Advertisement

166 റൺസ് വിജയലക്ഷ്യം മറികടക്കാൻ വേണ്ടിവന്നത് വെറും 9.4 ഓവർ; ഞെട്ടിച്ച് ഹൈദരാബാദ്

May 8, 2024
1 minute Read
srh won lsg ipl

ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ അവിശ്വസനീയ വിജയവുമായി സൺറൈസേഴ്സ് ഹൈദരാവബാദ്. ലക്നൗ മുന്നോട്ടുവച്ച 166 റൺസ് വിജയലക്ഷ്യം വെറും 9.4 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഹൈദരാബാദ് മറികടന്നു. 30 പന്തിൽ 89 റൺസ് നേടിയ ട്രാവിസ് ഹെഡും 28 പന്തിൽ 75 റൺസ് നേടിയ അഭിഷേക് ശർമ്മയും ഹൈദരാബാദിൻ്റെ ജയം വളരെ അനായാസമാക്കി. ഹൈദരാബാദിൻ്റെ ജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്തായി.

വലിയ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ലക്നൗ ബാറ്റർമാർ കെട്ടിപ്പൊക്കിയ സ്കോറാണ് ഹൈദരാബാദ് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ മറികടന്നത്. ക്വിൻ്റൺ ഡികോക്ക് (2), മാർക്കസ് സ്റ്റോയിനിസ് (3) എന്നിവർ ഭുവനേശ്വർ കുമാറിന് വിക്കറ്റ് സമ്മാനിച്ച് വേഗം മടങ്ങിയതോടെ കെഎൽ രാഹുൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു. പൊതുവെ പവർപ്ലേയിലെ നെഗറ്റീവ് ബാറ്റിംഗിൽ പഴികേൾക്കാറുള്ള രാഹുൽ 10ആം ഓവറിൽ കമ്മിൻസിൻ്റെ ഇരയായി മടങ്ങുമ്പോൾ നേടിയത് 33 പന്തിൽ 29 റൺസ്.

നാലാം നമ്പറിൽ ക്രുണാൽ പാണ്ഡ്യ (21 പന്തിൽ 24) ഭേദപ്പെട്ട ഇന്നിംഗ്സ് കളിച്ച് റണ്ണൗട്ടായി. അഞ്ചാം വിക്കറ്റിലെ ആയുഷ് ബദോനി- നിക്കോളാസ് പൂരാൻ അപരാജിത കൂട്ടുകെട്ടാണ് ലക്നൗവിനെ മാന്യമായ സ്കോറിലെത്തിച്ചത്. 11.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എന്ന നിലയിൽ ഒത്തുചേർന്ന സഖ്യം 99 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിൽ പങ്കാളികളായി. 28 പന്തിൽ ഫിഫ്റ്റി തികച്ച ബദോനി 30 പന്തിൽ 55 റൺസ് നേടിയും പൂരാൻ 26 പന്തിൽ 48 റൺസ് നേടിയും പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിൽ തുടക്കം മുതൽ മത്സരിച്ചടിച്ച ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും അനായാസം വിജയലക്ഷ്യത്തിലെത്തി. കൃഷ്ണപ്പ ഗൗതമിൻ്റെ ആദ്യ ഓവറിൽ 8 റൺസ് മാത്രമേ അവർ സ്കോർ ചെയ്തുള്ളൂ. പിന്നീടുള്ള ഓവറുകളിൽ യഥാക്രമം 17, 22, 17, 23, 20, 19, 17, 14, 10ആം ഓവറിലെ നാല് പന്തിൽ 11 റൺസ് എന്നിങ്ങനെയാണ് ഹൈദരാബാദ് സ്കോർ ചെയ്തത്. ഇതിനിടെ 16 പന്തിൽ ഹെഡും 19 അഭിഷേക് ശർമ്മയും ഫിഫ്റ്റി തികച്ചു. ആദ്യ പവർപ്ലേയിൽ 107 റൺസാണ് അവർ അടിച്ചുകൂട്ടിയത്.

Story Highlights: srh won lsg ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top