Advertisement

കാവൽ നായ്കളെ മെരുക്കി മോഷണം; ഫാൻസി കാറുകളോടും വാച്ചുകളോടും കൗതുകം; സംഭവബഹുല ജീവിതത്തിനിടയിലും പ്രണയം; ബണ്ടി ചോറിന്റെ ജീവിതം സിനിമാ കഥയെ വെല്ലുന്നത്

April 14, 2023
2 minutes Read
who is bunty chor

മോഷണം ഒരു കലയാക്കിയ മാറ്റിയ കള്ളൻ. ഇന്ത്യയിലെ എണ്ണം പറഞ്ഞ മോഷ്ടാക്കളിൽ മുന്നിൽ നിൽക്കുന്ന പേര്. അതാണ് ബണ്ടി ചോർ. 1993 മുതൽ ഇതുവരെ, ഡൽഹി മുതൽ കേരളം വരെ ഇതിനോടകം നേടത്തിയത് അഞ്ഞൂറിലേറെ മോഷണങ്ങൾ. ഇത് പുറത്തറിഞ്ഞ കണക്ക് മാത്രം. അറിയപ്പെടാത്ത എത്രയെത്ര മോഷണങ്ങൾ. ( who is bunty chor )

ദേവീന്ദർ സിംഗ് എന്നാണ് ബണ്ടി ചോറിന്റെ യഥാർത്ഥ പേര്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ബണ്ടി ചോറിന്റെ മോഷണ രീതിയും. കാവലിന് നായയുള്ള വീട്ടിൽ കയറാൻ സാധാരണ മോഷ്ടാക്കൾ മടിക്കുമ്പോൾ, ഏത് മെരുങ്ങാത്ത നായയേയും മെരുക്കിയെടുത്ത് അതേ വീട്ടിൽ തന്നെ കയറണമെന്ന വാശിയോടെയാണ് ബണ്ടി ചോർ മോഷണം നടത്തുന്നത്. വിലപിടിപ്പുള്ള എന്തും ബണ്ടി സ്വന്തമാക്കും. ഇതിൽ ഏറ്റവും പ്രിയം ഫാൻസി കാറുകളും, ലക്ഷുറി വാച്ചുകളുമാണ്. മോഷ്ടിച്ച് ലക്ഷങ്ങൾ സമ്പാദിച്ചിട്ടും ഇതുവരെ ബണ്ടിയുടെ പേരിൽ സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്നാണ് റിപ്പോർട്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വാടകയ്ക്ക് മുറിയെടുത്താണ് ബണ്ടി ചോറിന്റെ താമസം.

നടത്തിയ മോഷണങ്ങളുടെ പേരിലല്ല, മറിച്ച് പൊലീസിനെ വഴിതെറ്റിക്കാൻ ഉപയോഗിക്കുന്ന രീതികളുടെ പേരിൽ ഒരു കള്ളൻ അറിയപ്പെടുന്നുണ്ടെങ്കിൽ അത് ബണ്ടി ചോർ മാത്രമായിരിക്കും. മോഷണക്കേസ് അന്വേഷണത്തിൽ നിന്ന് പൊലീസിനെ വഴിതെറ്റിക്കാൻ ബണ്ടി ചോർ നിരവധി കൃത്രിമങ്ങൾ നടത്തും. എന്നിട്ടും പക്ഷേ പല തവണ ബണ്ടി ചോർ പൊലീസ് പിടിയിലായിട്ടുണ്ട്.

1993 ൽ മോഷണക്കേസിൽ ഡൽഹി പൊലീസിന്റെ വലയിലായപ്പോഴാണ് ബണ്ടി ചോർ ആദ്യമായി വാർത്തകളിൽ നിറയുന്നത്. പിന്നീട് നൂറുകണക്കിന് മോഷണങ്ങൾ, നിരവധി അറസ്റ്റുകൾ, ജയിൽവാസത്തിന്റെ നീണ്ട നാളുകൾ. പക്ഷേ പലപ്പോഴും വിദഗ്ധമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്ന ബണ്ടിക്ക് ‘എസ്‌കേപ്പ് ആർട്ടിസ്റ്റ്’ എന്ന പേര് കൂടിയുണ്ട്. തന്നെ കുറിച്ചുള്ള വാർത്തകൾ ടിവിയിൽ കണ്ടാസ്വദിക്കാൻ ബണ്ടി ചോറിന് ഇഷ്ടമാണെന്നാണ് പറയപ്പെടുന്നത്.

മോഷണവും, പൊലീസും കോടതിയും ജയിലുമെല്ലാമായുള്ള ഈ സംഭവബഹുലമായ ജീവിതത്തിനിടയിലും ബണ്ടി ചോറിന് ഒരു പ്രണയമുണ്ടായിരുന്നു. വിലപിടിപ്പുള്ള സമ്മാനങ്ങൾ ബണ്ടി ചോർ കാമുകിക്ക് സ്ഥിരം നൽകുമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. കാമുകി തന്നെ ഉപേക്ഷിച്ച് പോയില്ലായിരുന്നുവെങ്കിൽ താൻ എന്നേന്നേക്കുമായി മോഷണം നിർത്തിയേനെ എന്ന് ബണ്ടി ചോർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

ഇതിന് ശേഷം തിരുവനന്തപുരത്തെ മോഷണക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ 2017 ൽ ബണ്ടി ചോർ ആത്മഹത്യയ്ക്കും ശ്രമിച്ചിട്ടുണ്ട്. പൂജപ്പുര സെൻട്രൽ പ്രിസണിൽ വച്ച് ലൈറ്റ് ബൾബുകൾ പൊട്ടിച്ച് ഈ ചില്ലുകൾ വിഴുങ്ങിയായിരുന്നു ബണ്ടി ചോറിന്റെ ആത്മഹത്യാ ശ്രമം.

ബണ്ടി ചോറിന്റെ ജീവിതം പ്രമേയമാക്കി ബോളിവുഡിൽ ദിബാകർ ബാനർജി ‘ഓയ് ലക്കി, ലക്കി ഓയ്’ എന്ന സിനിമ ഒരുക്കിയിട്ടുണ്ട്. അഭയ് ഡിയോളായിരുന്നു ബണ്ടി ചോറായി വെള്ളിത്തിരയിൽ എത്തിയത്.

Story Highlights: who is bunty chor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top