Advertisement

ഇത് ജോൺസ് ടൗണിന്റെ കഥ; 900 പേരാണ് ഇവിടെ മസ്തിഷ്‌കപ്രക്ഷാളനത്തിലൂടെ ആത്മഹത്യ ചെയ്തത്

April 13, 2018
3 minutes Read

ബ്രെയിൻവാഷിങ്ങ് അഥവാ മസ്തികപ്രക്ഷാളനം വഴി ഒരാളുടെ ചിന്തകളെ നമുക്ക് എത്രമാത്രം സ്വാധീനിക്കാൻ കഴിയും ? മരണത്തിലേക്ക് നയിക്കാൻ തക്ക ശേഷിയുണ്ടോ ബ്രെയിൻവാഷിങ്ങിന് ? ഇല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം ജോൺസ് ടൗണിൽ മസ്തിപ്രക്ഷാളനത്തിലൂടെ പാസ്റ്റർ ജിം ജോൺസ് ആത്മഹത്യയിലേക്ക് നയിച്ചത് ഒരാളെയല്ല മറിച്ച് തൊള്ളായിരം പേരെയാണ്….!

പീപ്പിൾസ് ടെമ്പിൾ അഗ്രികൾച്ചറൽ പ്രൊജക്ട് അഥവാ ജോൺസ് ടൗൺ 1974 ലാണ് വടക്കൻ ഗുയാനയിൽ സ്ഥാപിക്കുന്നത്. ഇതിലെ അംഗങ്ങൾക്കൊന്നും ജോണിന്റെ അനുമതിയില്ലാതെ പുറത്തുപോകാൻ കഴിയില്ലായിരുന്നു.

എല്ലാ വിഭാഗക്കാരും എല്ലാ നിറത്തിലുള്ളവരും ഒത്തൊരുമയോടെ കഴിയുന്ന
ഒരു സോഷ്യലിസ്റ്റ് ഉട്ടോപ്യൻ രാജ്യം മനസ്സിൽകണ്ടാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചതെങ്കിലും വൈകാതെ അതൊരു തടവറയായി മാറുകയായിരുന്നു.

എന്റർടെയിൻമെന്റ് ചിത്രങ്ങൾക്ക് പകരം അവിടെ സോവിയേറ്റ് അജണ്ടയുടേയും അമേരിക്കയുടെ പ്രശ്‌നങ്ങളേപറ്റിയുമുള്ള ഡോക്യൂമെന്ററികൾ പ്രകാശനം ചെയ്യാൻ തുടങ്ങി. സ്‌കൂളുകൾക്ക് പകരം കുട്ടികൾക്കായി ഒരുക്കിയത് വിപ്ലവത്തെ കുറിച്ചും, ശത്രുരാജ്യത്തെ കുറിച്ചും, സോവിയറ്റിന്റെ ഘടകക്ഷികളെ കുറിച്ചുമുള്ള ജോൺസിന്റെ സ്റ്റഡി ക്ലാസുകളായിരുന്നു.

ടെമ്പിൾ അംഗങ്ങൾ രാവിലെ 6.30 മുതൽ വൈകീട്ട് 6 മണിവരെ ആഴ്ച്ചയിൽ 6 ദിവസം ജോലി ചെയ്തു. ഇതിന് ശേഷം സോഷ്യലിസത്തെ കുറിച്ചുള്ള ക്ലാസുകളിലും പങ്കെടുക്കണമായിരുന്നു. ദിവസവും എട്ട് മണിക്കൂർ ജോലിയും എട്ട് മണിക്കൂർ പഠനവും നിർഡബന്ധമായിരുന്നു അവിടെ.

പതിയെ പതിയെ വ്യക്തികളിലെ സ്വഭാവ രൂപീകരണത്തിലും കൈകടത്താൻ തുടങ്ങി ജോൺസ്. ജനങ്ങളുടെ മനസ്സ് നിയന്ത്രിക്കാനും സ്വഭാവത്തിൽ മാറ്റം വരുത്തുവാനുമുള്ള വിദ്യ വടക്കൻ കൊറിയയിൽ നിന്നും പകർത്തിയ ജോൺസ് അത് ജോൺസ് ടൗണിലെ ജനങ്ങളിലും പരീക്ഷിച്ച് തുടങ്ങി.

Jim Jones

ജോൺസ്ടൗണിലെ ഉച്ചഭാഷിണികളിൽ നിന്നും സദാസമയം വരുന്ന കമ്മ്യൂണിസ്റ്റ് വാർത്തകളും അജണ്ടകളും രാവും പകലും കേൾക്കാൻ ജനങ്ങൾ നിർബന്ധിതരായി. കിം സങ്, ജോസഫ് സ്റ്റാലിൻ എന്നിവരെ വാഴ്ത്താനും തുടങ്ങി ജോൺസ്. വീടുകളിൽ ഭക്ഷണ ക്ഷാമവും, അസുഖങ്ങളും പൊട്ടിപ്പുറപ്പെട്ടു.

ഇതിനിടെ മാരക മയക്കുമരുന്നുകളെ ആശ്രയിക്കാൻ തുടങ്ങി ജോൺസ്. ആംഫിറ്റമൈൻസ്, ക്വാല്യൂഡ്‌സ്, എൽഎസ്ഡി, ബാർബിറ്റുറേറ്റ്‌സ് തുടങ്ങിയ ലഹരി മരുന്നുകളുടെ അമിത ഉപയോഗം മൂലം ജോൺസിന് മനോവിഭ്രാന്തിയും ജോൺസ് ഒരു സ്വേച്ഛാധിപതിയുമായി മാറി.

