പ്രവീണ്‍ തൊഗാഡിയ വിഎച്ച്പി വിട്ടു

വിശ്വ ഹിന്ദുപരിഷത്ത്(വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നഷ്ടമായതിന് പിന്നാലെ പ്രവീണ്‍ തൊഗാഡിയ സംഘടന വിട്ടു. വിഎച്ച്പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയ തൊഗാഡിയ ഹിന്ദുക്കളുടെ ക്ഷേമത്തിനായി ഇനിയും പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ഹിന്ദു സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ചൊവ്വാഴ്ച മുതല്‍ അഹമ്മദാബാദില്‍ നിരാഹാരമിരിക്കുമെന്നും തൊഗാഡിയ അറിയിച്ചു.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാനാണ് തൊഗാഡിയയുടെയും അനുയായികളുടെയും തീരുമാനം. ബദല്‍ ഹിന്ദു സംഘടനയ്ക്ക് രൂപം നല്‍കാനും നീക്കം നടക്കുന്നുണ്ട്.
വിഎച്ച്പി സംഘടനാ തിരഞ്ഞെടുപ്പില്‍ തൊഗാഡിയ പക്ഷത്തിന് കനത്ത തോല്‍വിയാണ് നേരിടേണ്ടി വന്നത്.വിഎച്ച്പി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തൊഗാഡിയ വിരുദ്ധ പക്ഷക്കാരനായ വി എസ് കോക്‌ജെയാണ് വിജയിച്ചത്. തൊഗാഡിയയുടെ വിശ്വസ്തനായ രാഘവ് റെഡ്ഢിയെ 60 ന് എതിരെ 131 വോട്ടിനാണ് കോക്‌ജെ പരാജയപ്പെടുത്തിയത്. ഇതോടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് തൊഗാഡിയയ്ക്ക് പുറത്തേക്കുള്ള വഴി തെളിയുകയായിരുന്നു. പ്രസിഡന്റാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്നത്. അലോക് കുമാറിനെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി കോക്‌ജെ നോമിനേറ്റ് ചെയ്തതിന് പിന്നാലെയാണ് തൊഗാഡിയ വിഎച്ച്പി വിട്ടത്.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്നെ ആര്‍എസ്എസ് തൊഗാഡിയയെ ഒഴിവാക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. തന്നെ വധിക്കാന്‍ ശ്രമം നടന്നെന്നും തൊഗാഡിയ ഇതിനിടെ ആരോപിച്ചതും വിവാദമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here