Advertisement

ചിരിച്ചു കൊണ്ട് കോടിയേരി പറഞ്ഞു; പിന്തുണയ്ക്ക് നന്ദി

February 25, 2018
2 minutes Read

-ഉന്മേഷ് ശിവരാമന്‍-

 

ചിരിച്ചു കൊണ്ട് കോടിയേരി പറഞ്ഞു; പിന്തുണയ്ക്ക് നന്ദി

‘നിങ്ങള്‍ ഇതുവരെ നല്‍കിയ പിന്തുണ ഇനിയുമുണ്ടാകണം’.രണ്ടാമതും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് ഇതു പറയുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ മുഖത്ത് ചെറുതല്ലാത്ത ചിരിയുണ്ടായിരുന്നു.തൃശൂര്‍ സമ്മേളനത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാത്തതിന്റെ മാത്രമല്ല,വിഭാഗീയത പൂര്‍ണമായും അവസാനിച്ചതിന്റെ കൂടി സന്തോഷമാകാം അത്. മാധ്യമങ്ങള്‍ക്ക് ഏറെയൊന്നും ആഘോഷിക്കാന്‍ വകയുണ്ടായിരുന്നില്ല ഇത്തവണ. ഷുഹൈബ് വധം സമ്മേളനത്തുടക്കത്തില്‍ വെല്ലുവിളിയായെങ്കിലും, പരസ്യമായി കൊലപാതക രാഷ്ട്രീയത്തെ സിപിഐഎം തള്ളിപ്പറയുന്നതിനും സമ്മേളനവേദി സാക്ഷ്യം വഹിച്ചു. എണ്‍പത്തിയേഴംഗ സംസ്ഥാന കമ്മിറ്റിയില്‍ പത്തുപേര്‍ പുതുമുഖങ്ങളാണ്. വി എസ് അച്യുതാനന്ദനും എം എം ലോറന്‍സും പാലോളി മുഹമ്മദ് കുട്ടിയും കെ എന്‍ രവീന്ദ്രനാഥും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ക്ഷണിതാക്കളാക്കി. ചുരുക്കത്തില്‍ വിവാദങ്ങള്‍ ഒന്നുമില്ലാതെ സമ്മേളനത്തിന് സമാപനമായി.

വ്യക്തത വരുത്തിയ ഉദ്ഘാടന പ്രസംഗം

കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ യെച്ചൂരി-കാരാട്ട് പക്ഷങ്ങള്‍ സിപിഐഎമ്മില്‍ ശക്തിപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സംസ്ഥാന സമ്മേളനം തുടങ്ങിയത്. ഉദ്ഘാടന പ്രസംഗത്തില്‍ സിപിഐഎമ്മിന്റെ ദേശീയ നിലപാട് സീതാറാം യെച്ചൂരി വ്യക്തമാക്കി.വര്‍ഗീയതയും നവ ഉദാരവത്കരണ നയങ്ങളും ഒരേപോലെ ചെറുക്കപ്പെടേണ്ടതാണെന്നും ഇതിനായി യഥാര്‍ത്ഥ ജനപക്ഷബദല്‍ ഉയര്‍ന്നു വരണമെന്നും യെച്ചൂരി പറഞ്ഞു. ഇതിനായി ഇടതുപക്ഷഐക്യം ഊട്ടിയുറപ്പിക്കണം.കേവലം തിരഞ്ഞെടുപ്പ് സഖ്യങ്ങളല്ല രൂപംകൊള്ളേണ്ടത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി ധാരണയില്ലെന്ന് പറഞ്ഞ യെച്ചൂരി ഇക്കാര്യം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ടെന്നും പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും മോദിയുടെ മുതലാളിത്ത പ്രീണനത്തെയും കടന്നാക്രമിച്ചു കൊണ്ടായിരുന്നു യെച്ചൂരിയുടെ പ്രസംഗം. കൊലപാതക രാഷ്ടീയം പാര്‍ട്ടി നയമല്ലെന്ന് പറഞ്ഞ യെച്ചൂരി , പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കേണ്ടി വരുമെന്നും വ്യക്തമാക്കി. യെച്ചൂരിയുടെ തുറന്നുപറച്ചില്‍ ബ്രേക്കിംഗ് ന്യൂസായി മാറിയെന്നതൊഴിച്ചാല്‍,ഷുഹൈബ് വധത്തെ കേന്ദ്രീകരിച്ച് പിന്നീട് മാധ്യമചര്‍ച്ചകള്‍ വലിയ തോതില്‍ നടന്നില്ല.

