‘ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രം’: കേന്ദ്ര ബജറ്റിന് പരക്കെ വിമര്‍ശനം

ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും ശിവസേനയും രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് മാത്രം നടത്തിയ ബജറ്റാണിതെന്ന് ഇരു പാര്‍ട്ടികളും വിമര്‍ശിച്ചു. കാര്ഷകരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രത്യേക മമത കാണിച്ച് ബജറ്റ് ഒരുക്കിയത് വോട്ട് രാഷ്ട്രീയത്തെ മുന്നില്‍ കണ്ടുകൊണ്ട് മാത്രമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അനവസരത്തില്‍ നടത്തുന്ന വാചകമടിയാണ് ബജറ്റില്‍ നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നിശിതമായി വിമര്‍ശിച്ചു. ധനമന്ത്രി ധനകാര്യനിയന്ത്രണ പരീക്ഷയിൽ പരാജയപ്പെട്ടെന്നും ഈ പരാജയം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ ബജറ്റിനോടുള്ള പ്രതികരണമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ഭരണത്തില്‍ കിട്ടികൊണ്ടിരിക്കുന്ന തിരിച്ചടികള്‍ കാരണം ഇത്തരത്തിലൊരു ബജറ്റ് ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായതാണെന്നും ശിവസേനയും കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here