ഗോകുലത്തിന് തോല്‍വി

സൂപ്പര്‍ കപ്പ് യോഗ്യതകള്‍ക്ക് തിരിച്ചടിയെന്നോണം ഗോകുലം എഫ്സി കേരള ടീമിന് ഐ ലീഗിലെ ഐസോള്‍ എഫ്സിക്കെതിരെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. നിലവിലെ ചാമ്പ്യന്മാരായ ഐസോള്‍ എഫ്സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളം തോല്‍വി ഏറ്റുവാങ്ങിയത്. ആദ്യ പകുതിയില്‍ ലീഡ് ഗോള്‍ നേടിയ ശേഷമായിരുന്നു ഗോകുലത്തിന്റെ ദയനീയ പരാജയം. 60-ാം മിനിറ്റിലും 74-ാം മിനിറ്റിലും ഡോഡോസ് ഐസോളിനു വേണ്ടി ഇരട്ട ഗോള്‍ നേടിയതാണ് അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. 78-ാം മിനിറ്റില്‍ ലാല്കോപുയ്മാവിയ മൂന്നാം ഗോളും നേടിയതോടെ ഗോകുലം പരാജയം ഉറപ്പിച്ചു. 25-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മഹ്മൂദ് അല്‍ അജ്മിയാണ് ഗോകുലത്തിന് വേണ്ടി ഗോള്‍ നേടിയത്.
നിലവില്‍ 17 മത്സരത്തില്‍ നിന്ന് ആറ് വിജയവും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും സഹിതം 20 പോയന്റുള്ള ഗോകുലം ഏഴാം സ്ഥാനത്താണ്. ആദ്യ ആറ് സ്ഥാനക്കാരാണ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാനെതിരെയുള്ള അവസാന മത്സരത്തില്‍ വിജയിച്ചാല്‍ ഗോകുലത്തിന് സൂപ്പര്‍ കപ്പ് സാധ്യത നിലനിര്‍ത്താം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here