രണ്ടാം അങ്കത്തില്‍ ലങ്കയോട് പകരംവീട്ടി ഇന്ത്യ

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ ആതിഥേയരായ ലങ്കയെ ഇന്ത്യ 6 വിക്കറ്റിന് തോല്‍പ്പിച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ ശ്രീലങ്ക തോല്‍പ്പിച്ചിരുന്നു. ആദ്യ കളിയിലെ തോല്‍വിക്ക് കൊളംമ്പോയില്‍ ഇന്ത്യ മറുപടി നല്‍കുകയായിരുന്നു. മഴമൂലം 19 ഓവറായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടിയപ്പോള്‍ 17.3 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. ശ്രീലങ്കയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കുവേണ്ടി കുശാല്‍ മെന്‍ഡിസ് 38 പന്തുകളില്‍ നിന്ന് 55 റണ്‍സ് നേടി ടോപ് സ്‌കോററായി. ഉപുല്‍ തരംഗ 22 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. 4 ഓവറില്‍ നിന്ന് വെറും 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറാണ് ശ്രീലങ്കയെ 152 റണ്‍സില്‍ ഒതുക്കിയത്. വാഷിങ്ടണ്‍ സുന്ദര്‍ 2 വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി മനീഷ് പാണ്ഡെ 42 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 39 റണ്‍സും നേടി പുറത്താകാതെ നിന്നു. 31 പന്തുകളില്‍ നിന്ന് 3 ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിംഗ്‌സ്. 5 ഫോറുകളുടെ അകമ്പടിയോടെ 25 പന്തുകളില്‍ നിന്നാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ ദിനേശ് കാര്‍ത്തിക്ക് 39 റണ്‍സ് നേടിയത്. ഇരുവരുടെയും കൂട്ടുക്കെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തുടര്‍ച്ചയായ മത്സരങ്ങളില്‍ കുറവ് റണ്‍സിന് പുറത്താകുന്നത് ഇന്നലെയും ആവര്‍ത്തിച്ചു. രോഹിത്തിന് 11 റണ്‍സ് മാത്രമാണ് നേടാനായത്. സുരേഷ് റെയ്‌ന 27 റണ്‍സ് നേടി. പരമ്പരയില്‍ മികച്ച ഫോമില്‍ ആയിരുന്ന ശിഖര്‍ ധവാന്‍ എട്ട് റണ്‍സ് മാത്രം നേടി പുറത്താകുകയായിരുന്നു. ടൂര്‍ണമെന്റില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ട ഇന്ത്യ 2 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here