ഇരുകാലും ഒരു കൈയ്യും വിധിയ്ക്ക് വിട്ടുകൊടുത്തു, തളരാത്ത മനസുമായി പ്രജിത്ത് സീറ്റ് ബെൽറ്റ് മുറുക്കുകയാണ് ഡൽഹിക്ക്

യാത്രകൾ ഒത്തിരി ഇഷ്ടമായിരുന്നു പ്രജിത്തിന്. എവിടെയെങ്കിലും പോകാൻ മനസ് കൊതിച്ച് തുടങ്ങുന്ന നിമിഷം ബാഗുമായി പ്രജിത്ത് തന്റെ കാറിന്റെ ഫസ്റ്റ് ഗിയറിട്ടിട്ടുണ്ടാകും. ആവോളം ഉലകം ചുറ്റിനടന്നു ഈ കോഴിക്കോടുകാരൻ. 2011ൽ അപകടം കഴുത്തിന് താഴോട്ട് തളർത്തുന്നത് വരെ ഈ ചെറുപ്പക്കാരന്റെ മനസിനൊപ്പം ശരീരവും യാത്രകൾക്ക് ഒപ്പം ഇങ്ങനെ ‘പറന്ന് നടന്നു’. എന്നാൽ 2011ൽ, കൃത്യമായി പറഞ്ഞാൽ ഏപ്രിൽ ഒന്നിന് പ്രജിത്തിന്റെ കാർ മരണത്തോടൊപ്പം സഞ്ചരിക്കാൻ ഒരു ശ്രമം നടത്തി. വളരെ കഷ്ടപ്പെട്ടാണ് റിവേഴ്സ് ഗിയറിട്ട് ജീവിതത്തിലേക്ക് പ്രജിത്ത് തിരിച്ച് എത്തിയത്. ആ അപകടത്തിൽ തളരാതെ തിരിച്ച് കിട്ടിയത് ഇടത് കയ്യും മനസും മാത്രമാണ്. കഴുത്തിന് താഴേക്ക് സ്പർശനശേഷി പോലും ഇല്ല.
2011 ഏപ്രിലിലെ മരണവുമായുള്ള ചെയ്സ്
2011ഏപ്രിൽ ഒന്നിന് തൃശ്ശൂരിലെ സെയിൽസ് മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു പ്രജിത്ത്. അന്ന് എയർസെല്ലിലായിരുന്നു ജോലി,റീടെയിൽ സോണൽ ഹെഡ്. മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളുടെ ചുമതല. യാത്രാസ്നേഹം കണ്ടറിഞ്ഞ് ദൈവം കൊടുത്ത ജോലി!! സാമ്പത്തിക വർഷവസാനത്തെ തിരക്കെല്ലാം ഒതുക്കി തൃശ്ശൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രജിത്ത്. വീടെത്തുന്നതിന് ഒന്നര കിലോമീറ്റർ മുമ്പ് തൊണ്ടയാട് ബൈപ്പാസിൽ വച്ചാണ് അപകടം നടന്നത്. പ്രജിത്ത് ഓടിച്ചിരുന്ന കാറിന്റെ പുറകിലെ ടയർ പൊട്ടി, കാറ് കീഴ്മേൽ മറിഞ്ഞു. നട്ടെല്ലിന് മാരമായി പരിക്കേറ്റു. പുലർച്ചെ ഒരു മണിയ്ക്ക് അപകടം നടന്നതിനാൽ ആശുപത്രിയിലെത്തിക്കാനും വൈകി. മണിക്കൂറുകളോളം ചോരവാർന്ന് പ്രജിത്ത് മറിഞ്ഞ കാറിനകത്ത് കിടന്നു. വർഷങ്ങൾ നീണ്ട ചികിത്സ കൾ, ആയുർവേദം, ഫിസിയോ തെറാപ്പി, മരുന്നുകൾ.. ഒന്നിൽ നിന്നും പ്രജിത്ത് മുഖം തിരിച്ചില്ല.
D TO D, 75ദിവസത്തെ യാത്ര
ആക്സിഡന്റിന്റെ എട്ടാം വാർഷികം. അതേ ഏപ്രിൽ ഒന്ന്. പ്രജിത്ത് തന്റെ ചരിത്ര യാത്രയ്ക്ക് തെരഞ്ഞെടുത്ത ദിവസവും ഏപ്രിൽ ഒന്ന് തന്നെ!! ഏപ്രിൽ ഒന്നിന് കോഴിക്കോട് ജെഡിറ്റി ഇസ്ലാം സ്ക്കൂളിൽ നിന്നാണ് രാവിലെ ഒമ്പതര മണിക്കാണ് പ്രജിത്ത് ഈ യാത്ര തുടങ്ങുന്നത്. 24 ന് ഡൽഹിയിൽ എത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഡൽഹിവരെയും തിരിച്ചും ഡ്രൈവർ സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കില്ലെന്ന് പ്രജിത്ത്. സഹായിയായി രണ്ട് പേരും ഒപ്പമുണ്ട്. മെയ് ഒന്നിനാണ് തിരിച്ചുള്ള യാത്ര. 15ന് കോഴിക്കോട് തിരിച്ചെത്തും. മലപ്പുറത്തുള്ള മുസ്തഫ എന്നയാളാണ് പ്രജിത്തിന് സഞ്ചരിക്കാനാവും വിധം കാറ് തയ്യാറാക്കിയത്. വിരലുകൊണ്ട് കാറിന്റെ ബ്രേക്ക് അടക്കം നിയന്ത്രിക്കാവുന്ന രീതിയിലാണ് കാറ് ഓൾട്ടർ ചെയ്തത്. ഇത്തരക്കാർക്കായി നിയമാനുസൃതം കാറ് രൂപ മാറ്റം ചെയ്യുന്ന ആളാണ് മുസ്തഫ.
