ഹോട്ടലുകളിൽ കയറുന്നതിന് മുമ്പേ തന്നെ ഇനി അറിയാം വൃത്തിയും സൗകര്യങ്ങളും

കഴിക്കാൻ കയറുന്നതിന് മുമ്പേ തന്നെ ഇനി അറിയാം കോഴിക്കോട്ടെ ഹോട്ടലുകളുടെ അടുക്കളയിലെ വൃത്തി മുതൽ ജീവനക്കാരൻറെ ശുചിത്വം വരെ. ഇതിനായി കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിൽ ഗ്രേഡിങ് ഏർപ്പെടുത്താനുള്ള തീരുമാനത്തിലാണ് കോർപ്പറേഷൻ.
ഹോട്ടലുകളുടെ വലിപ്പവും സൗകര്യവും പരിഗണിച്ച് ആദ്യം മൂന്ന് ഗ്രേഡുകൾ നൽകും. ഹോട്ടലുകൾക്ക് സ്റ്റാർ പദവിക്ക് പകരം സ്‌മൈലികൾ നൽകിയാണ് പിന്നീട് തരം തിരിക്കുന്നത്. ഹോട്ടലുകളുടെ വൃത്തിയും മറ്റു സൌകര്യങ്ങളും പരിഗണിച്ച് ഒന്ന് മുതൽ അഞ്ച് സ്‌മൈലി വരെ ലഭിക്കും.
അടുക്കളയുടെ ശുചിത്വം, ശുചിമുറികളുടെ വൃത്തി, കുടിവെള്ളത്തിൻറെ ശുദ്ധി, ജീവനക്കാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് സ്‌മൈലികൾ നൽകുക. ഉപഭോക്താക്കളുടെ പ്രതികരണവും പരിഗണിക്കും. കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് ഗ്രേഡ് നിർണയിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here