പരീക്ഷ 2016ല്‍, മൂല്യനിര്‍ണ്ണയം 2017ല്‍, റിസള്‍ട്ട് 2018ല്‍!! കേരളാ യൂണിവേഴ്സിറ്റി ഡാ

ഒന്നാം സെമസ്റ്റര്‍ പരീക്ഷ  എഴുതിയ കേരള യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ റിസള്‍ട്ടിനായി കാത്തിരുന്നത് ഒന്നും രണ്ടും മാസമല്ല, ഒന്നേകാല്‍ വര്‍ഷമാണ്. 2016ഡിസംബര്‍ മാസത്തില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് യൂണിവേഴ്സിറ്റി പരീക്ഷ പരീക്ഷണമാക്കിയത്. കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആട്സ് ആന്റ് സയന്‍സ് കോളേജുകളിലെ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷാ മൂല്യനിര്‍ണ്ണയത്തിനാണ് ഇത്രയും നാള്‍ വേണ്ടിവന്നത്. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും മൂന്ന് മാസവും!!  എയിഡഡ് കോളേജിലേയും സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജിലേയും അധ്യാപകരെ ഭീഷണിപ്പെടുത്തിയാണ് മൂല്യനിര്‍ണ്ണയം നടത്തിയെന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. എന്നാല്‍  സര്‍ക്കാര്‍ കോളേജിലെ അധ്യാപകര്‍ ഈ ജോലി ഭാരം ഏല്‍ക്കാതെ മാറി നില്‍ക്കുകയും ചെയ്തു. ഇനി എല്ലാം കഴിഞ്ഞ് പ്രഖ്യാപിച്ച റിസള്‍ട്ടോ,  അപൂര്‍ണ്ണവും!! കഴിഞ്ഞ കൊല്ലം ഉത്തരപേപ്പര്‍ മൂല്യ നിര്‍ണ്ണയം നടത്താതെ കുട്ടികള്‍ തോറ്റെന്ന് വിധിയെഴുതിയ കേരള യൂണിവേഴ്സിറ്റിയുടെ ഇക്കൊല്ലത്തെ പരീക്ഷഫലവും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും കണ്ണുതള്ളിക്കുന്നത്. എല്ലാ ബിരുദക്കാരും ഒരു പോലെ എഴുതേണ്ട ഇംഗ്ലീഷ് സബ്ജക്റ്റിനാണ് ഈ ദുര്‍വിധി.

മൂല്യനിര്‍ണ്ണയം തോന്നിയ പടി 

2016ഡിസംബറില്‍ നടന്ന ഡിഗ്രി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിനായി അധ്യാപകരുടെ കൈവശം എത്തുന്നത് 2017നവംബറിലാണ്. അതിന്റെ റിസള്‍ട്ട് പുറത്ത് വന്നത് ദാ ഇന്നലെയും(2018 ഫെബ്രുവരി 13).  ക്യാമ്പ് നടത്തി ഓരോ കോളേജിലേയും മൂല്യനിര്‍ണ്ണയം നടത്തുന്നതിന് പകരം, ഓരോ കോളേജിലേയും ഡിപ്പാര്‍മെന്റിലേക്ക് യൂണിവേഴ്സിറ്റ് പേപ്പര്‍ അയച്ച് കൊടുക്കുകയാണുണ്ടായത്. മൂല്യനിര്‍ണ്ണയ ക്യാമ്പ് വിളിക്കുമ്പോള്‍ അഞ്ചോ ആറോ ദിവസം കൊണ്ട് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാവും. ഇതില്‍ നിന്ന് വ്യത്യസ്തമായാണ്  ഇത്തവണ യൂണിവേഴ്സിറ്റി അധികൃതര്‍ കോളേജുകളില്‍ നേരിട്ട് ഉത്തരപേപ്പറുകള്‍ എത്തിച്ചത്.  ഓരോ കോളേജിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായ എണ്ണം ഉത്തര പേപ്പറുകളാണ് മൂല്യനിര്‍ണ്ണയത്തിനായി എത്തിയത്. ഈ നിയമം സര്‍ക്കാര്‍ കോളേജിലെ  അധ്യാപകര്‍ക്ക് ബാധകമല്ലെന്ന അലിഖിത നിയമവും ഉണ്ട്, ഇവര്‍ക്ക് മൂല്യനിര്‍ണ്ണയം നടത്താതെ ഇരിക്കാം, പേപ്പര്‍ നോക്കാതെ യൂണിവേഴ്സിറ്റിയ്ക്ക് തിരിച്ച് അയച്ച് കൊടുക്കാം, മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ വരാതെ ഇരിക്കാം… ഒരു അച്ചടക്ക നടപടിയും ഇവര്‍ക്കെതിരെ വരില്ല, വന്ന ചരിത്രവുമില്ല. പത്തിലധികം അധ്യാപകരുള്ള ഒരു കോളേജ് ഇത്തരത്തില്‍ രണ്ടായിരത്തോളം പേപ്പറാണ് മൂല്യനിര്‍ണ്ണയം നടത്താതെ ഇത്തവണ യൂണിവേഴ്സിറ്റിയ്ക്ക് തിരിച്ച് അയച്ച് കൊടുത്തത്. യൂണിവേഴ്സിറ്റി സമര്‍ത്ഥമായി ആ പേപ്പറുകളും കൂടി മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തി മറ്റ് കോളേജിലെ അധ്യാപകരെ കൊണ്ട് നടത്തി.

