ആദ്യം സമരം നിര്‍ത്തൂ, എന്നിട്ട് മതി ചര്‍ച്ച; ആരോഗ്യമന്ത്രി

നാലു ദിവസമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തില്‍ കടുത്ത നിലപാടുമായി സര്‍ക്കാര്‍. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഓഫീസ് അറിയിച്ചു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് സംസാരിച്ച ശേഷം സമരം അവസാനിപ്പിക്കാം എന്ന വിശ്വാസത്തില്‍ കെ.ജി.എം.ഒ.എ (കേരള ഗവര്‍മമെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍) നേതൃത്വം മന്ത്രിയെ നേരില്‍ കാണാന്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. സമരം അവസാനിപ്പിച്ച ശേഷം ചര്‍ച്ചയാകാമെന്നാണ് മന്ത്രി പറഞ്ഞത്. ഇതോടെ, സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ പ്രതിസന്ധിയിലായി. സര്‍ക്കാര്‍ നിലപാട് ശക്തിപ്പെടുത്തുന്നതിനാല്‍ ഇനിയും സമരവുമായി മുന്നോട്ട് പോകാന്‍ ഡോക്ടര്‍മാര്‍ തയ്യാറല്ല. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
ആരോഗ്യമന്ത്രിയെ കാണാന്‍ കഴിയാതിരുന്ന കെ.ജി.എം.ഒ.എ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമം നടത്തിയെങ്കിലും സമരം ഒത്തുതീര്‍പ്പായാല്‍ മാത്രമേ നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ കഴിയൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിട്ടുണ്ട്. സമരം അവസാനിപ്പിച്ച ശേഷം മതി ചര്‍ച്ചയെന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിലാണ് താന്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
അതിനിടെ സായാഹ്ന ഒ.പിയുമായും ആര്‍ദ്രം പദ്ധതിയുമായും സഹകരിക്കാമെന്ന് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ എഴുതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് കരുതുന്നു.
ആവശ്യത്തിന് ഡോക്ടര്‍മാരെ നല്‍കിയാല്‍ സായാഹ്ന ഒ.പി മാത്രമല്ല, രാത്രി ഒ.പിയിലും ജോലിചെയ്യാന്‍ തയ്യാറാണെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനി സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here