Advertisement

സിനിമാ വ്യവസായം വെന്റിലേറ്ററിലെന്ന് നിര്‍മാതാക്കള്‍; സെസില്‍ മാറ്റം വേണമെന്ന് തീയേറ്റര്‍ ഉടമകള്‍; സിനിമാ കോണ്‍ക്ലേവില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ

1 day ago
2 minutes Read
suggestions raised at the cinema conclave explained

നല്ല സിനിമ നല്ല നാളെ എന്നായിരുന്നു സിനിമാ നയരൂപീകരണത്തിനായി തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവിന്റെ ടാഗ് ലൈന്‍. മലയാള സിനിമയ്ക്ക് ദിശാബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. സിനിമാ- സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനധികള്‍, വിദേശ സിനിമാ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത കോണ്‍ക്ലേവ് സിനിമാ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതായിരുന്നു. (suggestions raised at the cinema conclave explained)

നിര്‍മാതാക്കള്‍ സാങ്കേതിക പ്രവര്‍ത്തകരുടെ വിവിധ സംഘടനാ പ്രതിനിധികള്‍, എഴുത്തുകാര്‍ തുടങ്ങി ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളുടെ സംഘടനാ പ്രതിനിധികള്‍വരെ രണ്ടു ദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. സിനിമാ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, പുതിയൊരു സിനിമാ സംസ്‌കാരം ഉണ്ടാക്കുന്നതിനുമായി ഒട്ടേറെ നിര്‍ശങ്ങളും അഭിപ്രായങ്ങളും കോണ്‍ക്ലേവില്‍ വിവിധ സെഷനുകളിലായി അവതരിപ്പിച്ചു.

നിര്‍മാതാക്കളും, സിനിമാശാലാ ഉടമകളുടെ സംഘടനാ പ്രതിനിധികളും പ്രധാനമായി ഉന്നയിച്ച വിഷയം സിനിമയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതുപോലുളള പരിഗണനകള്‍ ലഭിക്കുന്നില്ല എന്നായിരുന്നു ഉയര്‍ന്ന പ്രധാന പരാതി. മലയാള സിനിമാ വ്യവസായം വെന്റിലേറ്ററിലാണ് എന്നും, സര്‍ക്കാര്‍ സഹായം ലഭിക്കാതെ വ്യവസായത്തിന് മുന്നോട്ടുപോവാന്‍ കഴിയില്ലെന്നും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.

Read Also: നിലമ്പൂരില്‍ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതും അന്‍വറിന് മറുപടി നല്‍കാത്തതും പാളി; വിമര്‍ശിച്ച് സിപിഐ മലപ്പുറം ജില്ലാ സമ്മേളനം

ഷൂട്ടിംഗ് പ്രക്രിയയോട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സഹകരിക്കണം

ഷൂട്ടിംഗിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. റെയില്‍വെ സ്റ്റേഷന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്, ബസുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയൊക്കെ സിനിമാ ചിത്രീകരണത്തിനായി സമീപിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സഹകരണ മനോഭാവത്തോടെയല്ല പ്രതികരിക്കുന്നത്. കേരളത്തിലെ വനങ്ങളില്‍ ഷൂട്ടിംഗ് നിരോധനം നടപ്പാക്കിയിരിക്കയാണ് സര്‍ക്കാര്‍. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ പിന്നീട് വിനോദസഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാമെന്നിരിക്കെ ടൂറിസം വകുപ്പ് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കണം. വിദേശത്തുനിന്നുപോലും കേരളത്തില്‍ സിനിമകള്‍ ചിത്രീകരിക്കാന്‍ വരുന്ന രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കണം. ഇത് കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്കും ഗുണകരമാവും. നിരവധി പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവാനും വഴിയൊരുക്കുമെന്നും സിനിമാ കോണ്‍ക്ലേവില്‍ നിര്‍ദേശമുയര്‍ന്നു.

നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വരുന്നത്

നിര്‍മാതാക്കള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ജി സുരേഷ് കുമാര്‍ കോണ്‍ക്ലേവില്‍ ഉയര്‍ത്തിക്കാട്ടി. സിനിമയ്ക്ക് ഗ്രാന്റ് നല്‍കണം, മഹാരാഷ്ട്ര സിനിമയ്ക്ക് ഒരു കോടി രൂപ സബ്സിഡി നല്‍കുന്നുണ്ട്. ഹരിയാന 2.5 കോടിയും പ്രാദേശിക സിനിമയ്ക്ക് 50 ലക്ഷം രൂപയും ഗ്രാന്റ് നല്‍കുന്നു. എന്‍എഫ്ഡിസി അന്താരാഷ്ട്ര സിനിമകള്‍ക്ക് 30 കോടിവരെ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്, എന്നാല്‍ കേരളത്തില്‍ അഞ്ച് ലക്ഷത്തിന്റെ ചിത്രാജ്ഞലി പാക്കേജ് മാത്രമാണിപ്പോഴും ഉള്ളത്. സിനിമയ്ക്ക് സഹായധനം വളരെ കുറച്ചുമാത്രം നല്‍കുന്നത് കേരളമാണ്. ഇത് പരിഹരിക്കണം. ഇപ്പോള്‍ സ്വകാര്യ പണമിടപാടുകാരുടെ കൈയ്യില്‍ നിന്നും പണം വാങ്ങി, ജീവിതം തകര്‍ന്നിരിക്കുന്ന നിരവധി നിര്‍മാതാക്കളാണ് കേരളത്തിലുള്ളത്. പണം ഓടിയാല്‍ മാത്രം രക്ഷപ്പെടാം, അല്ലാത്തപക്ഷം നിര്‍മാതാവ് ഇല്ലാതാവും. ഒ ടി ടി പോലും ഇപ്പോള്‍ പടം എടുക്കുന്നില്ല. ഓവര്‍സീസ് മാര്‍ക്കറ്റ് ഇല്ലാതാക്കി. 10 മുതല്‍ 12 ശതമാനം വരെ മാത്രമാണ് സിനിമകള്‍ വിജയിക്കുന്നത്. 200 ല്‍ പരം സിനിമകളാണ് ഒരു വര്‍ഷം നിര്‍മ്മിക്കുന്നത്. ഇതില്‍ 900 ശതമാനവും പൊട്ടുന്നു. പ്രൊഡ്യൂസര്‍മാര്‍ പണച്ചാക്കുമായാണ് വരുന്നതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അതല്ല അവസ്ഥ. പലരും കുടുംബം വിറ്റാണ് നിലനില്‍ക്കുന്നത്. കുത്തുപാളയെടുക്കുന്ന നിര്‍മാതാക്കളുടെ എണ്ണം കൂടുകയാണ് എന്നും നിര്‍മാതാക്കളുടെ സംഘടനാ നേതാവായ ജി സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ സര്‍ട്ടിഫിക്കേഷന്‍ അടക്കം വിവിധ ആവശ്യങ്ങള്‍ക്കായും ഷൂട്ടിംഗ് പെര്‍മിഷനായും വന്‍ തുകയാണിപ്പോള്‍ ചിലവാകുന്നത്. ഇതെല്ലാം ഒറ്റ കുടക്കീഴിലേക്ക് കൊണ്ടുവരികയാണെങ്കില്‍ വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവും. രാജ്യത്ത് ജി എസ് ടി വന്നതോടെ ഒറ്റ നികുതി നടപ്പായെങ്കിലും സിനിമയ്ക്ക് 33 ശതമാനമാണ് നികുതി. കേരളത്തില്‍ മാത്രമാണ് ജി എസ് ടിക്ക് പുറമെ എന്റര്‍ടെയിന്‍മെന്റ് ടാക്സ് ഏര്‍പ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധനയുണ്ടായി. എന്റര്‍ടെയിന്‍മെന്റ് ടാക്സിന് പുറമെ സെസുകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട.് ഇതെല്ലാം സിനിമയ്ക്ക് വലിയ ഭാരമായി മാറുകയാണെന്നും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധികളും ഫിലിം ചേമ്പര്‍ പ്രതിനിധികളും ആരോപിച്ചു. തീയേറ്ററുകാര്‍ ടാക്സ്, ഇലട്രിസിറ്റി ചാര്‍ജ് എന്നിവയാല്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ ഒ ടി ടിയില്‍ നിന്നും സര്‍ക്കാരിന് ഒന്നും ലഭിക്കുന്നില്ലെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ ആരോപണം.

