വിടി ബല്‍റാമിന്റെ കാറിന്റെ ചില്ല് തകര്‍ത്തെന്ന പ്രചരണം വ്യാജം; വീഡിയോ പുറത്ത്

vt balram

വിടി ബല്‍റാം എംഎല്‍എയുടെ കാറിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്.  കൂടല്ലൂരിനടുത്ത് വച്ച് വിടി ബല്‍റാമിന്റെ കാറിന് നേര്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്നാണ് വാര്‍ത്ത പ്രചരിച്ചത്.  എന്നാല്‍ എംഎല്‍എയുടെ കാറിന്റെ റിയര്‍ വ്യൂ മിറര്‍ ഒരു പോലീസുകാരന്റെ കൈയ്യില്‍ ഇടിച്ചാണ് പൊട്ടിയത്. ഇത് തെളിയിക്കുന്ന വീഡിയോ പുറത്ത് വന്നു.

ആനക്കര പഞ്ചായത്തിലെ കൂട്ടക്കടവില്‍ ക്ഷീര സഹകരണ സംഘത്തിന്റെ സഹായധനം വിതരണം ചെയ്യാനെത്തിയ വിടി ബല്‍റാമിനെ കരിങ്കൊടി കാണിക്കാന്‍ സിപിഎം പ്രവര്‍ത്തര്‍ എത്തിയിരുന്നു. ഇവരെ പോലീസ് മാറ്റുന്നതിനിടെയാണ് വിടി ബല്‍റാമിന്റെ കാറ് ചീറി പാഞ്ഞ് എത്തിയത്. അമിത വേഗതയില്‍ പോകുന്നതിനിടെ പോലീസുകാരന്റെ കൈ തട്ടിയാണ് കാറിന്റെ റിയര്‍ വ്യൂ മിറര്‍ തകരുന്നതെന്നാണ് വീഡിയോയില്‍ ഉള്ളത്.സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ രാജേഷിന്റെ കയ്യിലാണ് വാഹനം ഇടിച്ചത്. സമരക്കാര്‍ തള്ളിയപ്പോഴാണ് ഇയാള്‍ വാഹനത്തില്‍ ഇടിച്ചതെന്നാണ് ആരോപണം. പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എ.കെ.ജിക്കെതിരായി ബല്‍റാം നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളെല്ലാം ബഹിഷ്‌ക്കരിക്കാനും പ്രതിഷേധം നടത്താനും സി.പി.എം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നും ബല്‍റാമിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top