Advertisement

മുഹമ്മദലിയുടെ ജീവിതം അരങ്ങിലേക്ക്; ഏപ്രിൽ 27ന് ആദ്യ അവതരണം

April 16, 2018
1 minute Read
drama on mohammed ali on april 27 at kerala historical museum

സംഗീതത്തിന്റെ മേളപ്പെരുക്കങ്ങൾ എന്നും അവതരണ കലകളുടെ തുടർച്ച ഉറപ്പിക്കുന്ന ചരടാണ്, പ്രത്യകിച്ചു ഇന്ത്യൻ കലകളിൽ. ഇത്തരം ചിന്തയുടെ ആധുനികമായ പ്രയോഗമാണ് സംവിധായകൻ ജോയ് പിപി ഒരുക്കുന്ന അലി ‘ബിയോണ്ട് ദി റിംഗ്‌’ എന്ന നാടക അനുഭവം. ബോക്‌സിംഗ് ഇതിഹാസമായ മുഹമ്മദ് അലിയുടെ ജീവിത സമരങ്ങളെ ആസ്പദമാക്കിയുള്ള ഈ സമകാലീന രംഗാവതരണം അദ്ദേഹത്തിനു സംഗീതത്തിൽ ഉണ്ടായിരുന്ന താല്പര്യം പശ്ചാത്തലമായി ആവിഷ്‌കരിക്കപ്പെടുന്നു. ഏപ്രിൽ 27 ന് പത്തടിപ്പാലം കേരള ഹിസ്റ്റോറിക്കൽ മ്യൂസിയത്തിൽ വെച്ചാണ് നാടകം നടക്കുന്നത്.

അലി ബിയോണ്ട് ദി റിംഗിൽ പ്രധാനമായും അലിയുടെ ജീവിത പോരാട്ടങ്ങളെ അവതരിപ്പിക്കുന്നു. സൈക്കിൾ കട്ടവനെ ഇടിക്കാനായി, ലോക ചാമ്പ്യൻ ആകാനായി, വെള്ളക്കാരുടെ വർണ്ണ വെറിക്കെതിരെയായി, സ്വന്തം അടയാളത്തിനായി, അമേരിക്കൻ യുദ്ധ കൊതിക്കെതിരായി ഒടുവിൽ പാർക്കിൻസൻസ് രോഗത്തിനെതിരെ നിരന്തരമായി പോരാടി കൊണ്ട് ലോകത്തിനു വഴികാട്ടിയ ഒരു കീഴാളന്റെ ജീവിത സമരം.

നാടകത്തിന്റെ ഗതിയിൽ നേരിട്ട് ഇടപെടുന്ന രീതിയിൽ തത്സമയം റെഗ്ഗെ, ഹിപ് ഹോപ്പ്, ജാസ് വിഭാഗത്തിൽ പെടുന്ന ഗാനങ്ങൾ ആലപിക്കുന്ന ബാൻഡ് എടുത്തു പറയേണ്ട പ്രത്യേകതയാണ്. അലിയുടെ ജീവിതം പിന്നീട് സഞ്ചരിക്കുന്ന വഴിയെ സൂഫി സംഗീതവും നൃത്തവും കലാപരമായി അടയാളപ്പെടുത്തുന്നു.

സംഗീതം സ്വാതന്ത്ര്യത്തിന്റെ വഴിയാണെന്ന് എന്നുള്ള അലിയുടെ നിലപാട് ഈ രംഗാവതരണത്തിൽ ലോകമെമ്പാടും നടന്നിട്ടുള്ള പോരാട്ട സംഗീതങ്ങൾ കോർത്തിണക്കുവാൻ ഒരു ശ്രമം എന്ന നിലയിൽ കാണാം. മനസ്സുകളെ സുഖിപ്പിക്കുവാൻ മാത്രമല്ല പോരാട്ട സജ്ജരാക്കുവാനും സംഗീതത്തിന് പ്രാപ്തിയുണ്ടെന്ന് ഇതിലൂടെ ഓർമ്മപ്പെടുത്താൻ സംഗീത സംവിധായകൻ ബിജിപാൽ ശ്രമിക്കുന്നു.

ഒപ്പം വരികളുടെ രചയിതാവും പക്കമേള നേതാവുമായ ജോഷി പടമാടൻ മലയാളം റെഗ്ഗെ ശാഖയിൽ വേറിട്ട പരീക്ഷണങ്ങൾ ഈ സംഗീത അവതരണത്തിലൂടെ നടത്തുന്നു.

സംവിധായകനായ ജോയ് പിപി മുപ്പതു വർഷമായുള്ള നാടക പ്രവർത്തന അനുഭവങ്ങൾ 28 നാടക രചനകളിലും ഇരുപതോളം നാടക സംവിധാനങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. സി ജെ തോമസിന് ശേഷം ബൈബിൾ നാടക രചനയിൽ വിപ്ലവകരമായ പുനരാഖ്യാനങ്ങൾ നൽകിയ ജോയ് ഒരു നാടക പരിശീലകൻ കൂടിയാണ്. ജപ്പാൻ ചിത്രകലയെ അടിസ്ഥാനമാക്കി ഒരുക്കിയ തോറ്റവന്റെ തൊപ്പി, ചെകുത്താന്റെ സ്വർണ്ണമൊന്ത , ഉസ് ദേശത്ത് നിന്നും ഒരു വിലാപം, വിയാനി, ക്രേതോ, യോന പ്രവാചകൻ, നോഹ എന്നിവയാണ് പ്രധാന നാടകങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top