Advertisement

വീട്ടുകാര്‍ അന്ധവിശ്വാസത്തിന്റെ വാളെടുത്തു; കമിതാക്കള്‍ ജീവനൊടുക്കി

February 28, 2018
Google News 0 minutes Read
lovers

ഒരുമിച്ച് ഒരു മനസായി ഒരു മെയ്യായി ജീവിക്കാന്‍ അരുണ്‍ ശങ്കറും മഞ്ജുളയും തീരുമാനിക്കുമ്പോള്‍ ഇരുവര്‍ക്കും വയസ്സ് മുപ്പത് കഴിഞ്ഞിരുന്നു. ഉദുമലപെട്ടയില്‍ വീല്‍ അലയ്മെന്‍റ് ബിസിനസ് സ്ഥാപനം നടത്തുന്ന അരുണ്‍ ശങ്കറിന്‍റെയും ശ്രീനിവാസ സ്കൂളിലെ അധ്യാപികയായ മഞ്ചുളയുടേയും വിവാഹം  വീട്ടുകാര്‍ തന്നെയാണ് നിശ്ചയിച്ചത്. എന്നാല്‍ വിവാഹം തീരുമാനിച്ച ശേഷം ഉണ്ടായ അടുപ്പം ഒരു ആയുസ്സിന്റെ സ്നേഹം പങ്കിടാനായി ഇവരെ മനസുകൊണ്ട് പ്രാപ്തരാക്കി. ജീവിത പങ്കാളി ഇതാണെന്നുള്ള പച്ചക്കൊടി കിട്ടിയതിനുള്ള സ്നേഹത്തിന് അതിന്റേതായ കെട്ടുറപ്പും, പ്രതീക്ഷകളും കാണുമല്ലോ? എന്നാല്‍ ആ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തിയത് അരുണിന്റെ മാതാപിതാക്കള്‍ തന്നെയായിരുന്നു, അതും വിവാഹത്തിന്റെ ഒരാഴ്ച മുമ്പ്. അന്ധവിശ്വാസത്തിന്റെ പേരിലായിരുന്നു വീട്ടുകാരുടെ പിന്മാറ്റം. മഞ്ജുളയ്ക്ക് ഭര്‍ത്താവ് വാഴില്ലെന്നതായിരുന്നു ആ കാരണം. ഇതിന് തെളിവായി മുന്നോട്ട് വച്ചത് മഞ്ജുളയ്ക്ക് ആദ്യം വിവാഹം ആലോചിച്ച പയ്യന്റെ മരണവും!! വിവാഹത്തില്‍ നിന്ന് പിന്മാറാനായുള്ള നിര്‍ബന്ധങ്ങള്‍ക്ക് നടുവിലായിരുന്നു അരുണ്‍ പിന്നെ. നിര്‍ബന്ധം പിന്നീട് ഭീഷണിയായി.     എന്നാല്‍ ചുരുങ്ങിയ  ദിവസങ്ങള്‍ കൊണ്ടാണെങ്കിലും പിരിയാനാകാത്ത വിധം അടുത്ത ഇരുവര്‍ക്കും മുന്നില്‍ ഒരു വഴി തെളിഞ്ഞു. ഒന്നിക്കുക. അത് ജീവിതത്തിലല്ല മരണത്തിലാണെന്ന് മാത്രം!!

മറയൂരിന്‍റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ ചിന്നപപ്പനൂത്ത്  ഭാഗത്ത് കാറില്‍ ഇരുവരേയും ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ കഥകളും പുറംലോകമറിഞ്ഞത്. കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഈ മാസം 20മുതലാണ് ഇരുവരേയും കാണാതായത്. പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവും ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് സ്നേഹിച്ചു പോയതിന് ജീവന്‍ വെടിഞ്ഞ വിധത്തില്‍ ഇരുവരേയും കണ്ടെത്തുന്നത്.

ഉദുമലപേട്ടയ്ക്ക് സമീപം ചിന്നപാപ്പനൂത്ത് ഭാഗത്തുള്ള പറമ്പിക്കുളം ആളിയാര്‍ പ്രോജക്റ്റ് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും  എത്തി കാര്‍ കനാലില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വ്യത്യസ്ത സമുദായം തുടങ്ങി, പ്രായവും സാമ്പത്തികവുമടക്കം നിരവധി കാരണങ്ങള്‍ പ്രണയത്തില്‍ വില്ലനാകുന്നതും, ആത്മഹത്യയും, ഒളിച്ചോട്ടവും ദിവസം ഒന്നെന്ന തരത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. വീട്ടുകാര്‍ തന്നെ ഉറപ്പിച്ച വിവാഹത്തിലൂടെ ജീവിതപങ്കാളിയെ കണ്ടെത്തി സ്നേഹിച്ച് തുടങ്ങി അവസാനം പിന്മാറാന്‍ പറഞ്ഞതിന് ആത്മഹത്യ ചെയ്ത ദുരന്ത കഥയിലെ നായികയും നായകനുമായി നമ്മള്‍ ചിലപ്പോള്‍ അരുണിനേയും മഞ്ജുളയേയും മാത്രമേ കണ്ടുകാണൂ.

അരുണിന്റെ സമ്മതം ലഭിക്കാതെ തന്നെ മഞ്ജുളയുടെ വീട്ടുകാരോട് വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് അരുണിന്റെ വീട്ടുകാര്‍ അറിയിച്ചു. അതിന്റെ പിന്നാലെയാണ് ഇരുവരും അപ്രത്യക്ഷരായത്. മഞ്ജുളയുടെ വിവാഹം മറ്റൊരു യുവാവുമായി  ഒരു വര്‍ഷം മുമ്പ് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഒരു അപകടത്തില്‍ മരണമടഞ്ഞു.ഇതറിയുകയും മഞ്ചുളയെ വിവാഹം ചെയ്താല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞതിനാലുമാണ് അരുണ്‍ ശങ്കറിന്‍റെ വീട്ടുകാര്‍ നിശ്ചയ ശേഷം വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ തുനിഞ്ഞത്. ഇന്നലെ രാവിലെ പത്തരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഉദുമലപേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മകന്റെ ആയുസ്സിനെ കരുതിയാണ് ഇവര്‍ ഈ വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചത്. എന്നിട്ട് എത്ര ജീവനുകളാണ്  ജീവനോടെ തന്നെ ഇവിടെ അവശേഷിച്ചത്?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here