റിസര്‍വ് ബാങ്കോ ….റിവേഴ്‌സ് ബാങ്കോ ..??

ക്രിസ്റ്റീന ചെറിയാന്‍
രാജ്യത്തെ ഓരോ സാമ്പത്തിക സ്പന്ദനവും മുന്‍കൂട്ടിക്കണ്ട് വേണ്ട നയങ്ങള്‍ എടുക്കുന്ന ഒരു സംവിധാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ പേരില്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം കേട്ട് കേഴ്വി പോലുമില്ലാത്ത തരത്തിലുള്ള രസകരമായ ആചാരങ്ങളാണിപ്പോള്‍ സാമ്പത്തിക രംഗത്ത് നടക്കുന്നത്. ഇന്ത്യ പോലൊരു ബൃഹദ് സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്കു വഹിക്കുന്ന റിസര്‍വ് ബാങ്ക് കാണിക്കുന്ന ഉത്തരവാദിത്ത രാഹിത്യം സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നു. പെട്ടെന്നൊരു ദിവസം ടിക്കറ്റെടുത്ത് ഹോങ്കോങിലോ, ലണ്ടനിലോ പോയി സുഖവാസം നടത്തി ബാങ്കുകള്‍ക്കു നേരെ കൊഞ്ഞനം കുത്താന്‍ അവര്‍ക്കാവില്ലല്ലോ.. ചെറിയ ക്ലാസുകളില്‍ പഠിച്ചിട്ടുണ്ട് ജുഡീഷ്യറി സ്വതന്ത്രവും, പക്ഷപാത രഹിതവുമായ ഭരണസംവിധാനമാണെന്ന്.. കേന്ദ്രബാങ്കും അങ്ങനെയൊരു സംവിധാനമായിരുന്നു കുറച്ചുനാള്‍ മുന്‍പു വരെ.
ഓരോ സാമ്പത്തിക അവസ്ഥകളിലും വേണ്ട കൃത്യമായ നയങ്ങള്‍ എടുത്തുപോന്ന നിയന്ത്രിതാവായി അറിയപ്പെട്ട ആര്‍ബിഐ യുടെ നിലവിലെ അവസ്ഥ എന്താണ് എന്ന് പറഞ്ഞുതരുന്ന ഒരു ചൂണ്ടുപലകയാണ് ഈ പണക്ഷാമം. ഇന്ന് വ്യവസ്ഥിതികളെയെല്ലാം കീഴ്‌മേല്‍ മറിക്കുന്ന റിവേഴ്‌സ് ബാങ്കായി മാറുകയാണോ റിസര്‍വ് ബാങ്ക് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് കറന്‍സി ക്ഷാമം ഉണ്ടാകുമെന്ന് മുന്‍ക്കൂട്ടിക്കണ്ട് കുറവുള്ള നോട്ടുകള്‍ അച്ചടിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ ധനമന്ത്രിക്ക് കഴിഞ്ഞില്ലെന്നത് പോട്ടെ എന്നു വെക്കാം. നിയമ ബിരുദധാരിയായ അദ്ദേഹത്തിന് അക്കാര്യത്തില്‍ വേണ്ട ക്ഷമത കാട്ടാനായില്ലെന്നു കരുതാം. എന്നാല്‍ സാമ്പത്തിക വിദഗ്ധരായ ഊര്‍ജ്ജിത് പട്ടേലിനും കൂട്ടര്‍ക്കും എന്തു പറ്റി…? നിലവിലെ സ്ഥിതി അവലോകനം ചെയ്യാന്‍ ധനമന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആര്‍ബിഐ അംഗങ്ങള്‍ പറഞ്ഞത് പ്രസ്തുത സംസ്ഥാനങ്ങളില്‍ ഡിപ്പോസിറ്റ് നിരക്ക് കുത്തനെ കുറയുകയും, വിത്‌ഡ്രോവല്‍ റോക്കറ്റ് പോലെ കുതിക്കുകയും ചെയ്‌തെന്നാണ്. ആര്‍ബിഐ സൈറ്റിലെ കണക്കുകളില്‍ ഗണ്യമായ മാറ്റം കാണിക്കുന്നുമില്ല. അപ്പോ ഇത് ജനങ്ങളെ പറ്റിക്കോനോ….ഏതോ മറ്റാരെങ്കിലും പറഞ്ഞു പറയിച്ച ഡയലോഗോ..?