അങ്ങേയറ്റം ക്രൂരനായി മാറിയ ഇയാളുടെ ശിക്ഷകൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. ചെറിയ പ്ലൈവുഡ് പെട്ടികളിൽ അടക്കുക, കിണറിനടിയിൽ തലകീഴായി കെട്ടിത്തൂക്കി കുട്ടികളെ ഇടുക ഇതൊക്കെയായിരുന്നു അവയിൽ ചിലത്. മാത്രമല്ല കുട്ടികളെ മാതാപിതാക്കളെ കാണിക്കുകയും ഇല്ലായിരുന്നു.

ജോൺസ്ടൗണിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ ഡെമറോൾ, വാലിയം എന്നീ മാരക മയക്കമരുന്നുകൾ കുത്തിവെക്കും. മാത്രമല്ല ശരീരഭാഗങ്ങൾ ഛേദിക്കുകയും ചെയ്യും. ഇത്തരത്തിൽ ഛേദിച്ച ഒരു മൃതശരീരം കണ്ടെടുത്തതോടെയാണ് ജോൺസ്ടൗണിനെ കുറിച്ച് പുറംലോകം അറിയുന്നതും അന്വേഷണം വരുന്നതും.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ യുഎസ് കോൺഗ്രസുകാരനായ ലിയോ റയാൻ 18 പേരടങ്ങുന്ന അന്വേഷണ സംഘവുമായി ജോൺസ്ടൗണിലേക്ക് പറന്നു. എന്നാൽ നീക്കം മുൻകൂട്ടിയറിഞ്ഞ ജോൺസ് ജോൺസ്ടൗണിലെ ജനങ്ങൾക്ക് മുൻകൂട്ടി അന്വേഷണത്തെ നേരിടാനുള്ള പരിശീലനം നൽകിയിരുന്നു. ജോൺസ്ടൗണിൽ തങ്ങളെല്ലാം സന്തേഷവാന്മാരാണെന്ന് അഭിനയിച്ചു.

എന്നാൽ കുറച്ചുപേർ ഇവരോടൊപ്പം ഇവിടെ നിന്നും രക്ഷപ്പെടാൻ ആശിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി അവർ കൈതുമയിലെ പോർട്ടിൽ വൈകീട്ട് 5 മണിക്ക് എത്തിച്ചേർന്നു. എന്നാൽ അവർ അവിടെ നിന്നും രക്ഷപ്പെടുന്നതിന് മുമ്പേ തന്നെ ജോൺസ്ടൗണിലെ പട്ടാളം വന്ന് അവർക്കുനേരെ നിറയൊഴിച്ചു…20 തവണയാണ് ലിയോ റയാന് നേരെ നിറയൊഴിച്ചത്.

മരണം എത്തുന്നു…

നിനച്ചിരിക്കാതെയാണ് ആ ദിവസം വന്നെത്തിയത്. 1978 നവംബർ 18 നാണ് ‘വിപ്ലവകരമായ ആത്മഹത്യ’ എന്ന പേരിൽ ആളുകളെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്. വലിയ മെറ്റൽ ടബ്ബിൽ സയനൈഡ്, വാലിയം, ക്ലോറൽ ഹൈഡ്രേറ്റ്, ഫിനെർഗൻ തുടങ്ങിയ വിഷമരുന്നുകൾ കലക്കി കുടിാണ് മരിച്ചത്. കുഞ്ഞുങ്ങളുടെ വായിൽ നിർബന്ധിച്ച് ഈ വിഷമിശ്രുതം കൊടുത്ത ശേഷമാണ് മുതിർന്നവർ കുടിച്ചത്. ഇത് ശരീരത്തിനകത്ത് ചെന്ന് വെറും 5 മിനിറ്റൽ തന്നെ മരണം സംഭവിക്കും.

ഈ മരണങ്ങളെല്ലാം ഒരു ടേപ്പിൽ റെക്കോർഡ് ചെയ്തിരുന്നു. 44 മിനിറ്റ് നീണ്ട് നിൽക്കുന്ന ഈ കൂട്ടക്കുരുതിയുടെ ദൃശ്യങ്ങളെ ‘ഡെത്ത് ടേപ്പ്’ എന്നാണ് വിളിക്കുന്നത്. കുഞ്ഞുങ്ങൾ ജീവനായി കരയുന്നത് ഈ ദൃശ്യങ്ങളിൽ കേൾക്കാം. അതിൽ ജോൺസ് ജനങ്ങളോടായി പറയുന്നതും കേൾക്കാം

‘ഞാൻ പറയുന്നു… എത്ര നിലവിളികൾ നിങ്ങൾ കേൾക്കുന്നു എന്നത് എന്നെ ബാധിക്കുന്നില്ല..ഈ ജീവിതം 10 ദിവസം കൂടി നീളുന്നതിലും 10 ലക്ഷം മടങ്ങ് നല്ലത് മരണമാണ്..’

918 പേരാണ് അന്ന് അവിടെ ചലനമറ്റ് വീണത്. ഇതിൽ 300 പേരും കുട്ടികളായിരുന്നു. സ്വന്തം കസേരയിൽ വെടിവെച്ച് ആത്മഹത്യ ചെയ്ത നിലയിൽ ജിം ജോൺസിനെയും കണ്ടെടുത്തു.

അമേരിക്ക കണ്ട ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നാണ് ജോൺസ്ടൗണിൽ നടന്നത്…

The Tragic Story Of Jonestown masaccre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top