അവയവങ്ങള്‍ ദാനം ചെയ്ത അരുണ്‍ രാജിന്റെ കുടുംബത്തിലേക്ക് ആരോഗ്യമന്ത്രി എത്തി; അരുണിന്റെ അമ്മയ്ക്ക് ഒരേ ഒരു ആഗ്രഹം…

Arun Raj family

വാഹാനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് അവയവദാനത്തിലൂടെ ജീവന്‍ പകര്‍ന്ന ആലുവ വേങ്ങൂര്‍ക്കര അംബേദ്ക്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ കുടുംബത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ സന്ദര്‍ശിച്ചു. അരുണ്‍ രാജിന്റെ വേര്‍പാടില്‍ ദുഃഖിച്ചിരിക്കുന്ന കുടുംബത്തെ മന്ത്രി ആശ്വസിപ്പിച്ചു. മറ്റുള്ളവര്‍ക്ക് ജീവന്‍ പകര്‍ന്നു നല്‍കാന്‍ സമ്മതം മൂളിയ കുടുംബത്തെ മന്ത്രി അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി പറയുകയും ചെയ്യ്തു. അരുണ്‍രാജിന്റെ കുടുംബത്തിന് നല്‍കേണ്ട സഹായത്തെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഏറെ വേദനിച്ചിരിക്കുന്ന അരുണ്‍രാജിന്റെ അമ്മ സീത മന്ത്രി കെ.കെ. ശൈലജയോട് ഒരു കാര്യം ആവശ്യപ്പെട്ടു…തന്റെ മകന്റെ അവയവങ്ങള്‍ സ്വീകരിച്ച് പുതുജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്ന ഏഴ് പേരെയും തനിക്ക് കാണണമെന്ന് നിറഞ്ഞ മിഴികളോടെ അരുണ്‍രാജിന്റെ അമ്മ അപേക്ഷിച്ചു. അരുണ്‍ രാജിന്റെ അവയവങ്ങള്‍ സ്വീകരിച്ചവര്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും സുതാര്യമായ സമയത്ത് അവരെ നേരില്‍ കാണാന്‍ അവസരം നല്‍കുമെന്ന് മന്ത്രി അരുണ്‍രാജിന്റെ അമ്മയ്ക്ക് മറുപടി നല്‍കി. അവയവങ്ങള്‍ സ്വീകരിച്ചവര്‍ക്ക് കുറച്ച് ദിവസം ചികിത്സയില്‍ കഴിയേണ്ടതുണ്ട്. അതുകഴിഞ്ഞാല്‍ അരുണ്‍രാജിന്റെ കുടുംബത്തിന് അവരെ കാണാനുള്ള സാഹചര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു. അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top