ഏതു കാലത്തും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഗൃഹാതുരത്വത്തിന്റെ ചെറുമിഴിപ്പൊടിപ്പുകൾ തീർക്കും ക്യാപ്റ്റൻ

– എംഎസ് ലാൽ
അടിച്ച ഗോളുകളേക്കാൾ ഡിഫൻഡർമാർ തടുത്തിട്ട ഗോളുകളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് ക്യാപ്റ്റൻ സത്യൻ പറയുന്നു. തന്നെ മറികടക്കാനാകാത്ത സ്ട്രൈക്കറുടെ പന്താണ് ഒരു ഡിഫൻററുടെ ആത്മാഭിമാനം. ആയിരക്കണക്കിന് ഗോൾ പന്തുകളെ നേർക്കുനേർ നിന്ന് പ്രതിരോധിച്ച സത്യൻ അറിഞ്ഞു കൊണ്ട് തന്റെ പുറകിലേക്ക് ഒരു ഗോളും കടത്തിവിട്ടില്ല. എന്നിട്ടും വിഷാദത്തിന്റെ കൊടും മഴക്കാലത്ത് സത്യന്റെ പ്രതിരോധത്തെയും ഭേദിച്ചു കൊണ്ട് പോയ തീവണ്ടി സത്യൻ അറിഞ്ഞനുവദിച്ച ഏക ഗോളായിരിക്കണം. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്റ്റോപ്പർ ബാക്ക് ക്യാപ്റ്റൻ വി.പി. സത്യനെ ഫുട്ബോൾ സ്നേഹ ജീവിതങ്ങൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നത്.
സത്യന്റെ സിനിമ സത്യത്തിൽ ഒരു കളർ ചിത്രമല്ല. ഒരു പന്തിനേയും ലക്ഷ്യത്തിൽ തൊടാൻ അനുവദിക്കാത്ത കരിങ്കല്ലുപോൽ മനസ്സുള്ള ഒരു ഡിഫൻഡറുടെ സിനിമയാണ്. പക്ഷെ കളത്തിന് പുറത്ത് ആ കളിക്കാരന്റെ തൊണ്ടയിടറുന്നതിനൊപ്പം നമ്മെയും നനയിപ്പിക്കും സിനിമ. തൊണ്ണൂറുകളിൽ കേരള പോലീസും ഫെഡറേഷൻ കപ്പുമൊക്കെ അത്രമേൽ ആവേശപൂർവ്വം ഹൃദയത്തിൽ ചന്തം ചാർത്തിയ കാൽപ്പന്തിന്റെ കാലം. സത്യനും പാപ്പച്ചനും വിജയനും ചാക്കോയുമൊക്കെ കളിക്കുന്നത് കണ്ട അത്രയൊന്നും പഴയതല്ലാത്ത ചില ഓർമ്മകൾ തികട്ടിയെടുപ്പിക്കുന്നുണ്ട് ‘ക്യാപ്റ്റൻ’.
പക്ഷെ കളിയുടെ രസക്കൂട്ടൊരുക്കുന്നതിനും അക്കാലത്തെ ഫുട്ബോൾ പരിസരം പുന:സൃഷ്ടിക്കുന്നതിനു പകരം പരിക്കുകൾ കളത്തിന് പുറത്തേക്ക് പറിച്ചിട്ട ഒരു കളിക്കാരന്റെ ശൂന്യതാബാധയെ അഭിമുഖീകരിക്കുന്നതിനാണ് സംവിധായകൻ കൂടുതൽ ശ്രമിച്ചിരിക്കുന്നത്. സാധാരണ കായികസിനിമകൾ ആവേശം കൊള്ളിക്കുന്നതു പോലെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമ പ്രതീക്ഷിച്ച് കയറുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തില്ല ക്യാപ്റ്റൻ. എന്നാൽ കളത്തിനകത്തേക്കാൾ പുറത്ത് ഒരു കളിക്കാരന്റെ ആത്മസംഘർഷവും ഒറ്റപ്പെടലും ചിത്രീകരിക്കുമ്പോഴും അക്കാര്യത്തിൽ സംവിധായകൻ പൂർണ്ണമായും ലക്ഷ്യത്തിലെത്തുന്നില്ല.
