Advertisement

500 ലേറെ മരണം, 4 ലക്ഷത്തോളം പേർ കുടുങ്ങി കിടക്കുന്നു, എങ്ങും മൃതശരീരങ്ങളും, കരിമരുന്ന് പുകയും; സിറിയയിൽ നടക്കുന്നതെന്ത് ? [24 Explainer]

March 1, 2018
Google News 5 minutes Read

ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും ഉറ്റവരുടെ മൃതദേഹങ്ങളും…അന്തരീക്ഷത്തിലാകെ ബോംബ് പൊട്ടിയ പുകപടലവും, മനുഷ്യ മാംസം കരിഞ്ഞ ഗന്ധവും…ഇതിനെല്ലാത്തിനുപരി കാതടപ്പിക്കുന്ന ശബ്ദത്തിൽ ലക്ഷോഭലക്ഷം പേരുടെ കരച്ചിൽ…അതാണ് സിറിയ….

കണക്കുകൾ പ്രകാരം 500 ഓളം പേരാണ് സിറിയയിലെ കിഴക്കൻ ഗൗത്തയിൽ ഇതുവരെ മരിച്ചിരിക്കുന്നത്. നാല് ലക്ഷത്തിൽ പരം ആളുകളാണ് സിറിയയിൽ കുടുങ്ങി കിടക്കുന്നത്. ലോകജനത മുഴുവൻ സിറിയയിൽ നടക്കുന്നതെന്തെന്ന് അത്ഭുതപ്പെട്ടും, നടങ്ങിയും സോഷ്യൽ മീഡിയയിലൂടെ അവരുടെ കണ്ണീർ കലർന്ന ചിത്രങ്ങൾ പങ്കുവെച്ചും അവിടെ നടക്കുന്ന കൂട്ട നരഹത്യയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുമ്പോഴും ലോകനേതാക്കൾ ഉറക്കത്തിലാണ്….

what is happening in syria

സിറിയൻ ജനതയുടെ രക്തം നിറഞ്ഞ മുഖവും പേടിച്ചിരണ്ട കണ്ണുകളും നമ്മോട് പലതും പറയുന്നുണ്ട്…ഏത് തെറ്റിന്റെ പാപഭാരമാണ് തങ്ങൾ പേറുന്നത് ? എന്തുകൊണ്ടാണ് ലോകം കാഴ്ച്ചക്കാരായി നിൽക്കുന്നത് ? അതിലുപരി എന്താണ് സിറിയയിൽ നടക്കുന്നത് ? സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സിറിയൻ  ബോംബാക്രമണത്തിന്റെ ചിത്രങ്ങൾ കണ്ട് നാം നമ്മോട് തന്നെ ചോദിച്ച ചോദ്യമാണ് അത്….

സിറിയയിൽ നടക്കുന്നതെന്ത് ?

കഴിഞ്ഞ എട്ട് വർഷക്കാലമായി സിറിയ യുദ്ധഭൂമിയായിട്ട്…സിറിയൻ ജനത സമാധാനമെന്തെന്നറിഞ്ഞിട്ട്… മൂന്ന് വിഭാഗക്കാർ തമ്മിലാണ് സിറിയയിൽ പ്രശ്‌നം നടക്കുന്നത്

  •  സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദിനെ അനുകൂലിക്കുന്നവർ
  •  വിമതർ; ആസാദിനെ അനുകൂലിക്കാത്തവർ
  •  ഇസ്ലാമിക് സ്റ്റേറ്റ്

2011 ൽ ആണ് സിറിയയിൽ ആദ്യമായി പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ചുവരിൽ ഭരണകൂടവിരുദ്ധമായ പരാമർശങ്ങൾ എഴുതിയതിന് 15 സ്‌കൂൾ കുട്ടികളെ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് ചെയ്ത കുട്ടികളെ വിട്ടുനൽകണമെന്നും, രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊതുവെ സമാധാനപരമായിരുന്ന പ്രതിഷേധം എന്നാൽ വളരെ പെട്ടെന്നുതന്നെ ദിശമാറുകയായിരുന്നു.

മാർച്ച് 18, 2011 ൽ പ്രതിഷേധത്തിൽ അമർഷം തോന്നിയ സിറിയൻ സർക്കാർ പ്രതിഷേധക്കാർക്കെതിരെ നിറയൊഴിക്കാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ 4 പേരാണ് മരിച്ചത്. അതിന് തൊട്ടടുത്ത ദിവസം മരിച്ചവരുടെ സംസ്‌കാര ചടങ്ങിനെത്തിയവരുടെ നേർക്ക് വീണ്ടും പട്ടാളം നിറയൊഴിച്ചു. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. ഇത് വലിയൊരു പ്രക്ഷോഭത്തിന് കാരണമായി.

