പാറ്റൂര്‍ കേസ് റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിചേര്‍ക്കപ്പെട്ടിരുന്ന പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ അടക്കമുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സുപ്രധാന കേസായിരുന്നു പാറ്റൂര്‍ ഭൂമി ഇടപാട് കേസ്. കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതോടെ കേസിലുള്ള വിജിലന്‍സ് അന്വേഷണം റദ്ദായി. വിജിലന്‍സ് എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ വിധിയിൽ കോടതി രൂക്ഷമായി വിമർശിച്ചു ജേക്കബ് തോമസിന്റെ തോന്നലുകളിൽ നിന്ന് ഉത്ഭവിച്ചതാണ് കേസെന്ന് കോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിന്റെ നടപടികൾ കോടതിയലക്ഷ്യമാണെന്നും നടപടിയിലേക്ക് കടക്കാതെ വിട്ടുകളയുകയാണെന്നും ജസ്റ്റിസ് എബ്രഹാം മാത്യു ഉത്തരവിൽ വ്യക്തമാക്കി . ലോകായുക്തയിൽ കേസ് നിലവിലിരിക്കെ ഒന്നര വർഷം കഴിഞ്ഞ് ജേക്കബ് തോമസ് ഒരു സുപ്രഭാതത്തിൽ കേസെടുത്തത് എന്ത് വെളിപാടിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പാറ്റൂർ ഭൂമിയുടെ ഭൂപതിവു രേഖ വ്യാജമാന്നെന്ന് റിപ്പോർട് നൽകിയ ജേക്കബ് തോമസ് അത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയില്ല. റിപ്പോർട് നൽകാമെന്ന് കോടതിയിൽ പറഞ്ഞ ജേക്കബ് തോമസ് പിന്നീട് ഒഴിഞ്ഞുമാറി . കോടതിയുടെ പരിഗണനയിരിക്കുന്ന കേസിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായം പറഞ്ഞത് കോടതിയലക്ഷ്യമാണെങ്കിലും നടപടി യിലേക്ക് കടക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാട്ടർ അതോറിറ്റിയുടെ പൈപ്പ് നീക്കം ചെയ്ത പാറ്റൂരിലെ
15 സെന്റ് ഭൂമി ആർ ടെക് എന്ന ഫ്ലാറ്റ് നിർമാണ കമ്പനിക്ക് കൈമാറിയതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടായെന്നും ഫ്ലാറ്റുടമക്ക് 30 കോടിയുടെ അനധികൃത സാമ്പത്തിക നേട്ടമുണ്ടായെന്നുമാണ് വിജിലന്സ്
കേസ്. ഉമ്മൻ ചാണ്ടിയും മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും ഗൂഡാലോചന നടത്തിയാണ് പൈപ്പ് ലൈൻ മാറ്റിയിട്ടതെന്നും വിജിലൻസ് ചൂണ്ടിക്കാട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here