മംഗളൂരു, മൈസൂർ, ഗോവ, അഹമ്മദാബാദ്, ജയ്പൂർ, ആഗ്ര വഴിയാണ് ഈ ഡൽഹി യാത്ര. സ്റ്റാർട്ട് അപിന് ഫണ്ട് ചെയ്യുന്നവർ അംഗപരിമിതരെ കണക്കിലെടുക്കുക, തെരുവുകൾ അംഗപരിമിതരെ കൂടി പരിഗണിക്കുന്നതരത്തിൽ സഞ്ചാരയോഗ്യമാക്കുക എന്ന് തുടങ്ങി യാത്രയ്ക്ക് ലക്ഷ്യങ്ങൾ പലതാണ്. വികലാംഗ പെൻഷൻ അയ്യായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും, നിതിൻ ഗഡ്കരിയ്ക്കും നിവേദനവും നൽകുന്നുണ്ട് പ്രജിത്ത്. യാത്രകളിൽ ഉടനീളം കോർപ്പറേറ്റുകളുമായും എൻജിഒകളുമായും കൂടിക്കാഴ്ചയും നടത്തും. യാത്രയ്ക്ക് ശേഷം അംഗപരിമിതർക്കായി ജോബ് ഫെയര്] സംഘടിപ്പിക്കുമെന്നും പ്രജിത്ത് പറയുന്നു.
മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ ശ്രമിക്കുക, പുറത്തേക്കിറങ്ങി മറ്റുള്ളവരുമായി സഹകരിക്കുക, ചെറുതെങ്കിലും വരുമാനമാർഗ്ഗം കണ്ടുപിടിക്കുക ജന്മനാ അംഗവൈകല്യം വന്നവരോടും, ശാരീരിക അവശതകൾ നേരിടുന്നവരോടും പ്രജിത്തിന് പറയാൻ ഒരുപാടുണ്ട്. മേൽപറഞ്ഞതെല്ലാം നിങ്ങളിൽ നിങ്ങളറിയാതെ ഉണ്ടാക്കുന്ന മാറ്റങ്ങൾ വരെ വലുതാണ്. അത് തിരിച്ചറിഞ്ഞ ആളാണ് ഞാൻ. അത് ബോധ്യപ്പെടുത്താനാണ് ഈ യാത്ര…മരുന്നും, വ്യായാമവും ആത്മവിശ്വാസവും കൊണ്ട് തിരിച്ച് കിട്ടാവുന്നതേയുള്ളൂ നഷ്ടപ്പെട്ടതെല്ലാം … പ്രജിത്ത് പറയുന്നു. കോഴിക്കോട് ചേവരമ്പലത്താണ് പ്രജിത്തിന്റെ വീട്. സുഹൃത്തുക്കൾക്ക് മാത്രമല്ല, മകന്റെ വീഴ്ചയിൽ താങ്ങായി നിന്ന അച്ഛൻ ജയചന്ദ്രൻ, അമ്മ തങ്കമണി, സഹോദരി ലക്ഷ്മി എന്നിവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ യാത്രയും, അതിന്റെ പിന്നിലെ ഈ വലിയ സന്ദേശവും.
വിധിയെ അതിന്റെ വഴിയ്ക്ക് വിടാതിരുന്ന നിശ്ചയദാർഢ്യമാണ് ഇന്ന് വീണ്ടും പ്രജിത്തിനെ ഡ്രൈവിംഗ് സീറ്റിലെത്തിച്ചത്. നിശ്ചയദാർഢ്യം കൊണ്ട് വീണ്ടെടുക്കാനാകാത്ത ഒന്നും ജീവിതത്തിലില്ലെന്ന തിരിച്ചറിവാണ് ഈ യാത്രയുടെ സ്റ്റാർട്ടിംഗ് പോയന്റ്. ആ ഉറപ്പിൽ നിന്ന് നിന്ന് തുടങ്ങുന്ന യാത്രകൾക്ക് ഒരു ലക്ഷ്യമുണ്ടാകും ലക്ഷ്യപ്രാപ്തിയും!!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here