ശുഹൈബ് കൊലപാതകം സിബിഐ അന്വേഷിക്കട്ടെ; നിലപാട് മയപ്പെടുത്താതെ കോണ്‍ഗ്രസ്

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിബിഐ ഏറ്റെടുക്കണമെന്ന നിലപാടില്‍ മാറ്റം വരുത്താതെ കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന് നടത്തുന്ന നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നതിനാല് ഡമ്മി പ്രതികളെയാണ് പോലീസ് പിടികൂടിയിരിക്കുന്നതെന്ന ആക്ഷേപം കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ നിന്ന് ഇതുവരെയും കോണ്‍ഗ്രസ് പിന്മാറിയിട്ടില്ല. മുഴുവന്‍ പ്രതികളെയും പിടികൂടണമെന്നും കേസ് സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ കെ.സുധാകരന് നിരാഹാര സമരം തുടരും.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ് (26), മുടക്കോഴി മലയ്ക്കു സമീപത്തെ കരുവള്ളിയിലെ റിജിൻരാജ് (28) എന്നിവരെയാണ് സാക്ഷികൾ തിരിച്ചറിഞ്ഞത്. സംഭവത്തിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളല്ലെന്നും യഥാർഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സുധാകരൻ കണ്ണൂരിൽ നിരാഹാരം ആരംഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here