ചോദ്യശരങ്ങളുടെ ഇതിഹാസം തീർത്ത് ശ്രീകണ്ഠൻ നായർ

അരവിന്ദ് വി
ടെലിവിഷൻ ചരിത്രത്തിൽ ഇനി ഇതിന് സമാനമായതൊന്നില്ല. ചോദ്യങ്ങൾ ആറ് ശതകം കടന്ന് ഇനി സമീപഭാവിയിൽ തിരുത്തപ്പെടാൻ ഇടയാകാത്ത വിധം റെക്കോഡിന്റെ ലോക നെറുകയിലേക്ക് ആർ ശ്രീകണ്ഠൻ നായരും ഫ്‌ളവേഴ്‌സ് ടി വി യും നടന്നു കയറിയിരിക്കുന്നു. ആറ് മണിക്കൂർ സമയത്തിൽ 680 ചോദ്യങ്ങളിലായി പ്രസക്തമായ ആറ് വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് ലോകറെക്കോർഡ് എന്ന വാർത്തയ്ക്കും അപ്പുറം ശ്രീകണ്ഠൻ നായർ എന്ന അവതാരകനും ടെലിവിഷൻ ചർച്ചയുടെ ഈ രൂപവും ഒരിക്കൽ കൂടി മലയാളിക്ക് ആവേശമാകുന്നത്. കേവലം ഒരു ഗിന്നസ് റെക്കോർഡിലേക്കുള്ള ശ്രമമായല്ല ; മലയാള ടെലിവിഷൻ സംസ്കാരത്തിൽ കാലോചിതമായി വരുത്തേണ്ട തിരുത്തലുകളുടെ ഓർമപ്പെടുത്തലാണ് കടന്നു പോകുന്നത്. പ്രസക്തമായ ചർച്ചകൾക്ക് അനാവശ്യമായ പരിഷ്കാരങ്ങളുടെ ആവശ്യമില്ല. എന്നാൽ കാലം ആവശ്യപ്പെടുന്നത് എന്ന തെറ്റിദ്ധാരണയിൽ ടെലിവിഷൻ രംഗം വരുത്തി വച്ച അപരിഷ്‌കൃതമായ പരിഷ്കരണങ്ങൾ ജനങ്ങളാൽ തിരസ്കരിക്കപ്പെടുന്ന കാലത്താണ് ആയിരം എപ്പിസോഡുകൾ തികയ്ക്കുന്ന ശ്രീകണ്ഠൻ നായരുടെ ചർച്ചാ വേദി ലോക റെക്കോഡിലേക്ക് കടന്നത്.
വാർത്തകളുടെ ലോകത്തെ വിഷയങ്ങളുടെ കാഠിന്യം അവയെ പൊതുജനങ്ങളിൽ നിന്നും അകറ്റി നിർത്തുന്നതിന് പരിഹാരമായാണ് ശ്രീകണ്ഠൻ നായർ എന്ന പ്രക്ഷേപകൻ ആകാശവാണിയിൽ നിന്നും ദൃശ്യ മാധ്യമലോകത്തേക്ക് കടന്നു വന്നത്. അത് ഒരു വെറും വരവായിരുന്നില്ല എന്ന് കാലം തെളിയിക്കുന്നു. ചോദ്യങ്ങളുടെ എണ്ണത്തിലല്ല; ജനം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങൾ തൊടുത്തു വിടുന്ന ഒരു സാധാരണക്കാരൻ എന്ന നിലയിലാണ് ആർ ശ്രീകണ്ഠൻ നായർ ജനമനസിലേക്ക് ഓടിക്കയറിയത്.
