ഞാന്‍ മുസ്ലീം ആണ്, മുസ്ലീം ആയി ജീവിക്കാന്‍ എന്നെ അനുവദിക്കണം; ഹാദിയ

താന്‍ മുസ്ലീം ആണെന്നും മുസ്ലീം ആയി ജീവിക്കാന്‍ തന്നെ അനുവദിക്കണമെന്നും ഹാദിയ സൂപ്രീം കോടതിയില്‍ പറഞ്ഞു. ഭര്‍ത്താവ് ഷെഫിന് ജഹാനൊപ്പം താമസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും താന്‍ നേരിട്ട പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും ഹാദിയ കോടതിയില്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.
നിരവധി ദിവസങ്ങള്‍ താന്‍ വീട്ടുതടങ്കലിലായിരുന്നു. ഐഎസ് ബന്ധമുണ്ടെന്നും മാനസിക നില ശരിയല്ലെന്നും പലരും തന്നെക്കുറിച്ച് പ്രചാരണം നടത്തി. പിന്നീട്, ഭീകര ബന്ധമുണ്ടെന്ന മട്ടിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്നോട് പെരുമാറിയത്. അതിനാല്‍ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും താന്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് പരിഹാരം നല്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് കോടതി നിര്‍ദേശിക്കണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.
വിവാഹദത്തെക്കുറിച്ച് ഹാദിയ സ്വതന്ത്രമായി തീരുമാനിക്കട്ടെയെന്ന നിരീക്ഷണത്തോടെ സുപ്രീം കോടതി ഹാദിയയുടെ നിലപാട് ആരാഞ്ഞിരുന്നു. കോയമ്പത്തൂരിലെ മെഡിക്കൽ കോളജിലെത്തി ഹാദിയയുടെ നിലപാട് കേട്ട ശേഷമാണ് അഭിഭാഷകൻ സത്യവാങ് മൂലം സമർപ്പിച്ചത്. വ്യാഴാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് ഹാദിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here