ഉത്സവകാല ഡിമാന്‍ഡ് കൂടിയതാണ് കറന്‍സി ഇല്ലായ്മയ്ക്ക് കാരണമെന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞത്രേ…ഈ രാജ്യത്ത് ഇത്രയും വര്‍ഷങ്ങള്‍ ആഘോഷിക്കാത്തതായി പുതിയ ഉല്‍സവങ്ങളെന്തെങ്കിലും ഇറക്കുമതി ചെയ്തിരുന്നോ എന്തോ ? ഇതുവരെയുള്ള ഉല്‍സവകാലത്തൊന്നും ഇത്തരമൊരവസ്ഥ കണ്ടിട്ടില്ലാത്തത് കൊണ്ട് ചോദിച്ചെന്നേയുള്ളു..പിന്നെ അടുത്ത കാരണം ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ കൂടിയെന്ന്.. എവിടെ കൂടി ? നോട്ടസാധുവാക്കല്‍ കഴിഞ്ഞ് കുറേക്കാലം ഉപയോഗിച്ച സ്വൈപ്പിംഗ് മെഷ്യന്‍ ഒക്കെ കച്ചോടക്കാരു ലോക്കറില്‍ വെച്ചു പൂട്ടി..
അത്രയും മാരകമായിരുന്നു അതിന്റെ പ്രവര്‍ത്തനം. കണക്കുകളും കാണിക്കുന്നത് ഇത് തന്നെ.. എന്തരായാലും നോട്ട് ക്ഷാമ അവലോകന യോഗത്തില്‍ ധനമന്ത്രാലയ പ്രതിനിധികളും, ആര്‍ബിഐ പ്രതിനിധികളും, സാദാ ബാങ്ക് പ്രതിനിധികളും പറയുന്നത് പരസ്പരബന്ധമില്ലാത്ത കാര്യങ്ങള്‍… ബാങ്കുകാരു പറയുന്നു ആര്‍ബിഐ അവര്‍ക്ക് കാശ് കൊടുക്കുന്നില്ലാന്ന്.. ആര്‍ബിഐ പ്രനിധികള്‍ പറയുന്നു നിക്ഷേപം കുറയുന്നു,പിന്‍വലിക്കല്‍ കൂടുന്നു ..ബാങ്കുകാര് എടിഎം റീകാലിബ്രേറ്റ് ചെയ്യുന്നില്ല.. ധനമന്ത്രാലയം പറയുന്നു ഇത് ദാ… ഇപ്പോ പൊട്ടി വീണ പ്രതിസന്ധി.. മ്മ്‌ടെ ഉല്‍സവോക്കെ കാരണം പെട്ടെന്നുണ്ടായത്.. ദാ ചെറിയേ സ്പാനര്‍ ഇങ്ങെടുത്തേ….ഇപ്പാ ശരിയാക്കിത്തരാന്ന്…പോയി നോട്ടടിച്ചു കൂട്ടടേ എന്ന് പട്ടേലരോടും കൂട്ടരോടും… പണ്ടൊക്കെ നോട്ടടിക്കുന്നതിനൊക്കെ ഒരു കണക്കും കാര്യവുമൊക്കെ ഉണ്ടായിരുന്നു.
രാജ്യത്തെ കറന്‍സി ആവശ്യം, വിദേശ കറന്‍സി-സ്വര്‍ണ്ണ ശേഖരം, ഉപയോഗ യോഗ്യമല്ലാത്ത നോട്ടുകള്‍ തുടങ്ങി പല ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നോട്ടടിക്കുന്ന നടപടികള്‍ നടന്നിരുന്നത്. മുന്‍പൊക്കെ ഇക്കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് , നാട്ടുകാരെക്കൊണ്ട് പറയിക്കാതെ കേന്ദ്രബാങ്ക് ചെയ്തിരുന്നു. അതിനൊക്കെ അപവാദമായ കാര്യങ്ങളാണ് നിലവില്‍ രാജ്യത്ത് നടക്കുന്നത്.