 

അധ്യാപകര്‍ക്ക് ഭീഷണി സെക്ഷന്‍ ഓഫീസര്‍ വക 

മൂല്യനിര്‍ണ്ണയത്തിന് സ്വകാര്യ മാനേജ്മെന്റ് കോളേജുകള്‍ക്ക് ഉത്തര പേപ്പര്‍ അയച്ച് കൊടുക്കുമ്പോള്‍  ഒരു താക്കീതും ഭീഷണിയും മുന്നോട്ട് വയ്ക്കും. പത്ത് ദിവസത്തിനുള്ളി്ല്‍ മൂല്യനിര്‍ണ്ണയും പൂര്‍ത്തിയാക്കണമെന്നതാണ് താക്കീത്. സമയത്തിന് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആ കോളേജിന്റെ റിസള്‍ട്ട് തടഞ്ഞു വയ്ക്കുമെന്നതാണ് ഭീഷണി. നീണ്ട ഒരു കൊല്ലം യാതൊരു അടിസ്ഥാനവുമില്ലാതെ മൂല്യനിര്‍ണ്ണയം വലിച്ച് നീട്ട് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസ്സിലാക്കിയ  അധികൃതരുടേതാണ് ഈ ഭീഷണി എന്ന് കൂടി ഓര്‍ക്കണം.

നാനൂറും അഞ്ഞൂറും ഉത്തരപേപ്പറുകളാണ് എട്ടും ഒമ്പതും ദിവസങ്ങള്‍കൊണ്ട് പല അധ്യാപകരും മൂല്യനിര്‍ണ്ണയം നടത്തിയത്. എന്നാല്‍ സര്‍ക്കാര്‍ കോളേജിലേക്ക് എത്തിയ പേപ്പറുകള്‍ അത് പോലെ യൂണിവേഴ്സിറ്റിയിലേക്ക് അയച്ചു കൊടുത്തിട്ടുമുണ്ട്. ചില സര്‍ക്കാര്‍ കോളേജില്‍ എത്തിയത് കേവലം ഇരുപതും മുപ്പതും പേപ്പറുകളാണ്. എന്നാല്‍ അത് കെട്ടുപോലും പൊട്ടിക്കാതെ തിരിച്ച് അയച്ച കോളേജുമുണ്ട്.എയിഡഡ് കോളേജിനും, സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജിനും ഇതൊന്നും ബാധകമല്ല. പറയുന്ന പണിയ്ക്ക് പുറമെ സര്‍ക്കാര്‍ കോളേജിലെ അധ്യാപകരുടെ പണിയും പറഞ്ഞ സമയത്തിനകം പൂര്‍ത്തിയാക്കി നല്‍കിയിരിക്കണം. അല്ലെങ്കില്‍ അവരുടെ കോളേജിന്റെ റിസള്‍ട്ട് പുറത്ത് വരണമെങ്കില്‍ ഇത്തിരി വിയര്‍ക്കേണ്ടി വരും.

