മോഡി ഐപിസിയിൽ പുതിയ വകുപ്പ് ഉണ്ടാക്കിയെന്ന പ്രചാരണം കള്ളം [24 Fact Check]

കത്‌വ പീഡനക്കേസ് ആഗോളതലത്തിൽ വരെ ചർച്ചയായിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ചുവടുപിടിച്ച് നിരവധി നുണപ്രചരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. കൂട്ടത്തിൽ ഐപിസി സെക്ഷൻ 233 എന്ന ഫോർവേഡ് മെസ്സേജ് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സെക്ഷൻ 233 പ്രകാരം പീഡിപ്പിക്കാൻ വരുന്ന അക്രമിയെ കൊല്ലാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്നും, മോദി ഒടുവിൽ ഈ നിയമം പാസ്സാക്കിയിരിക്കുകയാണെന്നുമാണ് സന്ദേശം. എന്നാൽ ഇത് ശുദ്ധ അസംബന്ധമാണെന്നതാണ് സത്യം.
ഇന്ത്യൻ ശിക്ഷാ നിയമം 233 ൽ കള്ളനോട്ട് അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തെ കുറിച്ചാണ് പറയുന്നത്.
IPC Section 233 –
Making or selling intsrument for counterfeiting coin.—Whoever makes or mends, or performs any part of the process of making or mending, or buys, sells or disposes of, any die or intsrument, for the purpose of being used, or knowing or having reason to believe that it is intended to be used, for the purpose of counterfeiting coin, shall be punished with imprisonment of either description for a term which may extend to three years, and shall also be liable to fine.
1973 ൽ അവതരിപ്പിച്ച ഐപിസി സെക്ഷൻ 100 എന്ന നിയമമാണ് സെക്ഷൻ 233 ആയി വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ നാലാം അധ്യായത്തിൽ വകുപ്പുകൾ 76 മുതൽ 106 വരെ ‘ജനറൽ എക്‌സപ്ഷൻസ്’ ആണ് പ്രതിപാദിക്കുന്നത്. ആർക്കെല്ലാം ഏതെല്ലാം സാഹചര്യങ്ങളിലാണ് ശിക്ഷാ ഇളവുകൾ ലഭിക്കുന്നതെന്നതിന്റെ വിശദീകരണങ്ങളാണ് അതിൽ. താൻ കൊല്ലപ്പെട്ടേക്കും എന്ന് ഉത്തമ ബോധ്യമുണ്ടായി ചെറുത്തു നിൽക്കുന്നതിനിടെ ഉണ്ടാക്കുന്ന കൊലപാതകം ശിക്ഷാ ഇളവ് ലഭിക്കാവുന്ന കുറ്റമാണ് എന്നതാണ് വകുപ്പ് 100 പറയുന്നത്. ഈ വകുപ്പിന്റെ രണ്ടാം ഉപവകുപ്പിലാണ് [IPC SEC:100 (ii) ] റേപ്പ് ശ്രമത്തിനിടെ ചെറുത്ത് നിൽക്കാനുള്ള ശ്രമത്തിൽ സംഭവിക്കുന്ന കൊലപാതകം ശിക്ഷാ ഇളവ് നേടാനുള്ള സാധ്യത പറയുന്നത്.
ഏത് സാഹചര്യത്തിലാണ് സ്വരക്ഷാർത്ഥമുള്ള കൊലപാതകത്തിൽ നിന്നും ശിക്ഷയിളവ് ലഭിക്കുന്നത് ?
1. സ്വയരക്ഷാവകാശം വിനിയോഗിച്ചില്ലെങ്കിൽ മരണം സംഭവിച്ചേക്കുമെന്ന് ന്യായമായും ഭയമുണ്ടാകത്തക്കവണ്ണമുള്ള കൈയേറ്റം.
2. വളരെ ഗുരുതരമായ ദേഹോപദ്രവം ഏൽപ്പിച്ചേക്കുമെന്നു ന്യായമായി ഭയപ്പെടുന്ന സന്ദർഭം (Grievous hurt).
3.ബലാത്സംഗംചെയ്യണമെന്ന ഉദ്ദേശ്യത്തോടെയുള്ള കൈയേറ്റം(Rape)
4. പ്രകൃതിവിരുദ്ധ ഭോഗതൃഷ്ണയെ തൃപ്തി പ്പെടുത്തുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം.
5. കുഞ്ഞുങ്ങളെയോ മറ്റ് ആളുകളെയോ തട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി ചെയ്യുന്ന കൈയേറ്റം.
മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ കൊലപാതകം നടന്നാൽ പ്രതിയെ ശിക്ഷിക്കാൻ കഴിയില്ല. എന്നാൽ കൊലപാതകം മനപ്പൂർവ്വമായിരുന്നില്ലെന്ന് കോടതിക്ക് ഉത്തമബോധ്യം വന്നാൽ മാത്രമേ ശിക്ഷായിളവ് ലഭിക്കുകയുള്ളു.
ഉദാഹരണത്തിന് ‘എ’ എന്ന വ്യക്തി ‘ബി’ എന്ന വ്യക്തിയെ ചാട്ടകൊണ്ട് അടിക്കുന്നു. ബിയെ മാരകമായി മുറിവേൽപ്പിക്കാനാണ് എയുടെ ശ്രമം. ഈ ഘട്ടത്തിൽ ബി ഒരു തോക്കെടുത്ത് എയെ വെടിവെക്കുന്നു. കാരണം ബിയുടെ പക്കൽ എയെ തടയാൻ വെടിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ല. ഈ സാഹചര്യത്തിൽ ബിയ്ക്ക് ശിക്ഷായിളവ് ലഭിക്കും.
ഭർത്താവ് നോക്കി നിൽക്കേ ഭാര്യയെ ഒരാൾ പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ഇയാളിൽ നിന്നും രക്ഷനേടാൻ ഭാര്യ കഴിവത് ശ്രമിക്കുന്നുണ്ട്. പെട്ടെന്ന് തന്നെ കയ്യിൽ കിട്ടിയ വടികൊണ്ട് ഭർത്താവ് അക്രമിയുടെ തലക്കടിച്ച് ഭാര്യയെ രക്ഷപ്പെടുത്തുന്നു. ഈ സാഹചര്യത്തിലും പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും. നിയമത്തിലെ ഈ വകുപ്പ് പ്രകാരം പ്രാണഭയത്താൽ ചെയ്യുന്ന കൊലപാതകങ്ങൾക്കാണ് ശിക്ഷായിളവ് ലഭിക്കുന്നത്. എന്നുകരുതി മാരകമായി മുറിവേൽക്കുന്നതുവരെ ഇരയ്ക്ക് കാത്തുനിൽക്കേണ്ടതില്ല.
സെക്ഷൻ 233 എന്ന് തുടങ്ങുന്ന വാട്‌സാപ്പ് സന്ദേശം കള്ളമാണെന്ന് ജനം മനസ്സിലാക്കിയതോടെ കത്‌വ വിഷയത്തിൽ കരിയിൽ മുങ്ങിയ ബിജെപിയെ വെള്ള പൂശാനുള്ള സംഘപരിവാറുകാരുടെ മറ്റൊരു അജണ്ടയാണ് പാളിപ്പോയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here