“സിനിമയെ സ്നേഹിക്കുന്നവർക്ക് നന്ദി! “; ജെ.സി. ഡാനിയേല്‍ അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമറിയിച്ച് ശ്രീകുമാരന്‍ തമ്പി

ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയെ ഏത് മേഖലയിലാണ് മലയാള സിനിമ ഒതുക്കി നിര്‍ത്തുക? എല്ലാ മേഖലയിലുമുള്ള ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയുടെ അസാമാന്യ കഴിവിന് ലഭിക്കുന്ന ആദരമാണ് ഇത്തവണത്തെ ജെ.സി. ഡാനിയല്‍ പുരസ്‌കാരം. മലയാള സിനിമയിലെ ഏറ്റവും അത്യുന്നത പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് ശ്രീകുമാരന്‍ തമ്പി അര്‍ഹനായെന്ന് പ്രഖ്യാപിക്കുമ്പോള്‍ മലയാളികള്‍ക്ക് തെല്ലും അതിശയമില്ല. ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചതിലുള്ള തന്റെ സന്തോഷം ശ്രീകുമാരന്‍ തമ്പി മറച്ചുവെച്ചില്ല. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഈ നേട്ടം എന്നും ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുമെന്നും പുരസ്‌കാര നേട്ടത്തെ കുറിച്ച് അറിഞ്ഞ ശേഷം ശ്രീകുമാരന്‍ തമ്പി 24 ന്യൂസിനോട് പ്രതികരിച്ചു. “ഈ നേട്ടം മലയാള സിനിമയെ സ്‌നേഹിച്ചവര്‍ക്കുള്ളതാണ്. സിനിമയെ സ്‌നേഹിക്കുന്ന എല്ലാ നല്ലവരായ സിനിമ സ്‌നേഹികള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു”…അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അരനൂറ്റാണ്ടോളമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഏതെങ്കിലും ഒരു മേഖലയില്‍ ഇദ്ദേഹത്തെ ഒതുക്കി നിര്‍ത്തുക ഏറെ പ്രയാസകരമാണ്. ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, നോവലെഴുത്തുകാരന്‍, കവി…ഇങ്ങനെ നീണ്ടുപോകുന്നു ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ കലാകാരന്റെ കഴിവ് മലയാളികള്‍ക്ക് അനുഭവഭേദ്യമാക്കിയ മേഖലകള്‍. വിവിധ മേഖലകളിലായി മലയാള സിനിമക്ക് സമ്മാനിച്ച സമഗ്ര സംഭാവനകളാണ് ഇന്ന് ശ്രീകുമാരന്‍ തമ്പിയെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
1940 മാര്‍ച്ച് 16ന് ആലപ്പുഴയിലെ ഹരിപ്പാടാണ് ഇദ്ദേഹത്തിന്റെ ജനനം. 1966ല്‍ ‘കാട്ടുമല്ലിക’ എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചാണ് ശ്രീകുമാരന്‍ തമ്പി സിനിമ ലോകത്തേക്ക് കടന്നു വന്നത്. ഗാനരചനയിലൂടെ സിനിമ രംഗത്തെത്തിയ ഇദ്ദേഹം പിന്നീട് മലയാള സിനിമയുടെ വിവിധ രംഗങ്ങളില്‍ തന്റെ കഴിവ് തെളിയിച്ചു. അരനൂറ്റാണ്ടിനിടയില്‍ മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ച തൂലികയാണ് ശ്രീകുമാരന്‍ തമ്പിയുടേത്.
