Advertisement

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം

February 20, 2018
Google News 1 minute Read
kudumbasree

കേരളത്തനിമയും ഗൃഹാതുരത്വവും നിറയുന്ന കുടുംബശ്രീയുടെ ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം. കുടുംബശ്രീ ബസാര്‍ ഡോട്ട്.കോം എന്ന പേരില്‍ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ് കുടുംബശ്രീ. പദ്ധതി ഉടന്‍ നടപ്പാക്കും.

കുടുംബശ്രീ ഉല്‍പന്നങ്ങളുടെ സ്വീകാര്യതയും വിപണനവും വര്‍ധിപ്പിക്കുക എന്നതു ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് കടക്കുന്നത്. സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 15000 ലേറെ സൂക്ഷ്മസംരംഭങ്ങളാണ് നിലവിലുള്ളത്. വിവിധ തരം കറി പൗഡറുകള്‍, ധാന്യപ്പൊടികള്‍, മസാലകള്‍, വിവിധ തരം അച്ചാറുകള്‍, ജാമുകള്‍, സ്ക്വാഷുകള്‍, വെളിച്ചെണ്ണ, കരകൗശല വസ്തുക്കള്‍, കോസ്മെറ്റിക്സ്, ടോയ്ലെറ്ററീസ്, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയെല്ലാം കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍ നിന്നും മികച്ച ഗുണനിലവാരവും അതോടൊപ്പം ലേബലിങ്ങ്, പായ്ക്കിങ്ങ് എന്നിവയില്‍ പുതുമയും ആകര്‍ഷണീയതയും നിലനിര്‍ത്തുന്ന ഇരുനൂറോളം ഉല്‍പന്നങ്ങളാണ് ആദ്യഘട്ടമെന്ന നിലയ്ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാകുക. ഉല്‍പന്നങ്ങളുടെ സ്വീകാര്യതയേറുന്ന മുറയ്ക്ക് കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള അവസരമൊരുക്കും. ഇതോടൊപ്പം കുടുംബശ്രീ വനിതകള്‍ക്ക് കൂടുതല്‍ വരുമാനവും ഉറപ്പാക്കാന്‍ സാധിക്കും.

വിപണനത്തിനു തയ്യാറായിട്ടുള്ള എല്ലാ ഉല്‍പന്നങ്ങളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, യൂണിറ്റിന്‍റെ പേര്, ഫോണ്‍നമ്പര്‍ എന്നിവയും വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കുന്നതിനായി ഇതില്‍ ക്ളിക്ക് ചെയ്യുമ്പോള്‍ തന്നെ അതുമായി ബന്ധപ്പെട്ട സംരംഭകര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ സംസ്ഥാനമിഷന്‍ മാനേജര്‍ എന്നിവര്‍ക്ക് മെസേജ് ലഭിക്കും. ഓര്‍ഡര്‍ കിട്ടിയാല്‍ ഉല്‍പന്നങ്ങള്‍ പോസ്റ്റ് ഓഫീസ് വഴി ഉപഭോക്താവിന് സുരക്ഷിതമായി എത്തിച്ചു കൊടുക്കാനുള്ള ചുമതല അതത് സംരംഭകര്‍ക്കാണ്. ഇതിനായി കുടുംബശ്രീയും തപാല്‍ വിഭാഗവുമായി കരാറും ഒപ്പു വച്ചിട്ടുണ്ട്. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങും വിപണനവും കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍ കൂടി ഉടന്‍ ആരംഭിക്കുന്നതോടെ ഓണ്‍ലൈന്‍ വ്യാപാരത്തിന്‍റെ മേല്‍നോട്ടവും ചുമതലയും ഈ കേന്ദ്രങ്ങള്‍ വഴി നടത്താനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷനാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭ്യമാക്കിയത്.

kudumbasree

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here