Advertisement

പ്രൈവറ്റ് ബസ്സുകാരെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

February 20, 2018
Google News 1 minute Read

അഞ്ച് ദിവസം മുമ്പ് വരെ ഈ പ്രൈവറ്റ് ബസ്സുകാര്‍ നാട്ടുകാരുടെ ബുദ്ധിമുട്ട് കണ്ടില്ലായിരുന്നോ? സമരം തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞപ്പോഴാണോ ഇവര്‍ നാട്ടുകാരുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞത്. ഇത് അടവാണ്. സമരം പൊളിയുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള സൈക്കോളജിക്കല്‍ മൂവ്. സോഷ്യല്‍ മീഡിയയിലും അല്ലാതെയും പ്രൈവറ്റ് ബസ് സമരം പിന്‍വലിച്ചതിന് വരുന്ന പ്രതികരണങ്ങളില്‍ ഒന്ന് മാത്രമാണിത്. സമരം ഒത്ത് തീര്‍ന്നതല്ല, അക്ഷരാര്‍ത്ഥത്തില്‍ അത് പൊട്ടിപ്പാളീസായത് തന്നെയാണ്.  അല്ലെങ്കില്‍ ഒരു ഉറപ്പ് പോലും സര്‍ക്കാറില്‍ നിന്ന് ലഭിക്കാതെ ഉടമകള്‍ സമരം അവസാനിപ്പിക്കുന്നത് എങ്ങനെ??
ഭിന്നത തുടക്കം മുതലേ
യഥാര്‍ത്ഥത്തില്‍ സമരം തുടങ്ങി മൂന്നാം ദിവസം മുതല്‍ സമരക്കാര്‍ തമ്മില്‍ ഭിന്നതയുണ്ടായിരുന്നു, അത് മറ നീക്കി പുറത്ത് വന്നതുമാണ്. തൊടുപുഴയിലും, തിരുവനന്തപുരത്തും, കൊല്ലത്തും ചില ബസ്സുകള്‍ സര്‍വ്വീസും നടത്തി. ജനങ്ങളുടെ ബുദ്ധിമുട്ട് ‘മനസിലാക്കിയ’ഇപ്പറഞ്ഞ സമരാനുകൂലികള്‍ തന്നെയാണ് ഇന്നലെ കൊല്ലത്തെ നിരത്തിലിറങ്ങിയ പ്രൈവറ്റ് ബസിന്റെ ചില്ല് എറിഞ്ഞുടച്ചത്. ഇവരുടെയെല്ലാം മനസിന്  നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോഴേക്കും എന്ത് പറ്റി?? പൊതുജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിയാന്‍ ഈ അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്ത് കഴിവാണ് ഇവര്‍ക്ക് പ്രത്യേകമായി ലഭിച്ചത്?  ഇനി ഒരു ദിവസം പോലും സമരം മുന്നോട്ട് പോകില്ലെന്ന് തിരിച്ചറിഞ്ഞ ബസ്സുടമകള്‍ നടത്തിയ പൊറാട്ട് നാടകത്തിലെ ഡയലോഗാണ് തലസ്ഥാനത്ത് ബസ്സുടമകള്‍ മീഡിയയ്ക്ക് മുന്നില്‍ തുറന്ന് പറഞ്ഞത്.

ജനകീയ യാത്ര 
സമരം തുടരുമ്പോള്‍  പൈസ കൂട്ടിയാലും ബസ് നിരത്തിലിറങ്ങിയാല്‍ മതിയെന്ന ഒരു ജനവികാരം ജനങ്ങളില്‍ ഉണ്ടാകുമെന്നായിരുന്നു ബസ്സുടമകളുടെ ധാരണ. എന്നാല്‍ ജനകീയ യാത്രയുടെ ഒരു പുതിയ മുഖമാണ് ഇക്കഴിഞ്ഞ അഞ്ച് ദിവസവും കേരളത്തില്‍ കണ്ടത്. സര്‍ക്കാര്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വിശ്രമമില്ലാതെ ഓടിച്ചത്  വലിയ ഒരു അളവ് വരെ ജനങ്ങള്‍ക്ക് സഹായകമായി.

ഫുട്ബോഡില്‍ യാത്ര ചെയ്യുമ്പോഴും കഴിയുന്നിടത്തോളം യാത്രക്കാരെ കയറ്റാനുള്ള ബസിലെ യാത്രക്കാരുടെ മനസ്, തിരക്ക് കാരണം കണ്ടക്ടര്‍ക്ക് അടുത്തെത്താനായില്ലെങ്കിലും ഇറങ്ങിക്കഴിഞ്ഞും കണ്ടക്ടര്‍ക്ക് ടിക്കറ്റ് കൊടുക്കുന്ന യാത്രക്കാര്‍( അതും പരമാവധി ചില്ലറയായി തന്നെ). പരസ്പരം സഹകരിച്ച് യാത്രക്കാര്‍ നടത്തിയ ഈ അഡ്ജസ്റ്റ്മെന്റ് തന്നെയാണ് സമരത്തിന്റെ നട്ടെല്ലൊടിച്ചത്. ബസ് കിട്ടാതെ വലഞ്ഞാലും മിനിമം നിരക്ക് 10രൂപയാക്കണമെന്ന് കേരളത്തിലെ ഒരാളും ആഗ്രഹിച്ചിട്ടുണ്ടാകില്ല. സര്‍ക്കാറും ജനങ്ങളും അടുക്കില്ലെന്ന് കണ്ടതോടെയാണ് ബസ്സുടമകള്‍ നിരുപാധികം പിന്മാറിയതും.
ബമ്പറിച്ച് കെഎസ്ആര്‍ടിസി 
കെഎസ്ആര്‍ടിസിയുടെ കഴിഞ്ഞ  നാല് ദിവസത്തെ വരുമാനം 30കോടിയാണ്. ഇന്നലെ ഒരു ദിവസം കൊണ്ട് എട്ടരക്കോടിയുടെ വരുമാനമാണ് കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചത്. ഈ വിജയം സര്‍ക്കാറിന്റെ മാത്രമല്ല, ബുദ്ധിമുട്ടിയിട്ടും പ്രൈവറ്റ് ബസ്സുടമകളുടെ ധാര്‍ഷ്ട്യത്തിന് നിന്ന് കൊടുക്കാത്ത സാധാരക്കാരുടെ കൂടിയാണ്.

സൈബര്‍ ലോകവും ബസ്സുടമകളെ കളിയാക്കി ട്രോളുകള്‍ പടച്ച് വിടുകയാണ് അവയില്‍ ചിലത് ഇതാ..

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here