അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നാലാം ക്ലാസ്സുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശം. പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുൻപ് നാലാം ക്ലാസുകാരി അനയ കുളത്തിൽ കുളിക്കാനായി എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി. കുട്ടികൾ നീന്തൽ പഠിക്കുന്നതിനും മറ്റുമായി ഇവിടെ എത്താറുണ്ട്. കുളത്തിൽ കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്.
പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി കുട്ടിയുടെ സ്രവവും അയച്ചിരുന്നു.
പനിയെ തുടർന്ന് നാലാം ക്ലാസുകാരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. മൂന്നുമണിയോടെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ ശാരീരിക അവസ്ഥ മോശമായിട്ടും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വളരെ വേഗം മാറ്റിയില്ല എന്ന് കുടുംബം ആരോപിച്ചിരുന്നു.
ഓപിയിൽ ആണ് കുട്ടി ആദ്യം എത്തിയത്. ആ സമയത്ത് ആരോഗ്യനില അത്ര മോശമായിരുന്നില്ല. ആവശ്യമായ ചികിത്സ നൽകിയതാണെന്നും മൂന്നുമണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെന്നും, മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം, കുട്ടിയുടെ അയൽവാസിയുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് താമരശ്ശേരി പൊലീസ് കേസെടുത്തു.
Story Highlights : Health Department bans entry and bathing in water bodies within Thamarassery Panchayat limits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here