മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ഇതുവരെ സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ

സർക്കാർ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വിവിധമേഖലകളിൽ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേർക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഇതേ കാലയളവിൽ 2011ജൂൺ മുതൽ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്നു ദുരിതാശ്വാസനിധിയിൽ നിന്നും വിതരണം ചെയ്തത്. കൂടുതൽ ആളുകൾക്ക് കൂടുതൽ ധനസഹായം എത്തിക്കാൻ ഇത്തവണ കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വേഗത്തിൽ സഹായധനം അനുവദിക്കാൻ കുറ്റമറ്റസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓൺലൈനായി അപേക്ഷ നൽകാനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടറിയേറ്റിൽ നേരിട്ട് എത്തണമെന്നില്ല. ചികിത്സാരേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കിൽ വേഗത്തിൽ തീരുമാനമെടുക്കാൻ കഴിയും. അപേക്ഷയിന്മേൽ റിപ്പോർട്ട് ഓൺലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവിൽ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാൻ സർക്കാരിന് കഴിയുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാൻ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടിൽ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ മാസത്തോടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കുന്ന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here