മഞ്ചേരിയില്‍ ഓസിലിനൊരു കട്ട ആരാധകന്‍; ആരാധനയില്‍ ഞെട്ടിത്തരിച്ച് സൂപ്പര്‍താരം ഓസില്‍!!!

കേരളത്തില്‍ ഫുട്‌ബോളിനുള്ള സ്വീകാര്യത എത്രത്തോളമാണെന്ന് ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. ചിലര്‍ക്കൊക്കെ ആരാധനമൂത്ത് ചെയ്യുന്ന കാര്യങ്ങള്‍ കണ്ടാല്‍ അവര്‍ ആരാധിക്കുന്ന താരങ്ങള്‍ പോലും ഞെട്ടിത്തരിക്കും. അത്തരത്തിലൊരു ആരാധകന്റെ കഥയാണ് ആഴ്‌സണലിന്റെ ജര്‍മ്മന്‍ താരമായ മെസ്യൂട് ഓസിലിന് പങ്കുവെക്കാനുള്ളത്.

ആഴ്‌സണലിനോടും ഓസിലിനോടുമുള്ള ആരാധനമൂത്ത് മലപ്പുറത്തെ മഞ്ചേരിയിലുള്ള കിടങ്ങഴി സ്വദേശി ഇന്‍സമാം ഉള്‍ ഹഖ് സ്വന്തം മകന് നല്‍കിയ പേര് എന്താണെന്ന് അറിയണോ? ‘മെഹദ് ഓസില്‍’…ഈ വാര്‍ത്തയറിഞ്ഞ ജര്‍മ്മന്‍ താരം ഓസില്‍ മെഹദ് ഓസിലെന്ന കുഞ്ഞിന് ആശംസകളര്‍പ്പിച്ചു. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇന്‍സമാം എന്ന യുവാവിന്റെ ആഴ്‌സണല്‍ പ്രണയവും തന്നോടുള്ള കടുത്ത ആരാധനയും എല്ലാവര്‍ക്കും മുന്നില്‍ കാണിച്ചുകൊടുത്തത്. നിമിഷങ്ങള്‍ക്കകം വീഡിയോ ഫുട്‌ബോള്‍ പ്രേമികളും ഓസില്‍ ആരാധകരും ഏറ്റെടുത്തു.

കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ഏതെങ്കിലും ആഴ്‌സണല്‍ താരത്തിന്റെ പേര് നല്‍കണമെന്നായിരുന്നു ഇന്‍സമാമിന്റെ ആഗ്രഹം. ഓസില്‍ ആരാധകനായ തനിക്ക് ഒരു പേരിന് വേണ്ടി അധികം ചിന്തിക്കേണ്ടി വന്നില്ലെന്ന് ഇന്‍സമാം പറഞ്ഞു. ഇന്‍സമാം മാത്രമല്ല, മഞ്ചേരിയിലെ അവരുടെ കുടുംബം തന്നെ ആഴ്‌സണലിന്റെ കടുത്ത ആരാധകരാണ്.

തന്റെ പേരിട്ട ഈ കുട്ടി തന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയും പ്രചോദനമാണെന്ന് ഓസില്‍ കുറിച്ചു. ഇന്ത്യക്കാര്‍ക്കും മെഹ്ദ് ഓസിലും എല്ലാവിധ ആശംസകളും. വരുംവര്‍ഷങ്ങളില്‍ മെഹ്ദ് തന്റെ കുടുംബത്തെ സന്തോഷംകൊണ്ടും ഓര്‍മകള്‍കൊണ്ടും വിരുന്നൂട്ടുമെന്ന് കരുതട്ടെ-ഓസില്‍ കുറിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top