ത്രിരാഷ്ട്ര ട്വന്റി-20; ഇന്ത്യ ഫൈനലില്‍

ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചു. ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ 17 റണ്‍സിന് ഇന്ത്യ വിജയം സ്വന്തമാക്കിയതോടെയാണ് ഫൈനല്‍ പ്രവേശനം ഉറപ്പിക്കാന്‍ കഴിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ 6 വിക്കറ്റിന് 159 റണ്‍സ് മാത്രമാണ് നേടാനായത്. അവസാനം വരെ ബംഗ്ലാദേശ് പൊരുതിയങ്കെലും 17 റണ്‍സ് അകലെ ബംഗ്ലാ കടുവകള്‍ മുട്ടുമടക്കി.
ബംഗ്ലാദേശിന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹീം 55 പന്തുകളില്‍ നിന്ന് 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. തമീം ഇക്ബാല്‍, സബീര്‍ റഹീം എന്നിവര്‍ 27 റണ്‍സ് വീതം നേടി. ഇന്ത്യയ്ക്കുവേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി.
നേരത്തേ ടോസ് ലഭിച്ച ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്‌സാണ് ഇന്ത്യയെ തുണച്ചത്. ഏറെ മത്സരങ്ങളിലായി ഫോം നഷ്ടപ്പെട്ട രോഹിത്തിന് ഇന്നലത്തെ മത്സരത്തില്‍ താളം കണ്ടെത്താനായി. 61 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രോഹിത് 89 റണ്‍സ് നേടി അനാവശ്യ റണ്‍സിനായുള്ള ഓട്ടത്തിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. സുരേഷ് റെയ്‌ന 47 റണ്‍സും ഓപ്പണര്‍ സിഖര്‍ ധവാന്‍ 35 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം. ബംഗ്ലാദേശിന് വേണ്ടി റുബെല്‍ ഹൊസെയ്ന്‍ മാത്രമാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്.
ബംഗ്ലാദേശിനെതിരെ വിജയം നേടിയതോടെ ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചു. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക-ബപംഗ്ലാദേശ് പോരാട്ടത്തില്‍ വിജയം നേടുന്നവരാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here