പാര്‍ട്ട് ഓഫ് ഡ്യൂട്ടി എന്ന പേരിലാണ്  അധ്യാപകര്‍ മൂല്യ നിര്‍ണ്ണയം ചെയ്യാനെത്തുന്നത്. യുജിസി ഒരു കൊല്ലം മുമ്പാണ് മൂല്യനിര്‍ണ്ണയം ജോലിയുടെ ഭാഗമാക്കി ഉത്തരവ് ഇറക്കിയത്.  മുമ്പ് 23  രൂപവരെയാണ് ഒരു പേപ്പര്‍  മൂല്യ നിര്‍ണ്ണയം നടത്തുന്നതിന് അധ്യാപകര്‍ക്ക് നല്‍കി വന്നത്. ഒരു പൈസപോലും വാങ്ങാതെയാണ് യാത്രാക്കൂലി പോലും ലഭിക്കാതെ ഇപ്പോള്‍  അധ്യാപകര്‍ മൂല്യനിര്‍ണ്ണയത്തിന് എത്തുന്നത്. പന്ത്രണ്ടായിരവും പതിനയ്യായിരവും മാത്രം ശമ്പളം വാങ്ങുന്ന സെല്‍ഫ് ഫൈനാന്‍സിംഗ് കോളേജിലെ അധ്യാപകരും ഇക്കൂട്ടത്തില്‍പ്പെടും.

കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നത് ഒരു വര്‍ഷത്തോളം

ഇപ്പോള്‍ ഒന്നാം സെമസ്റ്ററുകാരുടെ പരീക്ഷ നടത്തണമെങ്കില്‍ ഇപ്പോള്‍ നാലാം സെമസ്റ്റര്‍ പഠിക്കുന്ന  കുട്ടികളുടെ ഒന്നാം സെമസ്റ്ററിലെ റിസള്‍ട്ട് വരണം. എങ്കില്‍ മാത്രമേ ഇവര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷടക്കം എഴുതാനാവൂ. ജനുവരിയിലാണ് സാധാരണയായി ഒന്നും മൂന്നും സെമസ്റ്റര്‍പരീക്ഷ  നടക്കാറ്. സെക്കന്റ് സെമസ്റ്ററിലായിട്ടും ഫസ്റ്റ് സെമസ്റ്റര്‍ പരീക്ഷ നടക്കാത്ത സ്ഥിതിയാണ് നിലവില്‍. ആറ് മാസത്തോളമാണ് ഇതോടെ കുട്ടികള്‍ക്ക് നഷ്ടമായത്. ഇതേ സ്ഥിതി തൊട്ടടുത്ത സെമസ്റ്ററുകളിലും തുടര്‍ന്നാൽ ഒരുവര്‍ഷത്തോളമാണ് കുട്ടികള്‍ക്ക് നഷ്ടമാകുന്നത്.

ഇനി വന്ന റിസള്‍ട്ടിന്റെ കാര്യമോ?
ഇന്നലെ വന്ന റിസള്‍ട്ടിന്റെ കാര്യത്തിലും ഒരു കൃത്യതയില്ല.
ചില കുട്ടികള്‍ മാത്രം പാസ്, ബാക്കി കുട്ടികള്‍ ജയിച്ചോ തോറ്റോ എന്ന് സൈറ്റ് നോക്കി അധ്യാപകര്‍ക്ക് പോലും മനസിലാക്കാന്‍ പറ്റാത്ത അവസ്ഥയാണ്.  റിസള്‍ട്ട് അനൗസ്ഡ് ലേറ്റര്‍ എന്നും ഉണ്ട്. ഒപ്പം ഇഎസ്ഇ എന്നും കാണാം. അതെന്താണെന്ന് അധ്യാപകര്‍ക്ക് പോലും അറിയില്ല. ഇത് എന്താണെന്ന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശം അധ്യാപകര്‍ക്ക് നല്‍കാന്‍ യൂണിവേഴ്സിറ്റി തയ്യാറായിട്ടില്ല.

വാല്‍ക്കഷ്ണം:  ഇന്നലെയാണ് കേരള യൂണിവേഴ്സിറ്റി വിസി സ്ഥാനം ഒഴിഞ്ഞത്. ഒരു വര്‍ഷത്തിന് ശേഷം എടിപിടീന്നായിരുന്നു ഇന്നലത്തെ റിസള്‍ട്ട് പ്രഖ്യാപനവും…ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടെന്ന് തോന്നുകയാണെങ്കില്‍, അത് തികച്ചും സാങ്കല്‍പികം മാത്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top