നിലവിലെ കറന്‍സി ക്ഷാമം മുന്‍കൂട്ടി കാണാനോ, ആവശ്യമായ നോട്ടുകള്‍ അടിക്കാനോ കഴിഞ്ഞില്ലെന്നത് ഗുരുതരമായ കൃത്യവിലോപം തന്നെ. ഡോ രഘുറാം രാജന്‍ കേന്ദ്രബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹം കിട്ടാക്കടത്തെക്കുറിച്ച് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുദ്ധിപരമായ പല തീരുമാനങ്ങളും എടുത്തിരുന്ന അദ്ദേഹത്തെ വേണ്ടെന്നു വച്ചതിലൂടെ ചരിത്ര പരമായ അബദ്ധമാണ് കേന്ദ്രം ചെയ്തതെന്ന് നൊബൈല്‍ ജേതാവായ റിച്ചാര്‍ഡ് തെയ്‌ലറുടെ വാക്കുകളിലൂടെ വെളിപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നഷ്ടം ,ഞങ്ങളുടെ നേട്ടമെന്ന അദ്ദേഹത്തിന്റെ ട്വിറ്റര്‍ കുറിപ്പ് ഇത് അന്വര്‍ത്ഥമാകുന്നു. മോണിറ്ററി പോളിസി കമ്മറ്റിയെന്ന പ്രസ്ഥാനം കൊണ്ടുവന്ന് ആര്‍ബിഐ യുടെ സ്വാതന്ത്ര്യത്തിന് മൂക്കുകയറിടാന്‍ ശ്രമിച്ചതും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. നോട്ടസാധുവാക്കല്‍ നല്ല ഒരാശയമേയല്ലെന്നും, അത് നല്ലതെന്ന് പറയണമെങ്കില്‍ പുതിയ സാമ്പത്തിക ശാസ്ത്രതത്വങ്ങള്‍ പഠിക്കേണ്ടിവരുമെന്നും പോയവാരം അദ്ദേഹം പറഞ്ഞിരുന്നു.
നോട്ടസാധുവാക്കല്‍ നടത്തിയപ്പോള്‍ ക്യാഷ്‌ലെസ് ഇക്കോണമിയാക്കുമെന്നു പറഞ്ഞത് ഈ വിധത്തിലാകുമെന്ന് കരുതിയില്ല. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലേക്കാവശ്യമുള്ള കറന്‍സി (കറന്‍സി -ജിഡിപി റേഷ്യോ) എത്രയെന്ന് അറിയാന്‍ കഴിയും. അതറിഞ്ഞിട്ടും വേണ്ടത്ര നോട്ടടിക്കാഞ്ഞതിനെ എന്ത് പറയാനാണ് .. കേന്ദ്രബാങ്കിന്റെ സൈറ്റ് പരിശോധിച്ചാല്‍ നിക്ഷേപത്തിലോ, എടിഎം വഴിയുള്ള പിന്‍വലിക്കലിലോ കാര്യമായ കുറവുണ്ടായിട്ടില്ല. ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുമില്ല. കറന്‍സി -ജിഡിപി റേഷ്യോ ഏകദേശം 10.8-10.9% എന്ന് കണക്കാക്കിയാല്‍ പോലും രാജ്യത്ത് 1,50000 കോടി രൂപയുടെ കുറവുണ്ടെന്ന് മനസിലാക്കാം. അത്രയും വലിയൊരു കുറവ് മനസിലാക്കി തത്തുല്യമായ കറന്‍സി വിപണിയിലെത്തിക്കാതിരുന്നത് ആരുടെ കുറ്റമാണ്..കുറ്റകരമായ മൗനത്തിനും, കൃത്യ വിലോപത്തിനും ശേഷം 24 മണിക്കൂര്‍ ഷിഫ്റ്റില്‍ 5 ഇരട്ടി 500 നോട്ടുകള്‍ (70,000 കോടിക്ക് തത്തുല്യമായവ) അച്ചടിക്കാനും ആര്‍ബിഐ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.
വിപണിയില്‍ വന്ന 2000 രൂപയില്‍ നല്ലൊരു പങ്കും കാണുന്നില്ലെന്നാണ് മറ്റൊരു കംപ്ലെയിന്റ്. ഇനി അതുകേട്ട് അതിനു കൂടി വേണ്ട നോട്ടുകളച്ചടിച്ചാല്‍ പുറത്തു നിന്നു വന്നിരുന്ന കള്ളനോട്ടിന്റെ എണ്ണം കൂടി റിസര്‍വ് ബാങ്ക് അടിച്ച്, രൂപയ്ക്ക് മൂല്യമില്ലാതാകുന്ന അവസ്ഥയാകുമോയെന്നും സംശയമുണ്ട്..കാരണം കണക്കും , ആവശ്യവുമൊക്കെ അറിയുമായിരുന്നെങ്കില്‍ ഇക്കണ്ട പ്രതിസന്ധികളുണ്ടാവില്ലായിരുന്നല്ലോ ..
വാല്‍ക്കഷ്ണം – ഇപ്പ ശരിയാക്കിത്തരാന്ന് എപ്പോഴും പറയണമെന്നില്ല…ശരിയാക്കിത്തന്നാ മതി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here