ചർച്ചയ്ക്കിരിക്കുന്ന ജനങ്ങൾക്കിടയിൽ അതിവേഗം ഓടി നടക്കുന്ന അവതാരകന്റെ പ്രകടനങ്ങൾ അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു, അനുകരിക്കപ്പെട്ടു, ആസ്വദിക്കപ്പെട്ടു ! ആ ചലനങ്ങൾ തന്റെ യഥാർത്ഥ രീതി ആയിരുന്നില്ല എന്നും ചർച്ചയുടെ ലാളിത്യം ഉറപ്പ് വരുത്തുന്നതിന് വേണ്ടി സൃഷ്ടിച്ചതാണെന്നും ശ്രീകണ്ഠൻ നായർ തന്നെ വെളിപ്പെടുത്തിയത് ‘നമ്മൾ തമ്മിൽ’ 500 എപ്പിസോഡുകൾ പിന്നിട്ട ദിവസങ്ങളിൽ ആയിരുന്നു. പക്ഷെ പിന്നീടുള്ള അദ്ദേഹത്തിന്റെ ദൃശ്യ മാധ്യമ പ്രവർത്തന ജീവിതത്തിൽ ആ വേഗം ഒരു ശീലമായി. ഒപ്പം പ്രവർത്തിക്കുന്നവർ കൂടെയെത്താൻ അതേ വേഗത്തിൽ ഓടിത്തുടങ്ങി. അതിനേക്കാൾ പ്രധാനം ശ്രീകണ്ഠൻ നായർ ഉയർത്തുന്ന ചോദ്യങ്ങൾക്കൊപ്പം അതേ വേഗത്തിൽ ചിന്തകളെ നയിക്കാൻ മലയാളി പ്രേക്ഷകർ ശീലിച്ചു എന്നതാണ്.
ശ്രീകണ്ഠൻ നായർ ഷോ ഒരിക്കലും നിന്ന് പോകരുതാത്ത ഷോ ആണ്. അതായത് അതിനു തുടർച്ചകൾ ഉണ്ടാകേണ്ടതാണ്. ഭദ്രമായ കൈകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട മാതൃകയാണ് ശ്രീകണ്ഠൻ നായർ മുന്നോട്ടു വയ്ക്കുന്ന ചർച്ചാഭാഷ. ഇതിനോടകം അനുകരണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനൊപ്പമെത്താൻ ആർക്കുമാകാത്തതിന്റെ കാരണം ഒരു വ്യക്തി മാത്രമല്ല; മറിച്ച് അനുകരിക്കുന്നവർ മറന്നു പോകുന്ന ചില മൂലകങ്ങൾ ഇതിലുണ്ട് എന്നതാണ്. അതിൽ ഏറ്റവും പ്രധാനം ഭാഷയാണ്. സാധാരണക്കാരന്റെ ഭാഷയിൽ ചോദിച്ചാൽ ഉത്തരങ്ങളിലും ചർച്ചയിലും ആത്മാർഥതയും മൂല്യവും കടന്നു വരും. ചർച്ചയിൽ പങ്കെടുക്കുന്നവരിൽ മലയാളിക്ക് അവരവരെ പ്രതിഷ്ഠിക്കാൻ കഴിയണം എന്നതാണ് മറ്റൊരു വസ്തുത. ചർച്ചയുടെ നീതി ഉറപ്പ് വരുത്തും വിധം എല്ലാ ജനവിഭാഗങ്ങളെയും തുലനം ചെയ്തു വേണം തെരഞ്ഞെടുക്കാൻ. അഭിപ്രായങ്ങളിലേക്ക് അവതാരകന്റെ കടന്നു കയറ്റങ്ങളിൽ പാലിക്കുന്ന നീതിയാണ് സുപ്രധാനം. എല്ലാവർക്കും തുല്യ അവസരം. അവതാരകൻ നിക്ഷ്പക്ഷനാവുക എന്ന മര്യാദ മറക്കുന്നതാണ് ഭൂരിപക്ഷം അനുകരണങ്ങളും വിജയിക്കാതെ പോകുന്നതിന്റെ കാരണം.
ടെലിവിഷൻ ചർച്ചകളെ ‘അന്തിചർച്ചകൾ’ എന്ന് ആക്ഷേപിക്കുന്ന ജനസമൂഹത്തിന് മുന്നിലാണ് ആയിരത്തിന്റെ നിറവിൽ ഒരു ചർച്ചാവേദി തിളങ്ങി നിൽക്കുന്നത് എന്നത് ഒരു ഗിന്നസ് പുരസ്കാരത്തെക്കാൾ തിളക്കമേറെയുള്ളതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here