what is happening in syria

Bashar al-Assad

ആദ്യം കൂടുതൽ സ്വാതന്ത്ര്യവും ജനാധിപത്യവും മാത്രം ആവശ്യപ്പെട്ട സിറിയൻ ജനത സർക്കാരിന്റെ മനുഷ്യത്വരഹിത നിലപാടിൽ പ്രക്ഷുബ്ദരായി പ്രസിഡന്റ് ബഷർ-അൽ-ആസാദിന്റെ രാജി ആവശ്യപ്പെട്ടു. എന്നാൽ ബഷർ-അൽ-ആസാദ് രാജിവയ്ക്കാൻ തയ്യാറാകാതിരുന്നതോടെ പ്രതിഷേധം ശക്തമായി…

സർക്കാർ അനുകൂലികൾ പ്രതിഷേധക്കാർക്കെതിരെ ശക്തമായി ആഞ്ഞടിച്ചു. ഒടുവിൽ 2012 ൽ സിറിയയിൽ അഭ്യന്തരയുദ്ധമാണെന്ന് റെഡ് ക്രോസ് സംഘടന പ്രഖ്യാപിച്ചു.

ആരാണ് വിമതർ ?

പ്രസിഡന്റ് ആസാദിനെ അനുകൂലിക്കാത്തവരാണ് വിമതർ. ഇതിൽ പ്രതിപക്ഷ പാർട്ടികൾ, 2011 ലെ പ്രതിഷേധക്കാർ, രാജ്യത്തേക്ക് മടങ്ങാൻ കഴിയാതെ വിദേശത്ത് നിൽക്കുന്നവർ എന്നിർ പെടുന്നു.

what is happening in syria

Rebel Fighters

എങ്ങനെയാണ് കളത്തിലേക്ക് ഇസ്ലാമിക് സ്റ്റേറ്റ് എത്തുന്നത് ?

2011 ൽ പ്രസിഡന്റ് ആസാദിനെതിരെയുള്ള പ്രക്ഷോഭത്തെ ഒരു ഒളിത്താവളമായാണ് ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്‌റ്റേറ്റ്) കണ്ടത്. പ്രക്ഷോഭക്കാരുടെയൊപ്പം ചേരുന്നത് വഴി അവർക്ക് വേണ്ട ആയുധങ്ങളും ലഭ്യമായി തുടങ്ങി.

ഐഎസ് തങ്ങളുടെ ഭയാനകമായ ചുവടുകൾ നടത്താനൊരുങ്ങുകയായിരുന്നു. 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് സിറിയയുടെ അയൽ രാജ്യമായ ഇറാഖ് പിടിച്ചെടുത്തു. ശേഷം കിഴക്കൻ സിറിയ ലക്ഷ്യമാക്കി നീങ്ങിയ ഐഎസ് അവിടവും പിടിച്ചെടുത്തു. പരസ്പരം പോരടിക്കുന്നതിനൊപ്പം തന്നെ വിമതരും, സിറിയൻ സൈന്യവും ഐഎസിനെതിരെയും പോരാടാൻ തുടങ്ങി.

what is happening in syria

ഐഎസിനെ തുടച്ചുനീക്കാൻ സെപ്തംബർ 2014 ൽ അമേരിക്ക ഇറാഖിലെ ഐഎസ് സൈന്യത്തിനുനേരെ വ്യോമാക്രമണം നടത്തി. ഒരു വർഷത്തിന് ശേഷം യുകെയിലെ എംപിമാർ ഐഎസിനെതിരെ പട്ടാളനടപടി കൈകൊള്ളണമെന്ന് വോട്ട് ചെയ്തു. വോട്ട് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ ആർഎഎഫ് ടൊർണാഡോ ജെറ്റ്‌സ് പ്രദേശത്ത് ആദ്യത്തെ വ്യോമാക്രമണം നടത്തി.

സിറിയൻ ജനതയും യുദ്ധവും

ലക്ഷക്കണക്കിനാളുകളാണ് സ്വന്തം വീട വിട്ട് ജീവന് വേണ്ടി പാഞ്ഞത്. യുഎൻ (യുനൈറ്റഡ് നേഷൻസ്) കണക്ക് പ്രകാരം ഏകദേശം 50 ലക്ഷം ജനങ്ങളാണ് സിറിയവിട്ടത്. മിക്കവരും അയൽ രാജ്യങ്ങളായ ജോർദാൻ, ലോബനൻ, ടർകി, ഇറാഖ് എന്നിവിടങ്ങളിലേക്കാണ് കിടയേറിപ്പാർത്തത്. ബാക്കി 60 ലക്ഷം പേർ സിറിയയിൽ തന്നെ സുരക്ഷിതമായ ഇടത്തേക്ക് മാറി.

what is happening in syria

സ്‌കൂൾ നശിച്ചതിനാലും, അധ്യാപകർ മരിച്ചതിനാലും നിരവധി കുട്ടികളുടെ വിദ്യാഭ്യാസം പാതി വഴിയിൽ മുടങ്ങി. 10 ലക്ഷത്തിൽ കൂടുതൽ സിറിയൻ ജനതയ്ക്ക് അഭയം തേടിയത് ടർകിയും ലെബനനുമാണ്. നൂറുകണക്കിന് പേർ ജോർദാനിലും ഇറാഖിലും ഈജിപ്തിലും അഭയംതേടി.

