ഈ അവിശ്വാസത്തില്‍ പലതുമുണ്ട്

ഉന്മേഷ് ശിവരാമന്‍
രാജ്യത്തിന്റെ പുരോഗതിക്കായുള്ള ഗവേഷണത്തിന് അനുയോജ്യ സമയമാണിതെന്ന് , പ്രധാനമന്ത്രി ഇംഫാലില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോള്‍ ആന്ധ്രയുടെ പുരോഗതിക്കായി എന്‍ഡിഎയെ തലാഖ് ചൊല്ലുകയായിരുന്നു ടിഡിപി. ആന്ധ്രാപ്രദേശിന് പ്രത്യക പദവിയെന്ന വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റം. വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും
ലോക്‌സഭയില്‍ സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കേന്ദ്രസര്‍ക്കാരിന് ഭീഷണിയില്ലെങ്കിലും,ആദ്യ അവിശ്വാസ പ്രമേയം ഒരു രാഷ്ട്രീയസൂചകമാണ്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അധിക ദൂരമില്ലെന്നിരിക്കേ ബിജെപി നന്നായി വിയര്‍ക്കുമെന്ന് സാരം.
കുറയുന്ന ഭൂരിപക്ഷം; വിട്ടുപോകുന്ന പാര്‍ട്ടികള്‍
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 336 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം അധികാരത്തില്‍ എത്തിയത്.ബിജെപിക്ക് മാത്രമായി കേവല ഭൂരിപക്ഷം ഉണ്ടായിരുന്നു; 282 സീറ്റുകള്‍.സ്ഥിതി മാറിയിരിക്കുന്നു.
ഉപതിരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ തോല്‍വികള്‍ ബിജെപിയുടെ ലോക്‌സഭാ പ്രാതിനിധ്യം 273-ആയി കുറച്ചു. പതിനാറ് എംപിമാരുള്ള ടിഡിപി പുറത്തുപോയപ്പോള്‍ എന്‍ഡിഎയുടെ അംഗസംഖ്യയിപ്പോള്‍ 315 മാത്രമാണ്.
ബിജെപിയുടെ നിലപാടുകളില്‍ ശിവസേനയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. പലതവണ പരസ്യമായിത്തന്നെ അവരത് വ്യക്തമാക്കുകയും ചെയ്തു.
വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒപ്പം ഏതൊക്കെ പാര്‍ട്ടികള്‍ ഉണ്ടാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.
പ്രതിപക്ഷം ഒരുമിച്ച് നീങ്ങിയാല്‍ നേട്ടം
2014-ല്‍ ഭരണം പിടിക്കുമ്പോള്‍ ബിജെപിക്ക് കിട്ടിയത് 30 ശതമാനം വോട്ടുമാത്രമാണ്. എന്‍ഡിഎയുടെ വോട്ടുശതമാനം 38.5-ഉം. ചിതറിപ്പോയ വോട്ടുകളാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. 2019-ല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഒരുമിച്ചാല്‍ പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാം. കോണ്‍ഗ്രസ്,തൃണമൂല്‍ കോണ്‍ഗ്രസ്,ബിജെഡി,എസ്പി,ബിഎസ്പി,ആര്‍ജെഡി,ഡിഎംകെ,ടിഡിപി,വൈഎസ്ആര്‍ കോണ്‍ഗ്രസ്,ഇടതുപാര്‍ട്ടികള്‍ എന്നിങ്ങനെ പ്രതിപക്ഷത്ത് ഐക്യനിര രൂപം കൊണ്ടാല്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകും. കോണ്‍ഗ്രസിന്റെ നേതൃത്വമില്ലാതെ മൂന്നാം മുന്നണിയെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. മമതാ ബാനര്‍ജിയാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. അത് എത്രത്തോളം ഫലപ്രദമാകുമെന്നത് പ്രതിപക്ഷത്തിനും വെല്ലുവിളിയാണ്.
കര്‍ഷകസമരങ്ങള്‍ ഒരു പാഠമാണ്
മഹാരാഷ്ട്രയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ച് വിജയമായിരുന്നു. ബിജെപി സര്‍ക്കാരിനെക്കൊണ്ട് ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞു.
കുത്തകകളെ പരമാവധി സഹായിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഇപ്പോള്‍ രഹസ്യമല്ല. രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ അത് മനസ്സിലാക്കി കഴിഞ്ഞു. കഴിഞ്ഞ ബജറ്റില്‍ കര്‍ഷക ക്ഷേമം പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടപ്പാക്കാന്‍ വേണ്ടിയല്ലെന്ന് നാലുവര്‍ഷത്തെ അനുഭവങ്ങളിലൂടെ കര്‍ഷകര്‍ക്ക് അറിയാം.
ഉത്തര്‍പ്രദേശിലെ ‘ചലോ ലഖ്‌നൗ’ മാര്‍ച്ചും കര്‍ഷക ദുരിതത്തെ തുറന്നു കാട്ടിയിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന കര്‍ഷക സമരങ്ങളും ബിജെപി സര്‍ക്കാരുകള്‍ക്ക് എതിരായ പടയൊരുക്കമായിരുന്നു. ഇതെല്ലാം ബിജെപിക്ക് പാഠമാണെങ്കിലും സാമ്പത്തിക വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തിയാണ് ബിജെപി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാറുള്ളത്. എത്രകാലം ഈ സാമ്പത്തികവാദം അവരെ
വിജയിപ്പിക്കുമെന്നതും കണ്ടറിയേണ്ടതു തന്നെ.
അമിത ആത്മവിശ്വാസം തിരിച്ചടിയാകും
നാലില്‍ മൂന്ന് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന ഒരു സംസ്ഥാനത്ത് പേടിക്കാന്‍ ഒന്നുമില്ലെന്ന ചിന്ത ബിജെപിക്ക് ഇപ്പോള്‍ മാറിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് 2014-ല്‍ വിജയിച്ച ഗോരഖ്പൂരിലും ഫൂല്‍പൂരിലും സമാജ് വാദി പാര്‍ട്ടിയാണ് അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
മൂന്ന് പതിറ്റാണ്ടായി ബിജെപിയെ മാത്രം വിജയിപ്പിച്ച ഗൊരഖ്പൂരാണ് കൈവിട്ടു പോയത്. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രതികരിച്ചത്. എസ്പിയും ബിഎസ്പിയും ഒരുമിച്ചതാണ് തോല്‍വിയുടെ കാരണമെന്ന് പറയുമ്പോഴും കൂട്ട ശിശുമരണം നടന്ന നാടാണ് ഗൊരഖ്പൂര്‍ എന്നതും മറക്കേണ്ട. അനുഭവങ്ങള്‍ കൂടിയാണല്ലോ വോട്ടിന്റെ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്.
ടിഡിപിയുടെ അവിശ്വാസ പ്രമേയം സര്‍ക്കാരിനെ വീഴ്ത്തില്ലെന്നത് ശരിതന്നെ. എന്നാല്‍, നാലുവര്‍ഷം ഭരിച്ച സര്‍ക്കാരിന് ആദ്യമായി ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് പ്രധാനപ്പെട്ടതാണ്. വാഗ്ദാനലംഘനമാണ് കാരണം. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാത്ത സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ കൂടി തിരിച്ചറിഞ്ഞാല്‍ അടുത്ത തവണ, പടിതൊട്ട് വന്ദിച്ച് മോദിക്ക് പാര്‍ലമെന്റിലേക്ക് കയറേണ്ടി വരില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here