കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12-ന്‌

Karnataka Election

കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മെയ് 12-നാണ് 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 15-ന് നടക്കും. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ആണ്. ഏപ്രില്‍ 27-നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 7ന് നടക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. മെയ് 28ന് ആണ് നിലവിലുള്ള 224 അംഗ കർണാടക നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. സിദ്ധരാമയ്യയുടെ കീഴിലുള്ള കോണ്‍ഗ്രസാണ് കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് കര്‍ണാടകത്തില്‍ പോരാട്ടം നടക്കുന്നത്. ജനതാദള്‍ എസിന്റെ രാഷ്ട്രീയ നിലപാടിനും കര്‍ണാടകത്തില്‍ ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ആദ്യഘട്ട സര്‍വേ ഫലങ്ങളില്‍ ഭരണകക്ഷികളായ കോണ്‍ഗ്രസിനു തന്നെയാണ് മേല്‍കൈ.

തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം നിലവില്‍ വന്നു. എല്ലാ മണ്ഡലങ്ങളിലും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രവും പതിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കര്‍ണാടകത്തില്‍ 4.96 കോടി വോട്ടര്‍മാരാണ് ആകെ ഉള്ളത്. തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാന്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top