വർഷങ്ങൾ സ്റ്റേഡിയത്തിലെ കാണികളുടെ ആരവങ്ങൾക്കൊപ്പം സ്വയം മറന്ന് കളിച്ചിട്ടും കളിക്കളത്തിന് പുറത്ത് ഒരാളെക്കൊണ്ട് പോലും ഐഡന്റിഫൈ ചെയ്യപ്പെടാതെ പോകുന്ന ബ്ലാക്ക് & വൈറ്റ് ചിത്രമാണ് പലപ്പോഴും പഴയ ഫുട്ബോൾ ജീവിതങ്ങൾ. അന്നും സത്യനും ഷറഫലിക്കും വേണ്ടി കേരളത്തിൽ കൈയ്യടിക്കയും പന്തയം വെയ്ക്കുകയും ചെയ്തവർ നെഹ്‌റു കപ്പ് വരുമ്പോൾ ഹംഗറി നമ്മുടെ പോസ്റ്റിൽ ഇരുപതെണ്ണം അടിച്ചുവോയെന്ന് പരിഹസിക്കും. കെ.ടി. ചാക്കോ ഗോൾ തിന്നു മരിച്ചെന്ന് പുച്ഛിക്കും.
സന്തോഷ് ട്രോഫി ജയിച്ചതിനും അവധിയോയെന്ന് പരിതപിച്ച് അവധി ആഘോഷമാക്കും. കേരള പോലീസ് ഫെഡറേഷൻ കപ്പെടുക്കുമ്പോൾ സേനയുടെ അഭിമാനമായി മെഡൽ ചാർത്തിയ പോലീസ് ഔന്നത്യങ്ങൾ പോലീസ് കേന്ദ്രങ്ങളിൽ എത്തുമ്പോൾ സ്‌പോർട്സ് ക്വാട്ടയിലെ ഫലിതബിന്ദുവാക്കി പീഢിപ്പിക്കും. ഒടുവിൽ ജീവിതവും കളിയും പരസ്പരം ചേരാതെ വരുമ്പോൾ കൽക്കട്ടയുടെ ഫുട്ബോൾ മഹാപ്രഞ്ചത്തിലേക്ക് ബഗാനിൽ നിന്നോ മുഹമ്മദൻസിൽ നിന്നോ ഒക്കെ ഒരു വിളി കിട്ടിയാൽ ജീവിതവും കളിയും പടുക്കാൻ തീവണ്ടി കയറിയ കളിക്കാരൻ മലയാളി യാൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ട നന്ദിയില്ലാത്ത അഹങ്കാരി മാത്രമാകും.
ഫുട്ബോളുമായി ബന്ധപ്പെട്ട അക്കാലത്തെ അത്തരം വിഷയങ്ങളെയൊക്കെ കാര്യമായി അഭിസംബോധന ചെയ്യാതെ സത്യന്റെ ഫുട്ബോളിനോടുണ്ടായിരുന്ന അതിരു കടന്ന പാഷനും വിരമിക്കൽ എന്ന അനിവാര്യതയെ പോലും ഉൾക്കൊള്ളാനാകാത്ത മനസ്സുമാണ് സിനിമ കാണിച്ചു തരുന്നത്. സത്യത്തിൽ വി.പി. സത്യനെ സ്നേഹിച്ചിരുന്നവർക്ക്, അന്നത്തെ ദൂരദർശനിൽ സന്തോഷ് ട്രോഫി കണ്ടവർക്ക്, സർവ്വോപരി ഏതു കാലത്തും ഫുട്ബോളിനെ സ്നേഹിക്കുന്നവർക്ക് ഗൃഹാതുരത്വത്തിന്റെ ചെറുമിഴിപ്പൊടിപ്പുകൾ തീർക്കും ക്യാപ്റ്റൻ!
