കോണ്‍ഗ്രസ് ബന്ധം വേണ്ടേ…വേണ്ട; കടുത്ത നിലപാടുമായി കാരാട്ട്

കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പൂര്‍ണ്ണമായി തള്ളി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രാഷ്ട്രീയ പ്രമേയം 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസുമായി സഖ്യം സാധ്യമല്ലെന്ന് കാരാട്ട് ആവര്‍ത്തിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യം ബദല്‍ മാര്‍ഗമാകില്ലെന്നാണ് കാരാട്ടിന്റെ വാദം. തിരഞ്ഞെടുപ്പ് അടവു നയവും രാഷ്ട്രീയ നയവും രണ്ടാണ്. രണ്ടിനെയും ഒന്നായി കാണരുതെന്നും രാഷ്ട്രീയ പ്രമേയത്തില്‍ കാരാട്ട് പറഞ്ഞു.
കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം ഇല്ലെന്ന് ആവര്‍ത്തിച്ച പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ബൂര്‍ഷ്വാ ഭൂപ്രഭു പാര്‍ട്ടിയാണെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവ് നയം പാര്‍ട്ടി സ്വീകരിക്കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.
യെച്ചൂരിയുടെ കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടും കാരാട്ട് തള്ളി. യെച്ചൂരിയുടേത് ബദല്‍ രേഖയല്ലെന്ന് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് ബന്ധം വേണമെന്ന യെച്ചൂരി നിലപാട് ന്യൂനപക്ഷ നിലപാട് മാത്രമാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here