78 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ ഇദ്ദേഹം തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും ശേഷം മലയാള സിനിമക്കുവേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ച എഴുത്തുകാരനുമായി. 1974ല്‍ ‘ചന്ദ്രകാന്തം’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായി ശ്രീകുമാരന്‍ തമ്പി മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചു. 30 ഓളം സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുള്ള ശ്രീകുമാരന്‍ തമ്പി മലയാള സിനിമക്ക് കാമ്പുള്ള നിരവധി സിനിമകള്‍ സമ്മാനിക്കുന്നതില്‍ പ്രത്യേക പങ്കുവഹിച്ചു. 1986ല്‍ ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താര പദവിയിലേക്ക് കാല്‍വെക്കുമ്പോള്‍ യുവജനോത്സവത്തിന്റെ അമരക്കാരനായ ശ്രീകുമാരന്‍ തമ്പി ഏറെ സന്തോഷിച്ചു. യുവജനോത്സവം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ കാല സിനിമകളില്‍ അന്നത്തെ സൂപ്പര്‍താരവും മലയാളികള്‍ നിത്യഹരിതനായകനെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രേം നസീറിനൊപ്പം നിരവധി സിനിമകള്‍ ചെയ്തു. 1993ല്‍ ‘ബന്ധുക്കള്‍ ശത്രുക്കള്‍’ എന്ന സിനിമയോടെ മലയാള സിനിമ സംവിധാന രംഗത്തുനിന്ന് ശ്രീകുമാരന്‍ തമ്പി ഇടവേളയെടുത്തു. പിന്നീട്, 2015ല്‍ സംവിധാനം ചെയ്ത ‘അമ്മക്കൊരു താരാട്ട്എന്ന സിനിമയാണ് ശ്രീകുമാരന്‍ തമ്പി അവസാനമായി സംവിധാനം ചെയ്ത ചിത്രം.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ഹൃദയസരസ്സില്‍ മുഴങ്ങുന്നുണ്ടാകും. അയല പൊരിച്ചതുണ്ടേ, ഏഴിലംപാല പൂത്തു, അവള്‍ ചിരിച്ചാല്‍, സത്യനായകാ മുക്തി നായകാ, ഗുരുവായൂരപ്പാ അഭയം, അകലെ അകലെ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രികയില്‍ അലിയുന്നു, കൂത്തമ്പലത്തില്‍ വച്ചോ, ഉണരുമീ ഗാനം, സ്വര്‍ഗത്തിലോ, പാടാം നമുക്ക് പാടാം, കിളിയെ കിളിയെ…തുടങ്ങി ആയിരത്തോളം സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ ശ്രീകുമാരന്‍ തമ്പിയെന്ന അതുല്യ പ്രതിഭയുടെ പേരും എഴുതപ്പെട്ടിരിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ ഹൃദ്യമായ വരികള്‍ തലോടാത്ത ദിവസങ്ങള്‍ ഒരു മലയാളിക്കുണ്ടാകില്ലെന്നതാണ് വാസ്തവം.
ശ്രീകുമാരൻ തമ്പിയുടെ ‘സിനിമ- കണക്കും ജീവിതവും’ എന്ന ഗ്രന്ഥം, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുളള ദേശീയ അവാർഡുനേടിയിട്ടുണ്ട്. 1971-ൽ മികച്ച ഗാനരചയിതാവിനുളള കേരളസംസ്‌ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. ‘ വിലയ്ക്കു വാങ്ങിയ വീണ’ എന്ന ചിത്രത്തിലെ “സുഖമെവിടെ ദുഃഖമെവിടെ” എന്ന ഗാനത്തിനാണ് ഈ പുരസ്കാരം ലഭിച്ചത്. ഫിലിം ഫാൻസ് അവാർഡ്, ഫിലിം ക്രിട്ടിക്‌സ് അവാർഡ്, മികച്ച സംവിധായകനുളള ഫിലിംഫെയർ അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ശ്രീകുമാരൻ തമ്പിക്ക് ലഭിച്ചിട്ടുണ്ട്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചലച്ചിത്രം 1981-ലെ ജനപ്രീതിയാർജ്ജിച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള 2011-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, ആശാൻ പുരസ്ക്കാരം എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു. നാടക ഗാനരചന, ലളിതസംഗീതം എന്നിവയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ൽ ലഭിച്ചു.
സിനിമയെന്ന മേഖലയില്‍ എല്ലായിടത്തും തന്റെ പ്രതിഭയുടെ കൈയ്യാപ്പ് ചാര്‍ത്തിയ ശ്രീകുമാരന്‍ തമ്പിക്ക് അര്‍ഹതപ്പെട്ടതാണ് ഈ നേട്ടം. മലയാള സിനിമയുടെ സകലകലാവല്ലഭന് ആശംസകളും അനുമോദനങ്ങളും…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here