‘നിങ്ങള്‍ സഞ്ജുവിനെ കാണുന്നില്ലേ’…; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മികച്ച പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. 2018ലെ ഐപിഎല്ലില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തം പേരില്‍ കുറിച്ച് ഓറഞ്ച് ക്യാപുമായാണ് സഞ്ജു നില്‍ക്കുന്നത്.
ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ് സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘എന്റെ വാക്കുകള്‍ വിശ്വസിക്കൂ…സഞ്ജുവിന്റെ കഴിവിന് ഒരു പരിധിയുമില്ലെ’ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം എബി ഡി വില്ലിയേഴ്‌സ് സഞ്ജുവിനെ കുറിച്ച് ഇന്ന് പറഞ്ഞത്.
‘അവന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയാണ്… ഞങ്ങളുടെ പിന്തുണ എപ്പോഴുമുണ്ട്’… എന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ സഞ്ജുവിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിനെ പോലൊരു പ്രതിഭാശാലിയെ സ്ഥിരപ്പെടുത്താന്‍ കഴിയാത്തതില്‍ ബിസിസിഐ, ടീം സെലക്ടേഴ്‌സ് എന്നിവരെ നിരവധി പേര്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം നടത്താന്‍ കഴിവുള്ള സഞ്ജുവിനെ ടീമിന് പുറത്തിരുത്തുന്നത് ഇന്ത്യയുടെ ക്രിക്കറ്റ് ഭാവിയെ ദോഷമായി ബാധിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ അഭിപ്രായം. 2019ല്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരമായ സഞ്ജുവും കളത്തിലിറങ്ങണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here