പഴയ തീയേറ്ററുകള്‍ക്ക് പുതുജീവന്‍

കേരളത്തില്‍ ഒരുകാലത്ത് നല്ല നിലയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന നിരവധി സിനിമാ തീയേറ്ററുകള്‍ അടച്ചുപോയെന്നും, സിനിമാ വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനായി സഹായിച്ച ഇത്തരം സിനിമാ തീയേറ്ററുകളെ പുനരുദ്ധരിക്കാന്‍ കുറഞ്ഞ പലിശയ്ക്ക് ദീര്‍ഘകാല വായ്പകള്‍ നല്‍കാന്‍ പുതിയ സിനിമാ നയത്തില്‍ നിര്‍ദേശമുണ്ടാവണമെന്നായിരുന്നു സിനിമാ എക്സിബിറ്റേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ഉന്നയിച്ച പ്രധാന ആവശ്യം. ഒരു വ്യവസായമെന്ന നിലയില്‍ സിനിമാ തീയേറ്ററുകള്‍ക്ക് വൈദ്യുതി ചാര്‍ജില്‍ ഇളവുനല്‍കണമെന്നും ആവശ്യമുയര്‍ന്നു. സ്മാര്‍ട്ട് മീറ്റര്‍ വെക്കാത്തതിന്റെ രണ്ട് ലക്ഷം രൂപ പെനാല്‍ട്ടി അടിക്കുന്നു. ഈ അവസ്ഥയില്‍ സിനിമാ ശാലകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു തീയേറ്റര്‍ ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സെസില്‍ മാറ്റം വേണം

സിനിമാ തീയേറ്ററുകളില്‍ നിന്നുമാത്രം സെസ് പിരിക്കുന്നു, ടെലിവിഷന്‍ ചാനലുകളില്‍ നിരവധി സിനിമാധിഷ്ഠിത പരിപാടികള്‍ നടത്തുന്നുണ്ട്. അവരില്‍ നിന്നും സെസ് പിരിക്കാനും, സി എസ് ആര്‍ ഫണ്ട് സ്വീകരിക്കാനും നിയമത്തില്‍ മാറ്റമുണ്ടാവണം. സാംസ്‌കാരിക ക്ഷേമനിധിയുടെ പ്രവര്‍ത്തനം കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു. കെഎസ്എഫ്ഡിസി സിനിമയുടെ ചിത്രീകണത്തിനാവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കണം. ഒരു നോഡല്‍ ഏജന്‍സിയായി ഇത് മാറണം. ഇന്ത്യന്‍ സിനി ഹബ്ബ് പോലെയായി മാറണം എന്നാണ് നിര്‍ദേശം ഉയര്‍ന്നത്. വനിതകളായ സിനിമാ നിര്‍മാതാക്കള്‍ക്ക് പലപ്പോഴും സിനിമയ്ക്ക് സാമ്പത്തിക സഹായം ലഭിക്കാത്ത അവസ്ഥയുണ്ട്, അതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു.