സിറിയക്കകത്തും പുറത്തുമായി നിരവധി പേർ സഹായത്തിനായി കാത്തിരിക്കുകയാണ്.

what is happening in syria

എന്നാൽ സിറിയക്കകത്ത് സഹായമെത്തിക്കുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി മിക്ക സന്നധസംഘടനകളും സിറിയക്കകത്ത് കുടുങ്ങി കിടക്കുന്നവരെ കൈയ്യൊഴിയുകയാണ്.

സിറിയയിലെ രാസായുധ പ്രയോഗം

യുദ്ധത്തിൽ രാസായുധങ്ങൾ ഉപയോഗിക്കരുത് എന്നത് അന്താരാഷ്ട്ര നിയമമാണ്. എന്നാൽ 2013 ൽ സിറിയയിൽ രാസായുധങ്ങൾ പ്രയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പക്ഷേ വിമതരും സർക്കാരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.

സെപ്തംബർ 2013 ൽ സിറിയൻ സർക്കാർ രാസായുധങ്ങൾ നശിപ്പിക്കണമെന്ന കരാറിൽ റഷ്യയും അമേരിക്കയും എത്തി. റഷ്യയും അമേരിക്കയും സിറിയൻ യുദ്ധത്തിൽ രണ്ട് പക്ഷങ്ങളിലാണ് നിലകൊണ്ടിരുന്നത് എന്നതുകൊണ്ടുതന്നെ ഇതവർക്ക് പ്രധാനമായിരുന്നു.

ഒക്ടോബർ 2013 നാണ് രാസായുധങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. പദ്ധതിയിൽ ഭാഗമായവർക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരവും ലഭിച്ചു.

what is happening in syria

UN chemical weapons inspectors in Syria

എന്നാൽ ഏപ്രിൽ 2017 ൽ വടക്ക് പടിഞ്ഞാറൻ സിറിയയിൽ വീണ്ടും രാസായുധ പ്രയോഗങ്ങൾ ഉണ്ടായി. ഇതിൽ നിരവധി പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുകെ അടക്കമുള്ള മറ്റുരാജ്യങ്ങൾ എന്നിവരെല്ലാം സംഭവത്തിൽ ആസാദ് ഭരണകൂടത്തിലേക്കാണ് വിരൽ ചൂണ്ടിയത്.

എന്നാൽ സിറിയൻ ഭരണാധികാരി വിമതരാണ് ഇതിന് പിന്നിലെന്ന് പറഞ്ഞു. സിറിയൻ ഭരണകൂടത്തെ അനുകൂലിക്കുന്ന റഷ്യയും പ്രസിഡന്റ് ആസാദിനെ പിൻതാങ്ങി. ഇതോടെ യുകെയുടെ പിന്തുണയോടെ അമേരിക്ക പട്ടാള നടപടിയുമായി മുന്നോട്ടുപോയി.

ഡീ-എസ്‌കലേഷൻ സോൺ

നിലവിൽ യുദ്ധം നടക്കുന്ന കിഴക്കൻ ഗൗത്ത ഡീ-സെ്കലേഷൻ സോണായി 2017 ൽ പ്രഖ്യാപിച്ചതാണ്. ടർകി, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾ സംയുക്തമായി എടുത്ത തീരുമാനപ്രകാരമാണ് കിഴക്കൻ ഗൗത്തയെ ഡീ എസ്‌കലേഷൻ സോണായി പ്രഖ്യാപിക്കുന്നത്. ഈ പ്രദേശത്തിന് മുകളിലൂടെ സിറിയ, റഷ്യ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങൾ പറക്കാൻ പാടില്ല എന്നതായിരുന്നു താരുമാനം.

എന്നാൽ ഈ തീരുമാനങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് 2018 ഫെബ്രുവരി 19 ന് റഷ്യൻ യുദ്ധവിമാനങ്ങളുടെ കരുത്തിൽ സിറിയൻ പട്ടാളം കിഴക്കൻ ഗൗത്തയിൽ ബോംബാക്രമണം നടത്തുന്നത്. ആക്രമണത്തിൽ നൂറായിരം പേരുടെ ജീവനാണ് പൊലിഞ്ഞത്. ആറ് ആശുപത്രികളും  മെഡിക്കൽ സെന്ററുകളും തകർന്നതോടെ പരിക്കേറ്റവർക്കുള്ള വൈദ്യസഹായവും ദുർഖടമായി.

what is happening in syria

ഫെബ്രുവരി 25 ന് യുഎൻ സെക്യൂരിറ്റി കൗൺസിലിലെ റഷ്യ ഉൾപ്പെടെയുള്ള അംഗങ്ങൾ 30 ദിവസത്തെ വെടിനിർത്തൽ കരാറിനനുകൂലമായി വോട്ടുചെയ്തു.

