ഡോ. അബ്ബാസ് പാനക്കലിന് എഡ്വേർഡ് കാഡ്ബറി ഫെല്ലോഷിപ്പ്

ബർമിംഗ്ഹാം സർവകലാശാലയിലെ എഡ്വേർഡ് കാഡ്ബറി സെന്റർ ഫോർ ദി പബ്ലിക് അണ്ടർസ്റ്റാൻഡിംഗ് ഓഫ് റിലീജിയനിൽ പ്രൊഫസർ ഡോ. അബ്ബാസ് പനക്കൽ ഓണററി ഫെല്ലോ ആയി നിയമിതനായി. അക്കാഡമിക് പ്രസിദ്ധീകരണ രംഗത്ത് ഏറെ ശ്രദ്ദേയമായ പ്രസിദ്ധീകരണങ്ങളുള്ള ഡോ. അബ്ബാസ് പനക്കൽ വളരെക്കാലമായി ഗവേഷണ രംഗത്ത് വളരെ സജീവമാണ്. വൈവിധ്യമാർന്ന സാംസ്കാരിക വിഷയങ്ങളിൽ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ സറി സർവകലാശാലയിലെ റിലീജിയസ് ലൈഫ് ആൻഡ് ബിലീഫ് സെന്ററിന്റെ ഉപദേശകനായ ഡോ. അബ്ബാസ് പനക്കൽ ഇന്റർനാഷണൽ ഇന്റർഫെയ്‌ത് ഇനിഷ്യറ്റീവ് ഡയറക്ടർ കൂടിയാണ്.
“എഡ്വേർഡ് കാഡ്ബറി സെന്ററിന്റെ ഫെല്ലോഷിപ്പ് സാംസ്കാരിക സഹകരണവും ഗവേഷണവും കൂടുതൽ ഊർജിതമാക്കാൻ ഏറെ ഉപകരിക്കും. ഇന്നത്തെ സങ്കീർണ്ണമായ ലോകക്രമത്തിൽ സൗഹൃദങ്ങളെ കുറിച്ചു ആഴത്തിലുള്ള പഠനങ്ങൾക്ക് വഴിതുറക്കാൻ ഇത് സഹായകമാകുമെന്ന്” ഡോ. അബ്ബാസ് പനക്കൽ പറഞ്ഞു.
ഹിന്ദു അമീർ ഓഫ് മുസ്ലിംസ് (Bloomsbury, 2025 ), മുസലിയാർ കിംഗ്, (Bloomsbury, 2024), സൗത്ത് ഈസ്റ്റ് ഏഷ്യൻ ഇസ്ലാം (Routledge, 2024), മട്രിലീനിയൽ, മട്രിയാർക്കൽ , മാട്രിഫോക്കൽ ഇസ്ലാം (Palgrave Macmillan, 2024), സൗത്ത് ഏഷ്യൻ ഇസ്ലാം (Routledge, 2023) – ഫെയ്ത് , കോമേഴ്‌സ്, ആൻഡ് കൾച്ചറൽ എക്സ്ചേഞ്ച് ഇൻ ദി വേൾഡ് ഓഫ് ഇബ്ൻ ബത്തൂത്ത (Palgrave Macmillan) എന്നിവയാണ് ഡോ. പനക്കലിന്റെ പ്രധാന പ്രസിദ്ധീകരണങ്ങൾ.
മലബാർ സമരത്തെ ഡി കൊളോണിയൽ ലെൻസിലൂടെ വായിച്ച ഡോ അബ്ബാസ് പനക്കലിന്റെ പുസ്തകം മുസലിയാർ കിംഗ് ഏറെ ശ്രദ്ധനേടിയിടുന്നു. മലബാറിന്റെ പോരാട്ട ചരിത്രം ഒരു നാട്ടുകാരൻ രചിക്കുന്നു എന്നതും ഒരു അന്താരാഷ്ര പ്രസിദ്ധീകരണാലയം വിവിധ ഭൂഖണ്ഡങ്ങളിൽനിന്നും ഒരേസമയം പ്രസിദ്ധീകരിക്കുന്നു എന്നതും ഇതിന്റെ മേന്മയായി എടുത്തു പറയേണ്ടതാണ്. സമരം നേരിട്ടു അനുഭവിച്ചവരുടെ പുതിയ തലമുറയിൽ നിന്നുള്ള ഒരു ഗ്രന്ഥം എങ്ങിനെയാണ് സമരത്തെ നോക്കിക്കാണുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കൊളോണിയൽ പോസ്റ്റ് കൊളോണിയൽ കാലത്തെ ഭാഷ പ്രയോഗങ്ങളെയും വ്യാഖ്യാനങ്ങളെയും ഈ കൃതി പഠന വിധേയമാക്കുന്നു.
അക്കാദമിക് പ്രവർത്തനങ്ങൾക്ക് പുറമെ, ഡോ. അബ്ബാസ് പനക്കൽ ആഗോളരംഗത്തെ വിവിധ സാംസ്കാരിക ഇടപെടലുകളും നടത്തുന്നുണ്ട്. ഇബ്‌നു ബത്തൂത്ത ഇന്റർനാഷണൽ സെന്റർ ഓഫ് ഇന്റർകല്ചറൽ സ്റ്റഡീസ് ഇത്തരത്തിൽ ഒരു പ്രധാന സംരംഭമാണ്. ഡോ അബ്ബാസ് പനക്കൽ 2018-ൽ ഐക്യരാഷ്ട്രസഭയിൽ 800-ലധികം യുവ ആഗോള നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. സഹിഷ്ണുത, പരസ്പര ധാരണ, സഹകരണം എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ ഉൾക്കാഴ്ചകൾ പങ്കുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു.
Story Highlights : Dr. Abbas Panakal awarded Edward Cadbury Fellowship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here