 

പിണറായിയും കോടിയേരിയും ജയരാജനോട് പറഞ്ഞത്

ഉദ്ഘാടന ദിവസം തന്നെ ശ്രദ്ധ നേടിയ ഒരു കൂടിക്കാഴ്ച സിപിഐഎം സമ്മേളന വേദിയിലുണ്ടായി. സമ്മേളന ഹാളിന് മുന്നില്‍ പതാക ഉയര്‍ത്താന്‍ പ്രതിനിധികള്‍ പുറത്തേക്കിറങ്ങിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി വേദിയുടെ പിന്‍നിരയില്‍ സംസാരിക്കുന്നത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു. ആ ചര്‍ച്ചയില്‍ പിന്നീട് കോടിയേരി പങ്കുചേരുന്നതും കണ്ടു. ഷുഹൈബ് വധത്തില്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ മുഖ്യമന്ത്രിയും കോടിയേരിയും അതൃപ്തി അറിയിച്ചെന്ന വാര്‍ത്ത പിന്നാലെയെത്തി. കൊലപാതക രാഷ്ട്രീയത്തെ സിപിഐഎം സംസ്ഥാന നേതൃത്വം തള്ളിക്കളയുന്നതിന്റെ തെളിവായി ഈ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു.

 

വിഎസ് കൊടി ഉയര്‍ത്തി ; പ്രസംഗിക്കുകയും ചെയ്തു

സമ്മേളനഹാളിന് മുന്നില്‍ മുതിര്‍ന്നയംഗമെന്ന നിലയില്‍ വി എസ് അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തുന്നതിനിടെ കാലിടറിയ വിഎസിനെ സീതാറാം യെച്ചൂരിയും കോടിയേരിയും ചേര്‍ന്നാണ് താങ്ങിനിര്‍ത്തിയത്. തൂവെള്ള ജൂബയുടെ പോക്കറ്റില്‍ നിന്ന് വിഎസ് ആ പ്രസംഗക്കുറിപ്പ് എടുക്കുമ്പോള്‍ ഇത്തവണ വിലക്കുണ്ടായില്ല. പ്രായം തളര്‍ത്താത്ത ആവേശത്തോടെ വിഎസ് സംസാരിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന് എതിരായ ആസൂത്രിത നീക്കങ്ങളെ ചെറുക്കാന്‍ ആഹ്വാനം ചെയ്ത് വിഎസ് പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ നേതാക്കളുള്‍പ്പെടെ കൈയടിച്ചു.

 

പതിവിന്‍പടി റിപ്പോര്‍ട്ട് ചോര്‍ച്ച

സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇക്കുറിയും ചോര്‍ന്നു. എന്നാല്‍,കാര്യമായ വിവാദങ്ങള്‍ ഉണ്ടായില്ല. ആലപ്പുഴ സമ്മേളനത്തിലെ വിഎസിന്റെ ഇറങ്ങിപ്പോക്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വിഎസിന് മറ്റു വിമര്‍ശങ്ങള്‍ ഒന്നുമില്ല. സിപിഐയുടെ നിലപാടുകളെ കടന്നാക്രമിക്കുന്നതുമായിരുന്നില്ല റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍മേല്‍ പൊതുചര്‍ച്ച നടന്നപ്പോള്‍ സീതാറാം യെച്ചൂരിയെ, മുഹമ്മദ് റിയാസും എ എന്‍ ഷംസീറും വിമര്‍ശിച്ചുവെന്നും മറുപടി പറഞ്ഞപ്പോള്‍ യെച്ചൂരി ഇരുവരെയും പേരെടുത്തു പറഞ്ഞ് കടന്നാക്രമിച്ചെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍, അത്തരം റിപ്പോര്‍ട്ടുകളെ പിന്നീട് കോടിയേരി ബാലകൃഷ്ണന്‍ തള്ളിപ്പറയുന്നതാണ് കണ്ടത്.സിപിഐ മന്ത്രിമാര്‍ കഴിവുകെട്ടവരെന്ന പ്രതിനിധികളുടെ വിമര്‍ശനവും വാര്‍ത്തയായി.

