Advertisement

സുനില്‍ വിശ്വചൈതന്യ വീണ്ടും സംവിധായകനാകുന്നു; അരക്കിറുക്കന്‍ തിയറ്ററുകളില്‍

April 20, 2018
1 minute Read

ഗാന്ധാരി, മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, ചന്ത, കഥ പറയും തെരുവോരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സുനില്‍ വിശ്വചൈതന്യ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിഞ്ഞിരിക്കുന്നു. ഇന്ന് തിയറ്ററുകളിലെത്തിയ അരക്കിറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് സുനില്‍ വീണ്ടും സംവിധായക വേഷത്തിലെത്തിയിരിക്കുന്നത്.

ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ മികച്ച അഭിപ്രായമാണ് അരക്കിറുക്കന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയമാണ് അരക്കിറുക്കനില്‍ സംവിധായകന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ഒരു നാടുമായി ബന്ധപ്പെട്ട കഥയാണ് അരക്കിറുക്കനിലേത്. സമൂഹം ഇന്ന് ചര്‍ച്ച ചെയ്യേണ്ട നിരവധി പ്രസ്‌കതമായ ചോദ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്ന് സംവിധായകന്‍ 24 ന്യൂസിനോട് പറഞ്ഞു.

സിനിമയുടെ ഭാഗമായി 475 വര്‍ഷം പഴക്കമുള്ള കുളം സിനിമയുടെ അണിയറക്കാര്‍ ചേര്‍ന്ന് വൃത്തിയാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 118 പുതുമുഖങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ഒന്‍പത് മാസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയത്. സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം സിനിമയെ കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിയതായി സംവിധായകന്‍ പങ്കുവെച്ചു. എന്നാല്‍, സിനിമ കൈക്കാര്യം ചെയ്യുന്ന വിഷയം ജനങ്ങളിലേക്ക് എത്തിതുടങ്ങിയാല്‍ തിയറ്ററിലേക്ക് പ്രേക്ഷകരെത്തുമെന്ന വിശ്വാസത്തിലാണ് സംവിധായകന്‍. സുനിലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് സിനിമ തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ട സാമ്പത്തിക സഹായം നല്‍കിയ സുഹൃത്തുകളോട് താന്‍ കടപ്പെട്ടിരിക്കുന്നതായി സംവിധായകന്‍ പ്രതികരിച്ചു.

‘ഈ സിനിമയ്ക്ക് പിന്നില്‍ ആഴമുള്ള ഒരു കഥയുണ്ട്. ഈ സമൂഹം ചര്‍ച്ച ചെയ്യേണ്ട വളരെ ഗൗരവമേറിയ വിഷമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. അത് ജനങ്ങള്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും’ സുനില്‍ വിശ്വചൈതന്യ പങ്കുവെച്ചു. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ തന്നെ മികച്ച അഭിപ്രായങ്ങളാണ് തന്നെ തേടിയെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുനിലിന്റെ മകള്‍ വേദ സുനിലാണ് സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

2011 ല്‍ ലക്കി ജോക്കര്‍ എന്ന സിനിമ സംവിധാനം ചെയ്ത ശേഷം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു സിനിമയുമായി സുനില്‍ വിശ്വചൈതന്യ എത്തുന്നത്. വെറുതെ ഒരു സിനിമ സംവിധാനം ചെയ്യുക എന്നതിനപ്പുറം കാമ്പുള്ള, സമൂഹത്തില്‍ ചര്‍ച്ചയാകേണ്ട ഒരു വിഷയത്തെ കുറിച്ച് സിനിമ ഒരുക്കണമെന്ന ശാഠ്യമുള്ളതുകൊണ്ടാണ് താന്‍ സിനിമ മേഖലയില്‍ നിന്ന് വിട്ടുനിന്നതെന്ന് സംവിധായകന്‍ പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി കോഴിക്കോട് ഗുരുകുലം സമ്പ്രദായത്തിലുള്ള പാഠ്യപദ്ധതി നടത്തികൊണ്ടിരിക്കുകയാണ് സുനില്‍ ഇപ്പോള്‍. കോഴിക്കോട് രാധ തിയറ്ററില്‍ ഇന്ന് വൈകീട്ട് കുടുംബത്തോടൊപ്പം താന്‍ ചിത്രം കാണുമെന്നും അനില്‍ വിശ്വചൈതന്യ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top