Advertisement

ക്യാപ്റ്റൻ: ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്ന ഓർമ്മപ്പെടുത്തൽ

February 23, 2018
Google News 1 minute Read
jayasurya

– സലിം മാലിക്

2006 ജൂലൈ 18 ന് ട്രെയിന് മുന്നിൽ ജീവിതം അവസാനിപ്പിച്ച ഒരു മനുഷ്യനുണ്ട്. ഫുട്‌ബോളിനെ സ്വന്തം ജീവനെക്കാളേറെ സ്‌നേഹിച്ച മനുഷ്യൻ. ഇന്ത്യൻ ഫുട്‌ബോളിനെ അതിന്റെ സുവർണ കാലത്തിലേക്ക് മുന്നിൽ നിന്ന് പട നയിച്ച, സാഫ് ഗെയിംസിൽ ഇന്ത്യക്ക് സ്വർണ്ണം നേടി കൊടുത്ത, 19 വർഷങ്ങൾക്കു ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത മനുഷ്യൻ. വി.പി സത്യൻ….! ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റൻ. റാങ്കിംഗിൽ മൂന്നക്കത്തിന് താഴേക്ക് ഇന്ത്യയെ ആദ്യമായും അവസാനമായും എത്തിച്ച അംഗീകാരങ്ങളും ആരവങ്ങളും ലഭിക്കാത്ത നമ്മൾ വേഗം മറന്നു തുടങ്ങിയ ആ അതുല്യ പ്രതിഭക്കുള്ള ആദരവാണ് പ്രജേഷ് സെൻ തിരക്കഥയും സംവിധാനവും നിർവഹിച്ചു ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’

എന്ന് നിന്റെ മൊയ്ദീൻ, സെല്ലുലോയ്ഡ്, ക്‌ളിന്റ് , ആമി, മകരമഞ്ഞ്, സ്വാതി തിരുനാൾ, പഴശ്ശിരാജ, യുഗ പുരുഷൻ തുടങ്ങിയ ബയോപിക്കുകൾ ഇതിന് മുൻപ് മലയാളത്തിലുണ്ടായിട്ടുണ്ട്. ബയോപിക് മേഖലകളിലെ ഈ മുൻ മാതൃകകളെ ക്യാപ്റ്റൻ പിന്തുടരുന്നേയില്ല. കളിക്കളത്തിന് അകത്തും പുറത്തുമുള്ള വി.പി സത്യന്റെ ജീവിതവും മാനസികാവസ്ഥയും അതിന്റെ സത്ത ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. കഥ പറച്ചിലിലെ മിതത്വവും എഡിറ്റിംഗിലെ പരീക്ഷണവും എടുത്ത് പറയേണ്ടതാണ്. ഒരു ബയോപിക്കിന്റെ രീതിയിലല്ല സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സത്യന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങൾ പ്രത്യേക ഓർഡറുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പത്തേമാരി എന്ന മമ്മൂട്ടി – സലിം അഹമ്മദ് സിനിമയുടെ മാതൃകയിലാണ് ക്യാപ്റ്റന്റെയും എഡിറ്റിംഗ്. ബയോപിക്ക് സിനിമകൾ നേരിടുന്ന മുഷിച്ചിൽ ഒരു പരിധി വരെ മറികടന്ന് ആകാംക്ഷ നിലനിർത്തുന്നതിന് ഈ എഡിറ്റിംഗ് പരീക്ഷണത്തിന് കഴിഞ്ഞിട്ടുണ്ട്.

കളിക്കളത്തിന് പുറത്തെ കളികൾ വശമില്ലാത്ത സാധാരണക്കാരനായ പോലീസുകാരനായും അച്ഛനായും ഭർത്താവായും ഒക്കെയുള്ള സത്യനെ സിനിമയിൽ കാണാവുന്നതാണ്. ഇന്ത്യക്കും കേരളത്തിനും വലിയ നേട്ടങ്ങൾ സമ്മാനിച്ച സത്യൻ എന്ന ഫുട്‌ബോളറുടെ ജീവിതം ഇത്രയധികം നാടകീയതകൾ നിറഞ്ഞതാണ് എന്ന് മനസിലാക്കി തരാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ നിന്ന് ആത്മഹത്യയിലേക്ക് സത്യൻ എങ്ങനെ എത്തപ്പെട്ടു എന്ന ജീവിത യാത്രയാണ് സിനിമ. സത്യൻ എന്ന കളിക്കാരനോടും വ്യക്തിയോടും നീതി പുലർത്തുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ഒരു കളിക്കാരനായി, വിജയിച്ചവനായി, തോറ്റു പോയവനായി, ഭർത്താവായി, അച്ഛനായി, ഒടുവിൽ വിഷാദ രോഗത്തിന് അടിമപ്പെട്ടവനായി ഒക്കെ വി.പി സത്യനായുള്ള ജയസൂര്യയുടെ പകർന്നാട്ടം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആട് 2 വിലെ ഷാജി പാപ്പാനിൽ നിന്ന് ക്യാപ്റ്റനിലെ വി.പി സത്യനിലേക്ക് മാറുമ്‌പോൾ മാനറിസങ്ങളും ചെറു ചലനങ്ങളുമടക്കം ജയസൂര്യ അക്ഷരാർത്ഥത്തിൽ കഥാപാത്രമായി മാറിയിട്ടുണ്ട്. വി.പി സത്യന്റെ ഭാര്യയായി അനു സിത്താരയുടെ പ്രകടനവും മികച്ചതായിരുന്നു. വികാര പ്രകടനങ്ങളിലൊക്കെ പതർച്ചകളില്ലാതെ അഭിനയിക്കാൻ അനു സിത്താരക്ക് കഴിഞ്ഞിട്ടുണ്ട്. ഗോപി സുന്ദറിന്റെ സംഗീതം സിനിമയുടെ വേഗതക്കും കഥാഗതിക്കും ഒത്ത് പോകുന്നതായിരുന്നു. മമ്മൂട്ടിയുടെ സാന്നിധ്യവും അദ്ദേഹത്തിന്റെ സംഭാഷണങ്ങളും സിനിമക്ക് ഗുണം ചെയ്തിട്ടുണ്ട്.

സത്യനെന്ന ഇതിഹാസത്തെ മറന്നവർക്കുള്ള മറുപടിയും അദ്ദേഹത്തിനുള്ള ആദരവുമാണ് ‘ക്യാപ്റ്റൻ’

captain film review

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here