ഉയർന്ന ശമ്പളത്തോടെ ജോലി, താമസം; ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി

കൊച്ചിയിൽ വീണ്ടും തൊഴിൽ തട്ടിപ്പെന്ന് പരാതി. ദുബായിൽ മികച്ച ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് പരാതിയുമായി ഉദ്യോഗാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. വൈറ്റില ജനത റോഡിലെ ചാർട്ടേർഡ് എയർ ട്രാവൽസിനെതിരെയാണ് പരാതി.
ഡി.റ്റി.സി അഥവാ ദുബായ് ടാക്സി കമ്പനിയിൽ ഉയർന്ന ശമ്പളത്തോടെ ജോലി, ഒപ്പം സൗജന്യമായി താമസ സ്ഥലം, ഭക്ഷണം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. പത്രപരസ്യത്തിലൂടെയും വാട്സാപ്പ് മെസേജുകളിലൂടെയുമാണ് ഏജൻസിയെ കുറിച്ചറിയുന്നതും വരുന്നതും വിസ, പാസ്പോർട്ട് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി തരപ്പെടുത്തി നൽകി. ഒന്നര ലക്ഷത്തിലധികം രൂപയാണ് പോകുന്നതിനായി ഏജൻസിക്ക് നൽകിയത്. എന്നാൽ ദുബായിലെത്തിയപ്പോൾ കണ്ടത് ദുരവസ്ഥയെന്ന് ഉദ്യോഗാർത്ഥികളും കുടുംബവും പറയുന്നു.
താമസിക്കാൻ സൗകര്യമില്ല, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം അങ്ങനെ തുടരുന്നു പ്രശ്നങ്ങൾ. ടാക്സി തൊഴിലാളികളായ ഇവരുടെ പ്രശ്നം 20 ദിവസത്തിനകം പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് ഏജൻസി ഉടമകൾ നൽകുന്ന വിശദീകരണം. പ്രതിഷേധം ശക്തമായതോടെ മരട് പൊലീസ് സ്ഥലത്തെത്തി. മൂന്നിലധികം പേരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Story Highlights : Job scam in Kochi, Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here