ജീവൻ തിരികെ വരുമെന്ന് പ്രതീക്ഷയിൽ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത് മൂന്ന് വർഷം

mother mummy

മൃതദേഹം ‘മമ്മി’യാക്കി ഫ്രീസറിൽ സൂക്ഷിച്ച നാൽപത്തിയാറുകാരനും പിതാവും അറസ്റ്റിൽ. അമ്മയുടെ ജീവൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മകനും പിതാവും ചേർന്ന് വയോധികയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത്.

സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ബീന മജൂംദാർ അസുഖബാധിതയായി 2015 ലാണ് ആശുപത്രിയിൽ വച്ച് മരിക്കുന്നത്. ബീന മജൂംദാറിൻറെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നതിന് 25എസ്.എൻ ചാറ്റർജി റോഡിലെ മറ്റ് താമസക്കാരും സാക്ഷികളാണ്. എന്നാൽ, ആ മൃതദേഹം സംസ്‌കരിക്കപ്പെട്ടില്ല.

സംസ്‌കാര ചടങ്ങുകളെക്കുറിച്ച് അന്വേഷിച്ച അയൽക്കാരോട് അമ്മയെ സുരക്ഷിത കേന്ദ്രത്തിലേക്ക് യാത്രയാക്കിയെന്നാണ് മകനായ ശുഭബ്രത മജൂംദാർ പറഞ്ഞത്. പിന്നീട് അയൽക്കാരും ആ സംഭവം മറന്നു. എന്നാൽ ശരീരത്തിലേക്ക് ജീവൻ തിരിച്ചു വരുമെന്ന പിതാവ് ഗോപാൽ മജൂംദാറിൻറെ ഉപദേശം സ്വീകരിച്ച് അമ്മയുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിക്കുകയായിരുന്നു ശുഭബ്രത മജൂംദാർ.

mother mummy

ലെതർ ടെക്‌നോളജിയിൽ ബിരുദം നേടിയിട്ടുള്ള ശുഭബ്രത മജൂംദാർ അമ്മയുടെ മൃതദേഹത്തിൽ നിന്ന് ആന്തരിക അവയവങ്ങളെ നീക്കം ചെയ്ത് രാസലായനിയിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിച്ചു. ഇതിനായി വലിയൊരു ഫ്രീസറും ഇയാൾ വാങ്ങി. അമ്മ ജീവിച്ചിരിക്കുന്നുവെന്ന സർട്ടിഫിക്കറ്റും ഇയാൾ വ്യാജമായി നിർമ്മിച്ചു. ഇതുപയോഗിച്ച് സർക്കാർ ജീവനക്കാരിയായ അമ്മയുടെ പെൻഷനും ബാങ്കിൽ നിന്ന് ഇയാൾ മുടങ്ങാതെ വാങ്ങി. മൃതദേഹത്തിൽ നിന്ന് വിരലടയാളം എടുത്താണ് പെൻഷൻ തുക ഇയാൾ കൈപ്പറ്റിയത്.

അടുത്തിടെ മറ്റൊരു വലിയ ഫ്രീസർ കൂടി ഇയാൾ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംശയം തോന്നിയ അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് നടത്തിയ റെയ്ഡിൽ മൂന്ന് വർഷം പഴക്കമുള്ള മൃതദേഹവും ശരീരം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസലായനികളും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top