റും കൂടി നിന്നത്. പ്രതിമ കണക്കെ നിന്ന ആ പുരുഷാരം രഞ്ജിനി മുന്‍കൈ എടുത്ത് തുടങ്ങിയതോടെയാണ് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ മുന്നോട്ട് വന്നത് പോലും. അത് വരെ എവിടെ പോയി ഒളിച്ചിരിക്കുകയായിരുന്നു അവിടെ കൂടി നിന്നവരുടെ നിന്നവരുടെ മനുഷ്യത്വം?? മലയാളികള്‍ക്ക് ഇന്ന് രഞ്ജിനി സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ അഭിമാന സ്തംഭവവും, അന്യം നിന്ന് പോകുന്ന മനസാക്ഷിയുടെയും സഹതാപത്തിന്റേയും നേര്‍രൂപമൊക്കെയാണ്. ചോദ്യം ഒന്നാണ്. അവിടെ എവിടെയാണ് നിങ്ങള്‍ നിങ്ങളെ കണ്ടത്? കല്‍രൂപങ്ങളായി നിന്ന മനുഷ്യ ബിംബങ്ങളിലോ, അതോ സഹജീവിയോട് സഹാനുഭൂതിയുമായി മുന്നോട്ട് വന്ന രഞ്ജിനിയിലോ? ഒരു കാര്യം ഉറപ്പാണ് നമ്മളില്‍ രഞ്ജിനിമാര്‍ കുറവാണ്.

ഇരുപത് മിനുറ്റാണ് ഏത് നിമഷവും ജീവന്‍ അറ്റുപോകാവുന്ന നിലയില്‍ തലപൊട്ടി ചോരയൊലിപ്പിച്ച് ആ മനുഷ്യന്‍ ആരോഗ്യവും അന്തസ്സുമുള്ള ഒരു കൂട്ടത്തിന് മുന്നില്‍ കിടന്ന് പിടഞ്ഞത്. മലയാളികളുടെ വിവരത്തേയും സാമാന്യ ബോധത്തേയും ബുദ്ധിയുമൊക്കെ സ്വയം പ്രശംസിക്കുമ്പോള്‍ ഇനി മുതല്‍ ഇതും കൂടി ഓര്‍ത്താല്‍ നന്ന്. സഹജീവിയോട് സഹാനുഭൂതിയില്ലാത്ത ജീവനും ജീവിതവും കല്ലിന് സമമാണ്.

ഒരു ജീവന്‍ രക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് വന്നതെന്ന് രഞ്ജിനി പറയുന്നു. അയാളെ എടുത്ത് പൊക്കാന്‍ എന്നെക്കൊണ്ട് സാധിക്കില്ലായിരുന്നു, എന്നാല്‍ അയാളെ എങ്ങനെയെങ്കിലും ആശുപത്രിയില്‍എത്തിക്കണമെന്ന് വിചാരിച്ചാണ് സഹായം അഭ്യര്‍ത്ഥിച്ചതെന്നാണ് രഞ്ജിനി പ്രതികരിച്ചത്. ആശ്വസിക്കാന്‍ വകയുണ്ട് ഒരു ജീവന് വില നല്‍കുന്ന രഞ്ജിനിയെ പോലെ,  മാൻഹോളിൽ പെട്ടുപോയ തൊഴിലാളിയെ രക്ഷിക്കാൻ മരണത്തിലേക്ക് ഇറങ്ങിപ്പോയ കോഴിക്കോട്ടെ നൗഷാദിനെ പോലെ ചിലരെങ്കിലും നമുക്കിടയില്‍ അണയാതെ കിടപ്പുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top