കാനം പറയേണ്ടത് പറഞ്ഞു; മാണി മിണ്ടിയില്ല

‘കേരളം ഇന്നലെ ഇന്ന് നാളെ’എന്ന വിഷയത്തെ അടിസ്ഥാനമാക്കി തേക്കിന്‍കാട് മൈതാനിയില്‍ സെമിനാര്‍ നടന്നപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് മാണിയും കാനവും എന്തു പറയുമെന്നാണ്. എല്‍ഡിഎഫില്‍ മാണി വേണ്ടെന്ന് കൃത്യമായി കാനം പറഞ്ഞു. കഴിഞ്ഞകാല ചരിത്രം ഓര്‍മ്മിപ്പിച്ചായിരുന്നു കാനത്തിന്റെ പ്രസംഗം.
എന്നാല്‍ മാണിയാകട്ടെ രാഷ്ട്രീയം പറഞ്ഞതേയില്ല.സെമിനാര്‍ അവസാനിക്കുന്നതിന് മുന്‍പ് പരസ്പരം കൈകൊടുത്ത് കാനവും മാണിയും പിരിഞ്ഞതും കേരളം കണ്ടു. കാനം-മാണി വാക്‌പോര് സെമിനാര്‍ വേദിയില്‍ കണ്ടില്ലെങ്കിലും പുറത്ത് അത് തുടര്‍ന്നു.

 

പാര്‍ട്ടിയംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന

പാര്‍ട്ടിയുടെ ബഹുജനാടിത്തറ വര്‍ദ്ധിച്ചെന്നാണ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്.2014-ല്‍ 3,61680 പൂര്‍ണ്ണ അംഗങ്ങളും 43,911 കാന്‍ഡിഡേറ്റ് അംഗങ്ങളുമുള്‍പ്പെടെ 4,05591 പാര്‍ട്ടി അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2017-ല്‍ 4,03638 പൂര്‍ണ്ണ അംഗങ്ങളും 59,834 കാന്‍ഡിഡേറ്റ് അംഗങ്ങളുമുള്‍പ്പെടെ 4,63472 ആയി അംഗസംഖ്യ വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.തൊഴിലാളികളുടെയും ഇടത്തരം കൃഷിക്കാരുടെയും അംഗസംഖ്യ വര്‍ദ്ധിച്ചതായും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.വനിതാ അംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായെന്നാണ് കണക്കുകള്‍ .

ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച സമ്മേളനം

പൂര്‍ണ്ണായും ഗ്രീന്‍പ്രോട്ടോക്കാള്‍ പാലിച്ചാണ് സംസ്ഥാന സമ്മേളനം നടന്നത്.പ്രചാരണത്തിനായി ഫഌക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചില്ല. പഴയ ബാനര്‍കാലം തിരിച്ചെത്തി. പ്രതിനിധികള്‍ക്കുള്ള ബാഡ്ജാകട്ടെ മുളയില്‍ തയ്യാറാക്കി. വെള്ളം കുടിക്കാന്‍ മണ്‍കുടങ്ങള്‍ നല്‍കിയും സിപിഐഎം സമ്മേളനം വേറിട്ടതായി. പുതിയ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരേണ്ട പച്ചയുടെ പാഠമായി ഇതുമാറി.

സര്‍ക്കാരിനും മന്ത്രിമാര്‍ക്കും പുതുമുഖം നല്‍കാനുള്ള പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുമെന്ന് വ്യക്തമാക്കിയാണ് സിപിഐഎം സമ്മേളനം അവസാനിച്ചത്. പാവപ്പെട്ടവര്‍ക്കായി രണ്ടായിരം വീടുകള്‍ നിര്‍മ്മിച്ചുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് സിപിഐഎം തന്നെ തിരിച്ചറിയുന്നത് ആശാവഹമാണ്. സര്‍ക്കാരിന് മാത്രമല്ല, സിപിഐഎമ്മിനും പുതിയ മുഖം നല്‍കും തൃശൂര്‍ സമ്മേളനം എന്നാണ് കരുതേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top