നിധി: പ്രണയത്തിന്റെ ഇരട്ടമുഖം

കാല്‍പ്പനിക പ്രണയമാണ് പലപ്പോഴും സിനിമകളുടെ ഇടം. മലയാള സിനിമയിലെ പ്രണയവഴികളും വ്യത്യസ്തമല്ല.റിയലിസത്തിലേക്ക് മലയാള സിനിമയിലെ പ്രണയം സഞ്ചരിച്ചു തുടങ്ങിയിട്ട് ഏറെ കാലമായിട്ടില്ല. ഹ്രസ്വചിത്ര വ്യാപനമാണ് മലയാളത്തില്‍ സിനിമയുടെ ജനകീയവത്കരണം സാധ്യമാക്കിയത്.പലതരം ജീവിതങ്ങളും പലതരം മനുഷ്യരും നിറഞ്ഞ ലോകത്തേക്കാണ് സമകാലിക മലയാള ഹ്രസ്വചിത്രങ്ങള്‍ ക്യാമറ വെയ്ക്കുന്നത്. ‘നിധി’ പ്രണയം പറയുന്ന ഹ്രസ്വചിത്രമാണ്. ആയുഷും(പോള്‍) ശാലിനിയുമാണ്(സ്വാസിക) കഥാപാത്രങ്ങള്‍. പ്രണയത്തിന്റെ ഓര്‍മ്മയും സമകാലിക യാഥാര്‍ത്ഥ്യവുമാണ് ചിത്രം അവതരിപ്പിക്കുന്നത്
കരുത്തുറ്റ സ്ത്രീകഥാപാത്രമാണ് ശാലിനി. യാഥാര്‍ത്ഥ്യ ബോധമാണ് അവളെ നയിക്കുന്നത്. പ്രണയം നഷ്ടമാകുന്ന സന്ദര്‍ഭം ഒരു സ്ത്രീയെ തളര്‍ത്തുകയല്ല, വളര്‍ത്തുകയാണെന്ന് ശാലിനിയുടെ കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നു. മൂന്ന് വര്‍ഷത്തെ പ്രണയനഷ്ടത്തിന് ശേഷം കണ്ടുമുട്ടുമ്പോഴും ആയുഷിന്റെ ശീലങ്ങള്‍ അവള്‍ മറന്നിട്ടില്ല.പക്ഷേ,’നാം ആഗ്രഹിച്ച പോലെ ഇനി ജീവിക്കാന്‍ കഴിയില്ല’ എന്ന യാഥാര്‍ത്ഥ്യം ആയുഷിനോട് പറയാന്‍ മടികാണിക്കുന്നുമില്ല. സ്വാസികയുടെ അഭിനയം ,അനുഭവങ്ങളിലൂടെ കരുത്ത് നേടിയ സ്ത്രീഭാവത്തെ അതേപടി പകര്‍ത്തുന്നുണ്ട്.’ മാറില്ലെന്ന് നാം വിചാരിച്ചതെല്ലാം മാറിയില്ലേ,നമ്മളും മാറിയില്ലേ’ എന്ന് ശബ്ദത്തിന് ഇടര്‍ച്ചയില്ലാതെ ചോദിക്കാന്‍ കഴിയുന്നത് അനുഭവങ്ങള്‍ പകര്‍ന്ന കരുത്തുകൊണ്ടാണ്. ഒരിക്കല്‍ പ്രണയിച്ചവര്‍ പ്രണയനഷ്ടത്തിന് ശേഷം കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകാവുന്ന സ്വാഭാവികമായ വികാരവിക്ഷോഭങ്ങള്‍ ശാലിനിയുടെ മുഖത്തില്ലെന്നതും ചേര്‍ത്തുവായിക്കണം.
മൂന്നുവര്‍ഷത്തെ അകല്‍ച്ചയ്ക്കു ശേഷമാണ് ആയുഷ് ശാലിനിയെ കാണുന്നത്. പ്രണയത്തെ വീണ്ടെടുക്കാനാണ് ആയുഷിന്റെ ശ്രമം.ആയുഷ് കുറച്ചുകൂടി കാല്‍പ്പനികനാണ്. ശാലിനിയോട് ഇനി നമുക്കൊരു ജീവിതമായിക്കൂടേ എന്നാണ് അയാളുടെ ചോദ്യം. കാലത്തിന് മായ്ക്കാന്‍ കഴിയാത്തതാണ് ആ പ്രണയം. ആയുഷിന്റെ ജീവിത യാഥാര്‍ത്ഥ്യമാണത്. ഫ്രെയിമിലേക്ക് കടന്നു വരുമ്പോഴുള്ള പ്രസന്നതയല്ല
ചിത്രത്തിന്റെ അവസാനഭാഗത്ത് ആയുഷിന്റെ മുഖത്തുള്ളത്. ഒരിക്കല്‍ക്കൂടി ശാലിനിയെ നഷ്ടമാകുന്നുവെന്ന യാഥാര്‍ത്ഥ്യം ആയുഷിനെ ദുര്‍ബലനാക്കുന്നുണ്ട്. സാധാരണ പുരുഷയുക്തിയല്ല അയാളുടേത് എന്നതാണ് വേറിട്ടുനില്‍ക്കുന്നത്. പ്രണയം ജീവിതമായി കരുതുന്ന പുരുഷനായിരുന്നു ആയുഷ്. അയാള്‍ ദുര്‍ബലനാകുന്നതും ആ പ്രണയത്താല്‍ തന്നെ.
പ്രേക്ഷകന്‍ ഉത്തരം പറയട്ടെ
മകള്‍ക്കിടാന്‍ അവര്‍ കണ്ടുവച്ചിരുന്ന പേരാണ് ‘നിധി’.ഒരു ഫോണ്‍ സംഭാഷണത്തിലൂടെയാണ് അക്കാര്യം പ്രേക്ഷകര്‍ അറിയുന്നത്. പ്രണയം നഷ്ടപ്പെട്ടപ്പോള്‍ തിരക്കിലായിരുന്നു എന്ന് പറയുന്ന, നമ്മള്‍ മാറിയില്ലേ എന്ന് ആകാശിനോട് ചോദിക്കുന്ന ശാലിനി മകള്‍ക്ക് അതേപേര് തന്നെയിട്ടുവെന്നത് പ്രേക്ഷകര്‍ക്ക് ഉത്തരം നിശ്ചയിക്കാവുന്ന നീതിയുടെ ചോദ്യമായി മാറുന്നു. അങ്ങനെ പ്രേക്ഷകരെക്കൂടി ‘നിധി’ കാഴ്ചയില്‍ പങ്കാളിയാക്കുന്നുണ്ട്. ഇത്തരത്തില്‍ ഹ്രസ്വചിത്ര കാലത്തെ അഭിനന്ദിക്കപ്പെടേണ്ട മാതൃകയായി ‘നിധി’ മാറുന്നു.
ചുരുങ്ങിയ കാലത്തിനിടയ്ക്ക് ഒരു ലക്ഷത്തിലേറെ പേരാണ് യൂട്യൂബിലൂടെ ‘നിധി’യെന്ന ഹ്രസ്വചിത്രം കണ്ടത്.മാഞ്ചോട്ടില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് കോവൂരാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.മെല്‍വിന്‍ ജോര്‍ജ്ജാണ് ക്യാമറ.അനന്തു കൃഷ്ണയാണ് എഡിറ്റര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here