ദേശീയ നഗര ഉപജീവന ദൗത്യം; കുടുംബശ്രീക്ക് മികച്ച പ്രവർത്തനത്തിനുള്ള ആറു കോടി രൂപയുടെ ദേശീയ പുരസ്‌കാരം

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി കേരളത്തിലെ തൊണ്ണൂറ്റി മൂന്നു നഗരസഭകളിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയതിനുള്ള ദേശീയ പുരസ്‌കാരം കുടുംബശ്രീക്ക് ലഭിച്ചു. ആറു കോടി രൂപയുടെ പുരസ്‌കാരം ഡൽഹിയിലെ പ്രവാസി ഭാരതി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി ഹർദീപ് സിങ്ങ് പുരിയിൽ നിന്നും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ, അർബൻ പ്രോഗ്രാം ഓഫീസർ ബിനു ഫ്രാൻസിസ്, സ്റ്റേറ്റ് മിഷൻ മാനേജർമാരായ ജെയ്‌സൺ.പി.ജെ, സുധീർ.കെ.ബി, രാജേഷ് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മികച്ച പ്രവർത്തനത്തിനു കുടുംബശ്രീ നാഷണൽ റിസോഴ്‌സ് ഓർഗനൈസേഷൻ, കേന്ദ്ര പദ്ധതിയായ ദീൻ ദയാൽ ഉപധ്യായ ഗ്രാമീൺ കൗശല്യ യോജന എന്നിവ ഉൾപ്പെടെ കുടുംബശ്രീക്ക് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ ദേശീയ പുരസ്‌കാരമാണിത്.
201718 വർഷം നഗരമേഖലയിൽ കുടുംബശ്രീ മുഖേന നടപ്പാക്കിയ പദ്ധതികളുടെ മികവാണ് കുടുംബശ്രീക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. തെരുവോരകച്ചവടക്കാരുടെയും തെരുവിൽ അന്തിയുറങ്ങുന്നവരുടെയും പുനരധിവാസം, അയൽക്കൂട്ട രൂപവൽക്കരണം, തൊഴിൽ പരിശീലനം, സ്വയംതൊഴിൽ പദ്ധതി, വായ്പ ലഭ്യമാക്കൽ, പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.
ദേശീയ നഗര ഉപജീവന ദൗത്യത്തിനു പുറമേ, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും കേരളത്തിലെ നോഡൽ ഏജൻസി കുടുംബശ്രീയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here