ദേശീയ സീനിയര്‍ വോളിബോള്‍; ഫൈനലില്‍ കേരളത്തിന്റെ പെണ്‍പ്പട വീണ്ടും തോറ്റു
കോഴിക്കോട്: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്ന ചൊല്ല് കേരളത്തിന്റെ വോളിബോള്‍ വനിത ടീമിലേക്ക് വരുമ്പോള്‍ ചെറിയൊരു വകഭേദത്തിന് കാരണമാകും. കേരളത്തിന്റെ പെണ്‍പ്പട ഫൈനലിലേക്ക് എത്തുമ്പോള്‍ കളി മറക്കുകയാണ് ഇവിടെ. ഇന്ന് നടന്ന ദേശീയ വോളിബോള്‍ വനിത വിഭാഗം ഫൈനലില്‍ കേരളത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കേരളം തുടര്‍ച്ചയായി പത്താം തവണയാണ് തോറ്റ് കിരീടം നഷ്ടപ്പെടുത്തുന്നത്. അതും എതിരാളികള്‍ റെയില്‍വേസും. ഇന്ന് റെയില്‍വേസിനെതിരെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ പരാജയം. റെയില്‍വേസ് കിരീടം നിലനിര്‍ത്തി.
അഞ്ച് സെറ്റ് നീണ്ടപോരാട്ടത്തിനൊടുവിലാണ് കേരളം പരാജയം സമ്മതിച്ചത്. ആദ്യ സെറ്റ് വിട്ടുകൊടുത്ത കേരളം തൊട്ടടുത്ത രണ്ടു സെറ്റുകൾ ശക്തമായ പോരാട്ടത്തിലൂടെ സ്വന്തമാക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ അവസാന രണ്ടു സെറ്റുകൾ സ്വന്തമാക്കി റെയില്‍വേസ് കിരീടം നിലനിർത്തി. സ്കോർ: 25-11, 26-28, 21-25, 25-18, 15-12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here