കേരളത്തില്‍ നിലവില്‍ വന്‍ തുകയാണ് ഷൂട്ടിംഗ് ലൊക്കേഷന് വാങ്ങിക്കുന്നത്, ചെറുകിട സിനിമയെ ഇത് പ്രതികൂലമായി ബാധിക്കുകയാണ്. വനിതാ സാങ്കേതിക പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ഉണ്ടാവണമെന്നുള്ള ആവശ്യവും വിവിധ സെഷനുകളില്‍ ഉയര്‍ന്നു. മലയാളത്തില്‍ കലാമൂല്യമുള്ള നിരവധി സ്വതന്ത്ര സിനിമകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളകളിലേക്ക് ഈ സിനിമകള്‍ എത്തുന്നില്ല. അതിനുള്ള സംവിധാനം കെ എസ് എഫ് ഡി സിയുടെ നേതൃത്വത്തില്‍ ഉണ്ടാവണമെന്നും നിര്‍ദേശം ഉയര്‍ന്നു. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഫിലിം ക്യൂറേറ്റര്‍മാരുടെ ഒരു പാനല്‍ ഉണ്ടാക്കണം, ക്യൂറേറ്റര്‍മാര്‍ ഈ സിനിമ കാണാനും, അവ വിവിധ അന്താരാഷ്ട്ര മേളകളിലേക്ക് ശിപാര്‍ശ ചെയ്യാനും പദ്ധതി തയ്യാറാക്കണമെന്നും നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധിയായ സന്ദീപ് സേനന്‍ ആവശ്യപ്പെട്ടു.

സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു കലാകേന്ദ്രം

കലാമൂല്യമുള്ള സിനികള്‍ പ്രദര്‍ശിപ്പിക്കാനും അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ നടത്താനുമായി ഒരു തീയേറ്റര്‍ കോംപ്ലക്സ് പണിയണമെന്നായിരുന്നു നിര്‍മാതാക്കളുടെ സംഘടനാ നേതാവായ ജി സുരേഷ് കുമാറിന്റെ നിര്‍ദേശം. ഒരു സ്ഥിരം കലാകേന്ദ്രം എന്ന നിലയില്‍ അത്തരമൊരു ആര്‍ട് സെന്റര്‍ അനിവാര്യമാണ്.

ചിത്രജ്ഞലി സ്റ്റുഡിയോ വെര്‍ച്വല്‍ സംവിധാനങ്ങളോടെ പുനരുദ്ധരിക്കണമെന്നായിരുന്നു ഉയര്‍ന്ന മറ്റൊരു ആവശ്യം. ചിത്രജ്ഞലിയില്‍ നേരത്തെ പണിത പല സെറ്റുകളും പൊളിച്ചുമാറ്റിയത് തെറ്റായിരുന്നുവെന്നും, സെറ്റുകള്‍ റീ-യൂസ് ചെയ്യാനുള്ള സംവിധാനം ഉണ്ടായാല്‍ നിര്‍മാതാക്കള്‍ക്ക് ആശ്വാസമാണെന്നും അഭിപ്രായമുയര്‍ന്നു.

എഐയുടെ സാധ്യത തിരിച്ചറിയണം

കുട്ടികളേയും യുവാക്കളേയും കോണ്‍ക്ലേവിന്റെ ഭാഗമായി കേള്‍ക്കണം. വരും കാലത്ത് സിനിമ ചെയ്യേണ്ടവരും പ്രേക്ഷകരും എല്ലാം അവരാണ്. അതിനാല്‍ പുതുതലനമുറയേയും അവരുടെ സിനിമാ സങ്കല്‍പ്പങ്ങളും അറിഞ്ഞുവേണം പുതിയ നയം പ്രഖ്യാപിക്കാന്‍ എന്നായിരുന്നു നടിയും അമ്മ ഭാരവാഹിയുമായ അന്‍സിബ ഹസന്റെ നിര്‍ദേശം. എഐയുടെ സാധ്യതകള്‍ സിനിമയെ എങ്ങിനെ സ്വാധീനിക്കുമെന്നുള്ള ചര്‍ച്ചയും ഉയരേണ്ടതുണ്ടെന്നും അന്‍സിബ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ സിനിമാ ഫെസ്റ്റിവലാണ് ചര്‍ച്ചയ്ക്കുവന്ന മറ്റൊരു നിര്‍ദേശം. യുവാക്കളില്‍ സിനിമാവബോധം വളര്‍ത്താനായി ഇത്തരം ഫെസ്റ്റിവലുകള്‍ അനിവാര്യമാണ്. കുട്ടികളുടെ സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവുന്നില്ലെന്ന ആരോപണവും ചര്‍ച്ചകളില്‍ ഉയര്‍ന്നു.

Story Highlights : suggestions raised at the cinema conclave explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top