പുതുമുഖമാണെങ്കിലും സിനിമയുടെ ദൃശ്യഭാഷയിൽ വശക്കേടൊന്നും കാണിക്കുന്നില്ല സംവിധായകൻ പ്രജേഷ് ജി സെൻ. സത്യന്റെ ആത്മസംഘർഷങ്ങൾക്കൊപ്പം തന്റേതായ നിലയിൽ കുറച്ചു കൂടി സംഘർഷങ്ങൾ അമിതമായി ചേർത്തഭിനയിക്കുന്നുണ്ടെങ്കിലും കളിക്കാരനെന്ന നിലയിൽ സത്യനെ ജയസൂര്യ ഉൾക്കൊണ്ടഭിനയിച്ചിട്ടുണ്ട്. നിലവിൽ സത്യന്റെ ഫുട്ബോൾ കാണികൾക്കപ്പുറം ഏറ്റവും അടുത്ത ജീവിച്ചിരിക്കുന്ന അവകാശിയായ ഭാര്യ അനിതയായി അനുസിതാരയ്ക്ക് അഭിനയിക്കാൻ വെല്ലുവിളിയൊന്നും ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ.
ഫുട്ബോൾ മറ്റെന്തിനേക്കാളും ജീവത്സ്പന്ദനമായി നെഞ്ചേറ്റുന്ന മലബാറിലെ കളിക്കമ്പം സിദ്ധിഖിന്റെ വേഷത്തിൽ അനുഭവിപ്പിക്കുന്നുണ്ട് സംവിധായകൻ. ഗോപി സുന്ദറിന്റെ സംഗീതവും വാണി ജയറാമിന്റെ ശബ്ദവുമൊക്കെ ആർക്കും ഇഷ്ടമാകാതിരിക്കാൻ വഴിയില്ല. സത്യൻ എന്ന ഫുട്ബോൾ ലെജൻറിനു മേൽ മാത്രം ക്യാമറ വെപ്പിച്ച സംവിധായകൻ മറ്റു കളിക്കാരെ പാടെ മറന്ന പോലുണ്ട്. ഗോവക്കാരും ബംഗാളുകാരുമൊക്കെ നാം പണ്ട് കണ്ട കളിക്കാരുടെ ജേഴ്സി ഫിഗറുകളായി ചേരാതെ നില്ക്കുന്ന പോലുണ്ട്. കൊറിയക്കാർ ഇറ്റലിക്കാരെ പ്പോലെയും ! അത്രയേറെ വിമർശന വിധേയമല്ലാത്ത മൈനർ പിഴവുകളേക്കാൾ ഫുട്ബോൾ എന്ന വികാരം കളത്തിന് പുറത്തു പോയിട്ടും നെഞ്ചിൽ പന്ത് ചേർത്ത പോലെ തിയറ്ററിൽ നിന്നും പ്രേക്ഷകന്റെയൊപ്പം കൂടെപ്പോരുന്നു.
പത്ത് വട്ടം ഇന്ത്യൻ ക്യാപ്റ്റൻ. ഇന്ത്യയെ നൂറിൽ താഴെ റാങ്കിലെത്തിച്ച ക്യാപ്റ്റൻ. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളർ. കൂടുതൽ നേടാനുള്ള പ്രായവും കായിക ശേഷിയും തീർന്ന് അനിവാര്യമായ ഘട്ടത്തിൽ പിന്നെന്ത് കൊണ്ടാകണം സത്യൻ അത്രമാത്രം വിഷാദത്തിലേയ്ക്ക് വീണു പോയതെന്ന ചോദ്യവും ഒരു വേള ബാക്കി വെയ്ക്കുന്നുണ്ട് ‘ ക്യാപ്റ്റൻ’!
captain movie review
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here