2018 ഫെബ്രുവരി 26 ആയിട്ടും ഗൗത്തയുടെ ഒരിഞ്ച് പോലും സിറിയൻ ഭരണകൂടത്തിന് തിരിച്ചുപിടിക്കാൻ സാധിച്ചിട്ടില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. മോർട്ടൽ ഷെല്ലുകൾ, ബാരൽ ബോംബ്, ക്ലസ്റ്റർ ബോംബ് എന്നിവയാണ് സിറിയൻ പട്ടാളം ഉപയോഗിക്കുന്നത്.

അതിനിടെ വിഷമയമായ ക്ലോറിൻ വാതകം ശരീരത്തിൽ പ്രവേശിച്ചതിന്റെ ലക്ഷണങ്ങൾ ആക്രമണത്തിൽപ്പെട്ടവരിൽ കാണുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് നുണയാണെന്ന് പറഞ്ഞ് തള്ളി കളയുകയായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രി.

കിഴക്കൻ ഗൗത്തയിൽ കുടുങ്ങി കിടക്കുന്നവർ ഹ്യുമാനിറ്റേറിയൻ കോറിഡോർ വഴി രക്ഷപ്പെടാമെന്ന് റഷ്യ പ്രഖ്യാപിച്ചിരുന്നു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയായിരുന്നു ജനങ്ങൾക്ക് രക്ഷപ്പെടാൻ റഷ്യ കൊടുത്തിരുന്ന സമയം. എന്നാൽ ഒരാൾക്ക് പോലും ഇതിലൂടെ രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. സിറിയൻ വിമതർ ഈ ഭാഗത്ത് വെടിയുതിർത്തതാണ് രക്ഷപ്പെടൽ നീക്കം പാളിപ്പോകാൻ കാരണം.

എന്തുകൊണ്ട് കിഴക്കൻ ഗൗത്ത ?

what is happening in syria

തലസ്ഥാനമായ ഡമാസ്‌കസിൽ നിന്നും 10 കിമി അകലെ സ്ഥിതി ചെയ്യുന്ന പ3ദേശമാണ് കിഴക്കൻ ഗൗത്ത. തലസ്ഥാനത്തുനിന്നും അത്രയടുത്തായതുകൊണ്ട് തന്നെ വിമതരിൽ നിന്നും പ്രദേശം തിരിച്ചുപിടിച്ചെടുക്കുക എന്നത് സിറിയൻ സർക്കാരിന് പ്രധാനമാണ്.

104 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന പ3ദേശത്ത് 4 ലക്ഷത്തോളം ആളുകളാണ് ജീവിക്കുന്നത്. ഇതിൽ പകുതിയും 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഈ മാർച്ചിൽ സിറിയൻ ആഭ്യന്തരയുദ്ധം തുടങ്ങിയിട്ട് എട്ട് വർഷം ആകുകയാണ്. 465,000 പേരാണ് സിറിയയിൽ ഇതുവരെ മരിച്ചിരിക്കുന്നത്. 1.2 കോടി സിറിയക്കാരാണ് വീടും നാടുമില്ലാതെ തെരുവിലായത്.

ബുധനാഴ്ച്ചത്തെ കണക്ക് പ്രകാരം കിഴക്കൻ ഗൗത്തയിൽ ഇതുവരെ 582 പേർ മരിച്ചു. സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പുറത്തുവിട്ട കണക്കാണ് ഇത്. 185 കുട്ടികളും 109 സ്ത്രീകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ മരിച്ചതായി മറ്റൊരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എന്ന് തീരും സിറയയിലെ ദുരിതം എന്ന ചോദ്യത്തിന് ഉത്തരമില്ല….500 ലേറെ മരണം, 4 ലക്ഷത്തോളം പേർ കുടുങ്ങി കിടക്കുന്നു, എങ്ങും മൃതശരീരങ്ങളും, തകർന്നടിഞ്ഞ് കെട്ടിടങ്ങളും, വെടിയൊച്ചകളും, രക്തവും, കണ്ണീരും…ഭൂമിയിലെ നരകം…അതാണ് സിറിയയിലെ അവസ്ഥയെ കുറിച്ച് യുഎൻ ഹ്യൂമൻ റൈറ്റ്‌സ് കൗൺസിൽ പറഞ്ഞത്…..ഭൂമിയിലെ നരകം !

what is happening in syria

what is happening in syria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here